ഇന്ത്യന്‍ ആര്‍മിയിലും നേവിയിലും റിക്രൂട്ട്‌മെന്റ്

Update: 2026-01-14 07:51 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മിയുടെ ടെക്‌നിക്കല്‍ വിഭാഗങ്ങളിലേക്കുള്ള 67ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ റിക്രൂട്ട്‌മെന്റിന് എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ആകെ 381 ഒഴിവുകളാണുള്ളത്. ഇതില്‍ 350 എണ്ണം പുരുഷന്മാര്‍ക്കും 31 എണ്ണം വനിതകള്‍ക്കുമാണ്. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. 2026 ഒക്ടോബറിലാണ് പരിശീലനം ആരംഭിക്കുക. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലെഫ്റ്റനന്റ് പദവിയില്‍ നിയമനം നല്‍കും.

പുരുഷ അപേക്ഷകര്‍ക്ക് ഫെബ്രുവരി അഞ്ചുവരെയും വനിതാ അപേക്ഷകര്‍ക്ക് ഫെബ്രുവരി നാലുവരെയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സര്‍വീസിനിടെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്കുള്ള പ്രത്യേക ഒഴിവുകളിലേക്ക് തപാല്‍ മുഖേന അപേക്ഷിക്കണം. ഇതിന് ഫെബ്രുവരി 19 ആണ് അവസാന തിയ്യതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in

അതേസമയം, ഇന്ത്യന്‍ നേവിയില്‍ ഓഫീസര്‍ തസ്തികകളിലേക്കുള്ള പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ അടിസ്ഥാനത്തിലാണ് നിയമനം. എക്‌സിക്യൂട്ടീവ്, എജുക്കേഷന്‍, ടെക്‌നിക്കല്‍ ബ്രാഞ്ചുകളിലായി ആകെ 260 ഒഴിവുകളുണ്ട്. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പരിശീലന കോഴ്‌സുകള്‍ 2027 ജനുവരിയില്‍ ഏഴിമല നാവിക അക്കാദമിയില്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 24 ആണ്.

Tags: