സാങ്കേതിക കോഴ്‌സുകള്‍ക്ക് കേരളത്തില്‍ കുതിച്ചുചാട്ടം; പ്രവേശനം 72 ശതമാനമായി ഉയര്‍ന്നു

Update: 2026-02-28 08:29 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സാങ്കേതിക കോഴ്‌സുകളിലേക്കുള്ള വിദ്യാര്‍ഥികളുടെ സ്വീകാര്യത ഗണ്യമായി ഉയര്‍ന്നതായി റിപോര്‍ട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ സര്‍വകലാശാലകളില്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലെ പ്രവേശനനിരക്കില്‍ ശ്രദ്ധേയമായ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എഞ്ചിനീയറിംഗ് അനുബന്ധ കോഴ്‌സുകളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള എപിജെ അബ്ദുല്‍ കലാം സര്‍വകലാശാലയില്‍ ഈ മാറ്റം കൂടുതല്‍ വ്യക്തമാണ്. 2021-22ല്‍ 55 ശതമാനമായിരുന്ന മൊത്തം പ്രവേശനം 2025-26ല്‍ 72 ശതമാനമായി ഉയര്‍ന്നു. ആകെ പ്രവേശനം 30,907ല്‍ നിന്ന് 49,110 ആയി വര്‍ധിച്ചു. അംഗീകൃത സീറ്റുകള്‍ 67,974 ആയി ഉയര്‍ന്നിട്ടും ഒഴിവ് സീറ്റുകള്‍ ഗണ്യമായി കുറഞ്ഞു. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തോടുള്ള താല്‍പര്യം തുടര്‍ച്ചയായി ഉയരുന്നതും ശ്രദ്ധേയമാണ്. മറ്റു സര്‍വ്വകലാശാലകളിലും സമാന പ്രവണതയാണ്. കുസാറ്റില്‍ എഞ്ചിനീയറിംഗ് പ്രവേശനം 1,530ല്‍ നിന്ന് 1,656 ആയി ഉയര്‍ന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ 218ല്‍ നിന്ന് 263 ആയി വര്‍ധിച്ചു. കേരള സര്‍വകലാശാലയിലും പ്രവേശനനിരക്കില്‍ വര്‍ധന രേഖപ്പെടുത്തി.

പോളിടെക്‌നിക് മേഖലയില്‍ ആകെ പ്രവേശനം 30,780ല്‍ നിന്ന് 34,783 ആയി ഉയര്‍ന്നു. റെഗുലര്‍ ഡിപ്ലോമയും ലാറ്ററല്‍ എന്‍ട്രി വഴിയുള്ള പ്രവേശനവും ഗണ്യമായി വര്‍ധിച്ചു. ബി ആര്‍ക്ക്, ബിഎച്ച്എംസിടി, ബി ഡിസൈന്‍ കോഴ്‌സുകളിലും മികച്ച പ്രതികരണമാണ്. ബിസിഎ കോഴ്‌സുകളില്‍ പ്രവേശനം 347ല്‍ നിന്ന് 744 ആയി ഇരട്ടിയിലധികം വര്‍ധിച്ചതും ബിബിഎ കോഴ്‌സുകളിലും വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയതുമാണ്.

കരിക്കുലം പരിഷ്‌കാരങ്ങളാണ് മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകം. പ്രോജക്ട് അധിഷ്ഠിത പഠനം, ഒരു വര്‍ഷം വരെ നീളുന്ന ഇന്റേണ്‍ഷിപ്പുകള്‍, നാസ്‌കോമുമായി ചേര്‍ന്നുള്ള നൈപുണ്യ വികസന മോഡ്യൂളുകള്‍ എന്നിവ പുതുക്കിയ സിലബസില്‍ ഉള്‍പ്പെടുത്തി. ക്യാമ്പസുകളില്‍ 500ലധികം ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കുകയും ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം വഴി തൊഴില്‍പരിശീലനം ശക്തിപ്പെടുത്തുകയും ചെയ്തതോടെ ഈ മേഖലയിലെ വളര്‍ച്ച വേഗം പിടിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

Tags: