ഓഖി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ഫ്‌ലാറ്റ് സമുച്ചയം; ബീമാപ്പള്ളിയിലെ അര്‍ഹതപ്പെട്ടവര്‍ പട്ടികയ്ക്ക് പുറത്ത്

കലക്ടര്‍ക്ക് ഉള്‍പ്പെടെ നിരന്തര പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വീടുനഷ്ടപ്പെട്ട നാലു പേരെ പട്ടികയിലുള്‍പ്പെടുത്തിയത്. എന്നാല്‍, അവസാന നിമിഷം നാലുപേരെയും ഒഴിവാക്കി

Update: 2021-12-28 14:03 GMT

അബ്ദുല്‍ ഹക്കീം ബീമാപ്പള്ളി

ഓഖി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അനുവദിച്ച ഫ്‌ലാറ്റ് സമുച്ചയത്തില്‍ നിന്ന് അര്‍ഹരാവയവര്‍ പുറത്ത്. ബീമാപ്പള്ളി പ്രദേശത്തെ നാലു കുടുംബങ്ങളെയാണ് അവസാന നിമിഷം തഴഞ്ഞത്. തിരുവനന്തപുരം കോര്‍പറേഷനിലെ ബീമാപള്ളി ഈസ്റ്റ് വാര്‍ഡംഗങ്ങള്‍ക്കാണ് ഈ ദുര്‍ഗതി.

2018 നവംബര്‍ 24ലാണ് സംസ്ഥാന സര്‍ക്കാര്‍ ഓഖി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ഫ്‌ലാറ്റ് നിര്‍മ്മിക്കാനായി 74160 ലക്ഷം രൂപ(ഏഴ് കോടി നാല്‍പത്തി ഒന്ന് ലക്ഷത്തി അറുപതിനായിരം) അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഫണ്ട് അനുവദിച്ചത്. ഓഖി ദുരന്തത്തില്‍ പൂര്‍ണമായി വീട് നഷ്ടപ്പെട്ട 72 കുടുംബങ്ങള്‍ക്ക് ഭൂമിയും ഫ്‌ലാറ്റും നല്‍കുന്നതിനാണ് ഫണ്ട് അനുവദിച്ചത്.

കലക്ടര്‍ക്ക് ഉള്‍പ്പെടെ നിരന്തര പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നാലു പേരെ പട്ടികയിലുള്‍പ്പെടുത്തിയത്. എന്നാല്‍, അവസാന നിമിഷം നാലുപേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. പട്ടികയില്‍ നിന്ന് ഒരാളെ തഴഞ്ഞതിന് കാരണമായി പറഞ്ഞത് അവര്‍ക്ക് ഫിഷറീസ് കാര്‍ഡില്ല എന്നതാണ്. കടലെടുത്തത് കാര്‍ഡുള്ളവരെ മാത്രമല്ല. 


 അതേ സമയം, ഒരേ മേല്‍വിലാസത്തില്‍ മൂന്ന് ഫ്‌ലാറ്റുകള്‍ അനുവദിച്ച സംഭവമുണ്ട്. സിപിഐ അനുഭാവിയുടെ കുടുംബത്തിനാണ് ഫ്‌ലാറ്റ് അനുവദിച്ചത്. ദുരിതത്തില്‍ വീട് നഷ്ടപ്പെടാത്തവരാണ് ഇവര്‍. ഇത്തരത്തില്‍ സിപിഎം-സിപിഐ അനുഭാവികള്‍ക്കാണ് കൂടുതലും ഫ്‌ലാറ്റ് അനുവദിച്ചിട്ടുള്ളത്.

അതിനിടെ, വീടു നഷ്ടപ്പെട്ടവരില്‍ നിന്ന് അവരുടെ വസ്തുവിന്റെ പ്രമാണം സര്‍ക്കാര്‍ പ്രതിനിധികള്‍ വാങ്ങിയിരുന്നു. പ്രമാണം വാങ്ങിയവര്‍ക്ക് വീട് ലഭിച്ചില്ലെന്ന് മാത്രമല്ല, ഫ്‌ലാറ്റ് നല്‍കാമെന്ന് പറഞ്ഞ വാങ്ങിയ പ്രമാണവും തിരികെ ലഭിച്ചിട്ടില്ല.

വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടക ലഭിച്ചില്ല

ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസം 3000 രൂപ വീട്ടു വാടക നല്‍കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നസീബ, ലൈല, സൈനബ, ഹസീന എന്നിവര്‍ക്കാണ് വാടക ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇവര്‍ക്ക് വാടക ലഭിച്ചിട്ടില്ല. ചിലര്‍ക്ക് ആദ്യ ഒരു വര്‍ഷം മാത്രമേ വാടക ലഭിച്ചിട്ടുള്ളൂ. ഫിഷറീസ് വകുപ്പിന്റെ പക്ഷപാതപരമായ നിലപാടാണ് ഇതിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നു.

ഓഖി ദുരന്തത്തിനിരയായവര്‍ക്കുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ മറ്റുള്ളവരെ കുടിയിരുത്തി

ഓഖി ദുരന്തത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്കാണ് വീട് അനുവദിക്കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ കൃത്യമായി പറയുന്നുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കേ ആണ് വീട് നഷ്ടപ്പെടാത്തവര്‍ക്കും പദ്ധതിയില്‍ ഫ്‌ലാറ്റ് അനുവദിച്ചത്.

അതേ സമയം, വീട് നഷ്ടപ്പെടാതിരുന്നവര്‍ക്കും വീട്ട് വാടകയും പിന്നീട് ഫ്‌ലാറ്റും ലഭിച്ചു. ഇങ്ങനെ അനധികൃതമായി നിരവധി കുടുംബങ്ങള്‍ക്കാണ് വാടക ലഭിച്ചത്. ഫിഷറീസ് വകുപ്പാണ് വാടക ഉള്‍പ്പെടെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ടത്. ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഇടപെടലിലാണ് ഈ ഫണ്ട് വകമാറ്റല്‍ നടന്നതെന്നാണ് ആക്ഷേപം. 


 ഫ്‌ലാറ്റ് ലഭിച്ചതില്‍ വീട് നഷ്ടപ്പെടാത്തവരും

ബീമാപ്പള്ളി ഈസ്റ്റ് വാര്‍ഡില്‍ 24 ഫ്‌ലാറ്റുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ തിരുമാനിച്ചത്. എന്നാല്‍ 20 ഫ്‌ലാറ്റുകള്‍ മാത്രമാണ് ഇവിടെ നിര്‍മിച്ചത്. നാലു വീടുകള്‍ പ്രദേശവാസികള്‍ക്ക് നഷ്ടമായി. വീട് ലഭിക്കാത്തവര്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചപ്പോള്‍, പ്രദേശത്തെ സിപിഎം-സിപിഐ നേതാക്കള്‍ ഇടപെട്ട് വീട് നല്‍കുമെന്ന് ഉറപ്പു നല്‍കി പിന്‍തിരിപ്പിക്കുകയായിരുന്നു. എന്നാല്‍ പ്രക്ഷോഭ പരിപാടികളില്‍ നിന്ന് പ്രദേശവാസികളെ തടയാനുള്ള തന്ത്രം മാത്രമായിരുന്നു ഇതെന്ന് പരാതിക്കാര്‍ക്ക് പറയുന്നു.


Tags:    

Similar News