അഗ്‌നിപഥ്: നാല് ദിവസത്തിനുള്ളില്‍ വ്യോമസേനയ്ക്ക് ലഭിച്ചത് 94,000 അപേക്ഷകള്‍

Update: 2022-06-27 17:27 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് സ്‌കീമിന് കീഴില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് (ഐഎഎഫ്) നാല് ദിവസത്തിനുള്ളില്‍ ലഭിച്ചത് 98,281 അപേക്ഷകള്‍. വെള്ളിയാഴ്ചയാണ് പദ്ധതിക്കായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. ആകെ 94,281 അഗ്‌നിവീര്‍ വായുസേന ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച രാവിലെ 10:30 വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ജൂലൈ 5 ന് അവസാനിക്കും- പ്രതിരോധ മന്ത്രാലയ വക്താവ് എ ഭരത് ഭൂഷണ്‍ ബാബു ട്വിറ്ററില്‍ കുറിച്ചു.

ഞായറാഴ്ച വരെ പദ്ധതിക്ക് കീഴില്‍ 56,960 അപേക്ഷകളാണ് ഐഎഎഫിന് ലഭിച്ചത്. ഒറ്റദിവസം കൊണ്ടാണ് ഇത്രയും അപേക്ഷകരുടെ എണ്ണം വര്‍ധിച്ചത്. അടുത്തമാസം 24 ന് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. 10ാം ക്ലാസോ പ്ലസ്ടുവോ പാസായവര്‍ക്കാണ് വ്യോമസേനയില്‍ അവസരം. 3,000 പേര്‍ക്കാണ് ഇക്കൊല്ലം അഗ്‌നിവീറുകളായി നിയമനം. 17നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്കാണ് നിയനനം നല്‍കുന്നതെന്നും അവരില്‍ 25 ശതമാനം പേരെ സ്ഥിരസേവനത്തിനായി പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. അഗ്‌നിപഥ് പദ്ധതിയുടെ അറിയിപ്പ് കരസേനയും നല്‍കിയിട്ടുണ്ട്. കരസേന രജിസ്‌ട്രേഷന്‍ അടുത്ത മാസമാണ്.

10ാം ക്ലാസ്, എട്ടാം ക്ലാസ് എന്നിവ പാസായവര്‍ക്കാണ് സേനയില്‍ അഗ്‌നീവീറുകളായി വിവിധ തസ്തികകളില്‍ അവസരം ലഭിക്കുക. 25 ശതമാനം പേര്‍ക്ക് നാല് വര്‍ഷത്തെ സേവനത്തിന് ശേഷം 15 വര്‍ഷം കൂടി തുടരാന്‍ അവസരമുണ്ടാവുമെന്ന് കരസേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

എന്നാല്‍, അഗ്‌നിവീറുകള്‍ക്ക് വിമുക്ത ഭടന്മാരുടെ പദവി, വിമുക്ത ഭടന്‍മാരുടെ ആരോഗ്യപദ്ധതി, ക്യാന്റീന്‍ സൗകര്യം എന്നിവ ഉണ്ടായിരിക്കില്ല. ജൂണ്‍ 16ന് സര്‍ക്കാര്‍ ഈ സ്‌കീമിന് കീഴിലുള്ള റിക്രൂട്ട്‌മെന്റിനുള്ള ഉയര്‍ന്ന പ്രായപരിധി 2022ലെ 21ല്‍ നിന്ന് 23 ആയി ഉയര്‍ത്തി. തുടര്‍ന്ന് കേന്ദ്ര അര്‍ധസൈനിക സേനകളിലെയും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലെയും അഗ്‌നിവീരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതും വിരമിക്കലും പോലുള്ള ഇളവുകളും പ്രഖ്യാപിച്ചു.

ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും 'അഗ്‌നിവീറുകളെ' പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്‌നിപഥ് പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയ സൈനികര്‍ക്ക് സംസ്ഥാന പോലിസ് സേനകളിലേക്കുള്ള പ്രവേശനത്തില്‍ മുന്‍ഗണന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ റിക്രൂട്ട്‌മെന്റ് സ്‌കീമിനെതിരാ. പ്രതിഷേധങ്ങളിലും തീവയ്പ്പിലും ഏര്‍പ്പെട്ടവരെ ഉള്‍പ്പെടുത്തില്ലെന്ന് സായുധസേന വ്യക്തമാക്കിയിട്ടുണ്ട്.

ജൂണ്‍ 14ന് പദ്ധതി പ്രഖ്യാപിച്ച ശേഷം സമാനതകളില്ലാത്ത പ്രതിഷേധത്തിലാണ് ഒരാഴ്ചയോളം രാജ്യം സാക്ഷ്യം വഹിച്ചത്. പല സംസ്ഥാനങ്ങളിലും പ്രതിഷേധം അക്രമാസക്തമാവുകയും ട്രെയിനുകള്‍ വ്യാപകമായി അഗ്നിക്കിരയാക്കുകയും ചെയ്തു. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം രാഷ്ട്രപതിയെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവച്ചു. എന്നാല്‍ പിന്നോട്ടില്ലെന്നുതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

Tags: