ഡാമുകളുടെ സുരക്ഷ: കേന്ദ്ര ജലകമ്മീഷന്‍ കേരളത്തിലേക്ക്

Update: 2018-09-20 09:30 GMT


ദില്ലി: പ്രളയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഡാമുകളുടെ സുരക്ഷ വിലയിരുത്താന്‍ കേന്ദ്ര ജലകമ്മീഷന്‍ സംഘം അടുത്തയാഴ്ച കേരളത്തിലെത്തും. ലോകബാങ്ക് പ്രതിനിധികളും സംഘത്തിലുണ്ടാകും. പ്രളയസാധ്യത മുന്നില്‍ കണ്ടുള്ള പുതിയ ചട്ടങ്ങള്‍ രൂപീകരിക്കുന്നതാവും പ്രധാന ചര്‍ച്ച.

കേരളത്തിലെ ഡാമുകളില്‍ നിന്ന് പുറത്തേക്കൊഴുക്കിയ ജലമല്ല പ്രളയത്തിനിടയാക്കിയതെന്ന ജലകമ്മീഷന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം, ഡാമുകളില്‍ പ്രളയസാധ്യത കണക്കിലെടുത്തുള്ള ചട്ടം അഥവാ റൂള്‍ കര്‍വ് ടൂളിന്റെ അഭാവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സൂചന നല്കിയിരുന്നു.

കേന്ദ്ര സംഘം എത്തുമ്പോള്‍ പ്രധാന ചര്‍ച്ച ഇതുമായി ബന്ധപ്പെട്ട ചട്ടരൂപീകരണത്തെക്കുറിച്ചാവും. ബുധനാഴ്ച കേരളത്തിലെത്തുന്ന സംഘം വൈദ്യുതി ബോര്‍ഡിലെയും ജലവിഭവ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും

ഡാമുകളുടെ സുരക്ഷയ്ക്ക് ഇന്നലെ 3,466 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കിയിരുന്നു. 2626 കോടി ലോകബാങ്കാണ് നല്‍കുന്നത്. ഇതില്‍ കേരളത്തിലെ 28 ഡാമുകള്‍ക്കായി 514 കോടി ചെലവിടുമെന്ന സൂചനയാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
Tags: