എസ്എഫ്‌ഐ മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്ന് സിപിഐ

Update: 2018-07-10 08:04 GMT


കൊച്ചി: മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത എസ്എഫ്‌ഐ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ.  എറണാകുളം മഹാരാജാസിലും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജുകളിലും മറ്റു വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. മറിച്ചുള്ള നിലപാട് വര്‍ഗീയശക്തികള്‍ക്ക് സഹായകരമാകുമെന്നും ചാനലിന്  നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യപരമായ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് കലാലയങ്ങളില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം. അതില്ലാതെ വരുമ്പോള്‍ വര്‍ഗീയ ശക്തികള്‍ കലാലയങ്ങളില്‍ പിടിമുറുക്കും.
വിശാലമനസ്‌കതയോടെ വിദ്യാര്‍ത്ഥി സംഘടനാനേതാക്കള്‍ പ്രവര്‍ത്തിക്കണം. കോളജില്‍ ആധിപത്യമുള്ള സംഘടനകള്‍ മറ്റു വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത രീതി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിപിഐയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കെഎസ്‌യു രംഗത്തെത്തി. കേരളത്തിലെ കലാലയങ്ങളില്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് കെഎസ്‌യു നേതാവ് കെ എം അഭിജിത്ത് ആരോപിച്ചു.

മഹാരാജാസ് കോളജില്‍ കാംപസ് ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടുള്ള എസ്എഫ്‌ഐ നിലപാടാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് എസ്എഫ്‌ഐ വികൃതമാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കവും തുടര്‍ന്നുണ്ടായ സംഘര്‍ഷവുമാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇടതുപക്ഷ മുന്നണിയില്‍ ഉള്‍പ്പെട്ട സിപിഐ തന്നെ എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരേ രംഗത്തു വന്നത് അവരെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
Tags:    

Similar News