'നക്ഷത്രങ്ങള്‍ കരയാറില്ല'; ബിലാല്‍ ഇബ്‌നു റബ്ബാഹിന്റെ ജീവിതം പറയുന്ന ഡോക്യൂഡ്രാമ വീണ്ടും പ്രേക്ഷകരിലേക്ക്

Update: 2021-07-18 15:52 GMT

ദോഹ: പ്രതിസന്ധികളെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് അതിജയിച്ച്, മാനവരാശിക്ക് സമത്വത്തിന്റെയും വിമോചനത്തിന്റെയും വിസ്മയ ചരിത്രം നല്‍കിയ പ്രവാചകാനുചരന്‍ ബിലാല്‍ ഇബ്‌നു റബ്ബാഹിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ 'നക്ഷത്രങ്ങള്‍ കരയാറില്ല' ഡോക്യൂഡ്രാമ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. ബലിപെരുന്നാളിനോട് അനുബന്ധിച്ച് യൂത്ത്‌ഫോറം ഖത്തറും തനിമ ഖത്തറും സംയുക്തമായാണ് ഡോക്യൂഡ്രാമ പുനരാവിഷ്‌കരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 21നു ഖത്തര്‍ സമയം വൈകീട്ട് ഏഴിനു യൂത്ത് ഫോറത്തിന്റെയും തനിമയുടെയും യൂട്യൂബ്, ഫേസ്ബുക് പേജുകളിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യും.

    മൂന്ന് വേദികളിലായി അറേബ്യന്‍ പാരമ്പര്യത്തിന്റെയും അടിമത്തത്തിനെതിരായ അതിജീവനത്തിന്റെയും രംഗങ്ങള്‍ പകര്‍ത്തിയ ഡോക്യൂ ഡ്രാമയില്‍ ദോഹയിലെ പ്രവാസി മലയാളികളായ അമ്പതിലധികം കലാകാരന്മാരാണ് അഭിനയിച്ചത്. കൂടാതെ നാടക സംഗീത സിനിമാ പ്രവത്തകരും അവതരണത്തിന് മിഴിവേകുന്നതില്‍ കൈകോര്‍ത്തു. ജമീല്‍ അഹമ്മദ്, പി ടി അബ്ദു റഹ്മാന്‍, കാനേഷ് പൂനൂര്‍, ഖാലിദ് കല്ലൂര്‍ എന്നിവരുടെ വരികള്‍ക്ക് ഷിബിലി, അമീന്‍ യാസിര്‍, അന്‍ഷദ് എന്നിവര്‍ സംഗീതം നല്‍കി, പ്രമുഖ ഗായകരായ അന്‍വര്‍ സാദാത്ത്, അരുണ്‍ കുമാര്‍, അന്‍ഷദ്, നിസ്താര്‍ ഗുരുവായൂര്‍ എന്നിവര്‍ ആലപിച്ച ഡോക്യൂ ഡ്രാമയിലെ ഒമ്പതോളം ഗാനങ്ങള്‍ ദൃശ്യങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. സിംഫണി ദോഹ നിര്‍വഹിച്ച ശബ്ദവും വെളിച്ചവും നാടകത്തിന്റെ മാറ്റുകൂട്ടുന്നതില്‍ വലിയ പങ്ക് വഹിച്ചു.

    അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മൈതാനിയില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രേക്ഷകരുടെ മനം നിറച്ചാണ് ഒരു കാലഘട്ടത്തിന്റെ കഥപറഞ്ഞ നാടകത്തിനു തിരശ്ശീല വീണത്. ഒരു പതിറ്റാണ്ടിനു ശേഷം അതേനാടകം വീണ്ടും പ്രേഷകരിലേക്ക് എത്തുമ്പോള്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ഡോ. സല്‍മാന്‍, സാലിം വേളം എന്നിവര്‍ ചേര്‍ന്നാണ്. ഒരിക്കല്‍ക്കൂടി കാണുവാന്‍ പ്രേക്ഷകര്‍ കൊതിച്ചിരുന്ന ഡോക്യൂഡ്രാമയുടെ ആദ്യത്തെ രംഗദൃശ്യങ്ങളോടൊപ്പം പുതിയ വിഷ്വലുകള്‍ കൂടി ഒരുക്കിയാണ് ഇത്തവണ ഓണ്‍ലൈനിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. ബലിപെരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 21നു കുടുംബ പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

    റേഡിയോ എഫ്. എം 98.6 മീഡിയാ പാര്‍ട്ണറാവുന്ന പരിപാടി സിറ്റി എക്‌സ്‌ചേഞ്ച്, ഓട്ടോ ഫാസ്റ്റ് ട്രാക്ക്, ബ്രാഡ്മാ ഗ്രൂപ്പ്, അയാം സര്‍വീസസ്, സ്‌കെച് അഡ്വെര്‍ടൈസ്‌മെന്റ എന്നിവര്‍ ചേര്‍ന്നാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് ഫോറം പ്രസിഡന്റ് എസ് എസ് മുസ്തഫ, തനിമ ഖത്തര്‍ സെക്രട്ടറി യൂസുഫ് പുലാപ്പറ്റ, റേഡിയോ എഫ്.എം 98.6 സിഇഒ അന്‍വര്‍ ഹുസയ്ന്‍, ഡോക്യൂ ഡ്രാമ ഡയറക്ടര്‍ ഉസ്മാന്‍ മാരാത്ത്, യൂത്ത് ഫോറം കലാ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഡോ. സല്‍മാന്‍ പങ്കെടുത്തു.

Docudrama about the life of Bilal Ibn Rabbah is back in the audience

Tags:    

Similar News