പ്രളയത്തില്‍ നിന്ന് കരകയറുമ്പോള്‍ ബാങ്കുകളുടെ ജപ്തി നോട്ടീസ്; കൂട്ടിയ്ക്കല്‍ കൊക്കയാര്‍ പ്രദേശവാസികള്‍ സമരത്തിലേക്ക്

പ്രളയ ബാധിതരുടെ അതിജീവന കൂട്ടായ്മയാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്

Update: 2022-05-29 15:26 GMT

ഷിഹാബ് കൂട്ടിയ്ക്കല്‍

കോട്ടയം: പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം മേഖലയിലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി ബാങ്കുകളുടെ ജപ്തി നോട്ടീസ്. കേരള ബാങ്ക് അടക്കമുള്ള ബാങ്കുകളുടെ ജപ്തി നോട്ടീസാണ് വീടുകളില്‍ പതിച്ചിരിക്കുന്നത്. അതിതീവ്ര മഴയിലും ഉരുള്‍പൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ട മലയോര മേഖലയിലെ ജനങ്ങള്‍ക്ക് മേലാണ് അധികൃതരുടെ കണ്ണില്‍ ചോരയില്ലാത്ത നടപടി. വിദ്യാഭ്യാസ വായ്പയായും കാര്‍ഷിക വായ്പയായും ഭവന വായ്പയായും ചെറുകിട സംരംഭ വായ്പയായും നിരവധി പേരാണ് വീടും സ്ഥലവും പണയം വെച്ച് പണം വാങ്ങിയിരിക്കുന്നത്. ഇതാണിപ്പോള്‍ പിഴയും പിഴപ്പലിശയും കൂട്ടുപലിശയും ചേര്‍ന്ന് വന്‍ തുകയായി മാറി ജപ്തി നടപടിയിലേക്ക് എത്തിയത്. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ഇവര്‍ എങ്ങനെ ഈ പണം തിരിച്ചടയ്ക്കും എന്നറിയാതെ വിഷമിക്കുകയാണ്. പുനരധിവാസം പോലും ഇതുവരെയും എങ്ങുമെത്തിയിട്ടില്ല.

ഏന്തയാര്‍ വള്ളക്കാട് ദാമോദരനും ഭാര്യ വിജയമ്മയും ചേര്‍ന്ന് വീടുപണിക്കായി 2012ല്‍ എടുത്ത ആറ് ലക്ഷം രൂപ ഇപ്പോള്‍ 17 ലക്ഷം രൂപയായി. ഹൃദ്‌രോഗിയായ ദാമോദരനോടും കുടുംബത്തോടും മാര്‍ച്ച് 31നു മുമ്പ് പണം അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. ഏന്തയാര്‍ കൊടുങ്ങ സ്വദേശി കെജി ഗംഗാധരന്റെ അവസ്ഥയും ഇതുതന്നെയാണ്. ചികിത്സക്കായി വായ്പ എടുത്ത ഗംഗാധരന്റെയും ഭാര്യയുടെയും പേരിലുള്ള അഞ്ച് ലക്ഷം രൂപ ഇപ്പോള്‍ 9 ലക്ഷം ആയി. ഇത്തരത്തില്‍ നിരവധി കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള ബാങ്കും ഇത്തരത്തില്‍ ജപ്തി നോട്ടീസുകള്‍ പതിച്ചതാണ് നാട്ടുകാരെ കൂടുതല്‍ ഉത്കണ്ഠപ്പെടുയിരിക്കുന്നത്. പ്രളയ ബാധിതരുടെ ബാങ്ക് വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, പ്രളയക്കെടുതിമൂലം തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാളെ കൂട്ടിയ്ക്കല്‍ ചപ്പാത്തില്‍ പ്രതിഷേധ സംഗമം നടക്കുകയാണ്. പ്രളയ ബാധിതരുടെ അതിജീവന കൂട്ടായ്മയാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. കൂട്ടിയ്ക്കല്‍, കൊക്കയാര്‍, മുണ്ടക്കയം പ്രദേശങ്ങളിലെ പ്രളയബാധിതരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

നേരത്തെയും നിരവധി പ്രതിഷേധ പരിപാടികള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, ജില്ലാ ഭരണകൂടമോ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബാങ്കുകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആന്റോ ആന്റണി എംപി ആവിശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് എംപി മുഖ്യമന്ത്രി്ക്കും റവന്യൂ മന്ത്രിക്കും കത്തു നല്‍കുകയും ചെയ്തു. 

Tags:    

Similar News