'അടിസ്ഥാന പഠനം ഉള്‍ക്കാഴ്ചയോടെ ഉള്ള യാത്ര' ; പുസ്തകം പ്രകാശനം ചെയ്തു

സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന ചടങ്ങില്‍ ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം ചെയര്‍മാന്‍ വേണുഗോപാല്‍ സി ഗോവിന്ദ് പുസ്തക പ്രകാശനം നിര്‍വഹിച്ചു.ഭവന്‍സ് നേഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജ് കോര്‍ഡിനേറ്റര്‍ കെ പി ഉമാദേവി, ഫാക്കല്‍റ്റികളായ ജോളി എലിസബത്ത്, മീന കെ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയത്

Update: 2022-02-02 13:06 GMT

കൊച്ചി: ഭവന്‍സ് നേഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജ് കോര്‍ഡിനേറ്റര്‍ കെ പി ഉമാദേവി, ഫാക്കല്‍റ്റികളായ ജോളി എലിസബത്ത്, മീന കെ എന്നിവര്‍ ചേര്‍ന്ന് എഴുതി തയ്യാറാക്കിയ 'Foundational Learning- An Insightful Journey' ( അടിസ്ഥാന പഠനം ഉള്‍ക്കാഴ്ചയോടെ ഉള്ള യാത്ര ) എന്ന പുസ്തകം പ്രകാശനം ചെയ്തു.സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന ചടങ്ങില്‍ ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം ചെയര്‍മാന്‍ വേണുഗോപാല്‍ സി ഗോവിന്ദ് പുസ്തക പ്രകാശനം നിര്‍വഹിച്ചു.


 Foundational Learning - An Insightful Journey ( അടിസ്ഥാന പഠനം ഉള്‍ക്കാഴ്ചയോടെയുള്ള യാത്ര ) ഒരു സാധാരണ പുസ്തകം അല്ലെന്നും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും രൂപീകരണവര്‍ഷങ്ങളില്‍ ഒരു കുട്ടിയുടെ ജീവിതത്തില്‍ ഇടപെടുന്ന ഏതൊരു വ്യക്തിയ്ക്കും സഹായകമാകുന്ന ഒന്നാണെന്നും വേണുഗോപാല്‍ സി ഗോവിന്ദ് പറഞ്ഞു.ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തെ കുറിച്ചും പരിചരണത്തെ കുറിച്ചും അറിയേണ്ടുന്നതായ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നതിനാല്‍, ഇന്നത്തെ ലോകസാഹചര്യങ്ങളില്‍ ഈ പുസ്തകത്തിന് ഏറെ പ്രാധാന്യമുണ്ട്.ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ അഞ്ചുവര്‍ഷം പരിശീലിപ്പിക്കാനും പഠിപ്പിക്കുവാനും വളരെ എളുപ്പമാണ് എന്നിരിക്കെ, ഒരു മികച്ച പരിശീലകനാകാന്‍ ഈ പുസ്തകം തീര്‍ച്ചയായും നമ്മെ സഹായിക്കുമെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

ഹൈദരാബാദ് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് പ്രൊഫസര്‍ കാവില്‍ രാമചന്ദ്രന്‍, എസ് ബി ഐ മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ടി. കേശവ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഭവന്‍സ് ഡയറക്ടര്‍ ഇ രാമന്‍കുട്ടിയും ചടങ്ങില്‍ പങ്കെടുത്തു. ബി എന്‍ ടി ടി സി കോര്‍ഡിനേറ്റര്‍ കെ പി ഉമാദേവി പുസ്തക പരിചയം നടത്തി.വിദ്യാഭ്യാസത്തിന്റെ തത്വങ്ങളും, സമീപനങ്ങളും പ്രതിപാദിക്കുന്ന ആദ്യ വിഭാഗത്തില്‍ ഒരു കുട്ടിയുടെ മൂന്ന് മുതല്‍ എട്ട് വയസ്സ് വരെയുള്ള അടിസ്ഥാനഘടന ത്തിന്റെ പ്രാധാന്യവും, ലക്ഷ്യങ്ങളും, അതിലുപരി ഈ രൂപീകരണ കാലഘട്ടത്തില്‍ അധ്യാപകരുടെയും മാതാപിതാക്കളുടേയും പങ്കും കെ പി ഉമാദേവി വിശകലനം ചെയ്തിട്ടുണ്ട്. അധ്യാപനത്തിലെ തന്ത്രങ്ങളും വിവിധ രീതികളും സമീപനങ്ങളും രചയിതാവ് പരിശോധിച്ചു വിശദമാക്കിയിട്ടുണ്ടെന്ന് കെ പി ഉമാദേവി പറഞ്ഞു.

ജോളി എലിസബത്ത് രചിച്ച രണ്ടാം വിഭാഗം ശിശുവികസനം,ആരോഗ്യം പോഷകാഹാരം എന്നീ വിഷയങ്ങള്‍ അവലോകനം ചെയ്ത് ആരംഭിച്ചിരിക്കുന്നു. ഒരാള്‍ കഴിക്കുന്ന ഭക്ഷണത്തിലെ തികവുറ്റ പോഷകാഹാരം എന്താണെന്ന് പൂര്‍ണമായും വിശദമായും മനസ്സിലാക്കാന്‍ ഈ വിഭാഗം സഹായിക്കുന്നു. പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങളും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ഈ വിഭാഗത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

ഇന്‍ ക്ലൂസീവ്എഡ്യൂക്കേഷന്‍ ( ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം) എന്ന അവസാന വിഭാഗത്തില്‍ കെ. മീന 'സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ' എന്താണെന്നും, എല്ലാത്തരം കുട്ടികളുടെയും ആവശ്യങ്ങള്‍ സ്‌കൂളുകള്‍ക്ക് എങ്ങനെ അംഗീകരിക്കുകയും നിറവേറ്റുകയും ചെയ്യാം എന്നതിനെക്കുറിച്ചുമുള്ള ഉള്‍ക്കാഴ്ച നല്‍കുന്നു. വ്യത്യസ്തരായ കുട്ടികളെ ഒരു സാധാരണ ക്ലാസ്മുറിയില്‍ എങ്ങനെ തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യാം എന്നും ഈ വിഭാഗം വ്യക്തമാക്കുന്നുവെന്നും കെ പി ഉമാദേവി പറഞ്ഞു.

Tags: