പേര് പോലെ വ്യത്യസ്തം ഈ കഥകള്‍

മനുഷ്യന്‍ എന്ന വാക്കിനെ പൂര്‍ണതയില്‍ എത്തിക്കുന്നത് ഭാഷയാണ്. ഭാഷയെന്ന കൂരാകൂരുരിട്ടുള്ള കൊടും ചുരത്തിലൂടെ തന്നാലാവും വിധം ധൈര്യം സംഭരിച്ച് സഞ്ചരിക്കുകയാണ് 'കാല്‍പേജ് (1/4) കഥകള്‍' എന്ന കൃതിയിലൂടെ സുവിന്‍ സോമശേഖരന്‍ എന്ന എഴുത്തുകാരന്‍.

Update: 2020-02-15 07:39 GMT

യാസിര്‍ അമീന്‍

'എന്റെ ഭാഷയുടെ പരിധി എന്നത് എന്റെ ലോകത്തിന്റെകൂടി പരിധിയാണ്'- ലുഡ്‌വിങ് വിറ്റ്ജന്‍സ്‌റ്റൈന്‍.

ഭാഷയെ കുറിച്ച് അതീവ ശ്രദ്ധ പുലര്‍ത്തിയ ചിന്തകനാണ് വിറ്റ്ജന്‍സ്‌റ്റൈന്‍. തത്വചിന്തകളിലെ പല ഊരാക്കുരുക്കുകളും ഭാഷയെ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണെന്നാണ് ലുഡ്‌വിങ് വിറ്റ്ജന്‍സ്‌റ്റൈന്റെ പക്ഷം. ഭാഷയുടെ വിഭ്രാത്മകത തീര്‍ത്ത കപടസമസ്യകള്‍ തത്ത്വചിന്തകന്മാരെപോലും ഭരണിയിലെ ശലഭങ്ങളാക്കി എന്ന് അദ്ദേഹം വാദിച്ചു. വിറ്റ്ജന്‍സ്‌റ്റൈന്‍ മാത്രമല്ല, തത്വശാസ്ത്രത്തിന്റെ കാല്‍ഭാഗവും ചര്‍ച്ചചെയ്തത് ഭാഷയെ കുറിച്ചായിരുന്നു. എന്നിട്ടും ഇന്നും മതിയായ ഉത്തരമില്ലാത്ത സമസ്സ്യയാണ് ഭാഷ.

ഭാഷയില്ലാത്തൊരു ലോകം ചിന്തകള്‍ക്കപ്പുറമാണ്. ഭാഷയില്ലെങ്കില്‍ ചിലപ്പോള്‍ മനുഷ്യന്‍ ചിതറിക്കിടക്കുന്ന ഓരോ തുരുത്തുകളായിരിക്കും. ഭാഷയില്ലെങ്കില്‍, ചിന്തകളില്‍ അവന്‍ ഐകൃപെടുന്നുണ്ടെങ്കിലും അതുപോലും തിരിച്ചറിയപ്പെടാതെ ശ്യൂന്യതയില്‍ അലയേണ്ടിവരുമായിരുന്നു. അതിനാല്‍ തന്നെ മനുഷ്യന്‍ എന്ന വാക്കിനെ പൂര്‍ണതയില്‍ എത്തിക്കുന്നത് ഭാഷയാണ്.  ഭാഷയെന്ന കൂരാകൂരുരിട്ടുള്ള കൊടും ചുരത്തിലൂടെ തന്നാലാവും വിധം ധൈര്യം സംഭരിച്ച് സഞ്ചരിക്കുകയാണ്  'കാല്‍പേജ് (1/4) കഥകള്‍' എന്ന കൃതിയിലൂടെ സുവിന്‍ സോമശേഖരന്‍ എന്ന എഴുത്തുകാരന്‍.

നീണ്ട വിവരണങ്ങളോ ലാവണ്യാത്മക കൊഴുപ്പിക്കലോ ഇല്ലാതെ ലളിതമായി ഭാഷകൊണ്ട് ഭാഷയുടെ രാഷ്ട്രീയം പറയുകയാണ് കഥാകാരന്‍. 'പുരുഷ ഭാഷ' എന്ന കഥയില്‍ മലയാള അധ്യാപകനായ സത്യന്‍ മാഷ്, സര്‍ക്കാര്‍ ക്ലര്‍ക്കായ മേനകയെ നോക്കി രാമായണത്തിലെ അയോധ്യകാണ്ഡത്തിന് വള്ളത്തോളെഴുതിയ തര്‍ജമ ചൊല്ലുന്നുണ്ട്. 'ആയിരം മധ്യകുംഭത്താല്‍ മാംസാന്നത്താലുമാസ്ഥയാ, ദേവി പൂജിക്കുവാന്‍ നിന്നെ'. ചെല്ലുന്നതിനിടയില്‍ ചുമട്ടുതൊഴിലാളിയായ സുഗുണന്‍ പറഞ്ഞു 'ചരക്ക്'. ഭാഷയുടെ പൊളിച്ചെഴുത്താണ് ഇവിടെ കഥാകാരന്‍ നടത്തുന്നത്. ഒരവസരത്തില്‍ വിറ്റ്ജന്‍സ്‌റ്റൈന്‍ പറയുന്നുണ്ട് വാക്കുകള്‍ക്ക് തനിയെ അര്‍ഥം നിലനില്‍ക്കുന്നില്ല അവയുടെ ഉപയോഗത്തിലാണ് അര്‍ഥമെന്ന്' അപ്പോള്‍ മലയാള മാഷും സുഗുണനും പറഞ്ഞതിന് ഒരര്‍ഥം തന്നെയാണ്. പക്ഷെ മലയാളിയുടെ പൊതുബോധത്തിന് അത്രപ്പെട്ടെന്ന് മനസ്സിലാവാത്ത ഒരു സംഗതിയാണത്. ചരക്ക് എന്ന പദം മാത്രമെ നാം സ്ത്രീവിരുദ്ധതയായി കാണാറുള്ളു.

വാക്കുകള്‍ക്ക് അര്‍ഥമില്ല, ഉദ്ദേശം (intention) എന്താണോ അതാണ് വാക്കുകളുടെ അര്‍ഥം എന്നാണ്് ഈ കഥയിലൂടെ സുവിന്‍ പറഞ്ഞുവയ്ക്കുന്നത്. 'വേശ്യ, എന്റെ വിശപ്പകറ്റിയവള്‍, കാറ്റിനെ ഓടിതോല്‍പ്പിച്ചവര്‍, മുന്നില്‍ മരങ്ങളോ മനുഷ്യരോ ഒരു തടസ്സങ്ങളും ഇല്ലാത്ത നേര്‍രേഖപോല, പ്രേതം മൂന്നാം നാള്‍ കരക്കടിഞ്ഞപ്പോള്‍ ആ തിളങ്ങുന്ന കണ്ണുകള്‍ മീനുകള്‍ കട്ടെടുത്തത് കുറുക്കനറിഞ്ഞു' ഇങ്ങനെ ഭാഷയുടെ നിരവധി രാഷ്ട്രീയപ്രശ്‌നങ്ങളെ ഭാഷകൊണ്ട് തന്നെ അഴിച്ചെടുക്കുന്ന രീതിയാണ് കഥാകാരന്‍ ഉപയോഗിച്ചിരിക്കുന്നത് അതുകൊണ്ട് മലയാളത്തിന് പുതിയൊരു വായനാനുഭവമാണ് 'കാല്‍പേജ് കഥകള്‍'. ആഖ്യാന രീതി മാത്രമല്ല, പുസ്തകത്തിന്റെ രൂപകല്‍പ്പനയും പാരമ്പര്യ മോഡലുകളെ ഉടയ്ക്കുന്നതാണ്. വായിക്കേണ്ട പുസ്തകം തന്നെയാണ് കാല്‍പേജ് കഥകള്‍. നന്ദി സൂവിന്‍, അഭിനന്ദനാര്‍ഹമായ ഈ പരീക്ഷണം മലയാളത്തില്‍ നടത്തിയത്.





Tags:    

Similar News