എയര്‍ഫോഴ്‌സില്‍ ജോലി ആഗ്രഹിക്കുന്നോ; നിങ്ങള്‍ക്കിതാ സൗജന്യ പരിശീലനം

Update: 2019-01-08 11:16 GMT

പത്തനംതിട്ട: എയര്‍ഫോഴ്‌സില്‍ ജോലി നേടാന്‍ സൗജന്യ പരിശീലന പദ്ധതിയുമായി ജില്ലാ ഭരണകൂടം. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ എയര്‍മെന്‍ ഗ്രൂപ്പ് എക്‌സ്, ഗ്രൂപ്പ് വൈ കാറ്റഗറിയിലേക്ക് നടക്കുന്ന പരീക്ഷയ്ക്ക് ഉദ്യോഗാര്‍ഥികളെ സജ്ജരാക്കാന്‍ പത്തനംതിട്ട ജില്ലാഭരണകൂടവും കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനിയറിങ് കോളജും സംയുക്തമായി സൗജന്യ തീവ്രപരിശീലന പദ്ധതി നടത്തും. വിന്നിങ് സ്റ്റാര്‍-19 എന്ന പേരിലുള്ള പരിശീലന പദ്ധതി പ്രകാരം പരീക്ഷ എഴുതാന്‍ താല്‍പര്യമുള്ള 100 കുട്ടികള്‍ക്ക് വരുന്ന മൂന്നു മാസക്കാലം എല്ലാ വാരാന്ത്യവും മൗണ്ട് സിയോണ്‍ എന്‍ജിനിയറിങ് കോളജില്‍ പരിശീലനം നല്‍കും.

സ്റ്റാര്‍(ഷെഡ്യൂള്‍ഡ് ടെസ്റ്റ് ഫോര്‍ എയര്‍മെന്‍ റിക്രൂട്ട്‌മെന്റ്) എന്ന പേരിലുള്ള പരീക്ഷ മാര്‍ച്ച് മാസത്തിലാണ് എയര്‍ഫോഴ്‌സ് നടത്തുക. സയന്‍സ് വിഭാഗത്തില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള പ്ലസ്ടു പാസായതോ, പഠിക്കുന്നതോ ആയ 17നും 21നും ഇടയില്‍ പ്രായമായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു വരെ സയന്‍സ് വിഭാഗത്തില്‍ പഠിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, റീസണിങ്-ജനറല്‍ അവയെര്‍നെസ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ മുമ്പാകെ പേര് നല്‍കണം.

അപേക്ഷ നല്‍കുന്നവര്‍ക്ക് 11ന് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശീലനം നല്‍കും. 17നും 21നും ഇടയില്‍ പ്രായമുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി 12ന് സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. ടെസ്റ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ 9539525239 എന്ന നമ്പരില്‍ ബന്ധപ്പെടണം.

Tags:    

Similar News