ബേലാ താറിന് ഐഎഫ്എഫ്‌കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം

Update: 2022-11-29 16:00 GMT

തിരുവനന്തപുരം: 27ാമത് ഐഎഫ്എഫ്‌കെയുടെ ഭാഗമായുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹംഗേറിയന്‍ സംവിധായകനായ ബേലാ താറിന്. 10 ലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. ആദ്യമായി ഇന്ത്യയിലെത്തുന്ന ബേലാ താറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ബേലാ താറിന്റെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളായ ദ ട്യൂറിന്‍ ഹോഴ്‌സ്, വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനുഷിക പ്രശ്‌നങ്ങളെ ദാര്‍ശനികമായി സമീപിക്കുന്നതാണ് ബേല താറിന്റെ ചിത്രങ്ങള്‍.

ദാര്‍ദന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെല്‍ജിയം ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണ് മേളയില്‍ നടക്കുക. അന്താരാഷ്ട്ര മല്‍സര വിഭാഗത്തില്‍ 14 സിനിമകളും മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. പ്രശസ്ത സംവിധായകരുടെ പ്രത്യേക പാക്കേജുകളും മേളയുടെ മുഖ്യ ആകര്‍ഷണമാണ്.

ജി അരവിന്ദന്റെ തമ്പ്, അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം തുടങ്ങിയ ചിത്രങ്ങളും പ്രത്യേകമായി മേളയില്‍ പ്രദര്‍ശിപ്പിക്കും. കാമറയെ സമരായുധമാക്കി അവകാശ പോരാട്ടം നടത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഇറാനിയന്‍ ചലച്ചിത്രകാരി മഹ്‌നാസ് മുഹമ്മദിക്ക് സമ്മാനിക്കും. 70 രാജ്യങ്ങളില്‍ നിന്നുള്ള 184 സിനിമകളാണ് ഇത്തവണ മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഡിസംബര്‍ ഒമ്പത് മുതല്‍ 16 വരെയാണ് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ നടക്കുക.

Tags:    

Similar News