ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം മാര്‍ച്ചോടെ പിഎസ്‌സി നടപ്പാക്കും

ഒന്നിലധികം ആളുകളെ കൊണ്ട് ഒരേ പേപ്പര്‍ മൂല്യനിര്‍ണയം നടത്തി കൃത്യത ഉറപ്പാക്കി വളരെ വേഗം ഫലപ്രഖ്യാപനം നടത്തുവാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകള്‍ക്ക് ഇപ്പോള്‍ കൂടുതലും ഒബ്ജക്ടീവ് പരീക്ഷകളാണ് നടത്തുന്നത്. ഉദ്യോഗാര്‍ഥികളുടെ കാര്യശേഷി പരിശോധിക്കുന്നതിന് വിവരണാത്മക പരീക്ഷകള്‍ കൂടുതല്‍ സഹായകരമായതിനാല്‍ ബിരുദം യോഗ്യതയായുള്ള പരീക്ഷകളെല്ലാം വിവരണാത്മക രീതിയില്‍ നടത്തുന്നതിന് ഈ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ കഴിയും.

Update: 2019-01-05 08:20 GMT

തിരുവനന്തപുരം: ഉയര്‍ന്ന തസ്തികകളിലേക്ക് പിഎസ്‌സി നടത്തുന്ന വിവരണാത്മക പരീക്ഷകളുടെ നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനായി ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം മാര്‍ച്ചോടെ പിഎസ്‌സി നടപ്പാക്കും. ിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസ് സ്‌കാന്‍ ചെയ്ത് സ്‌ക്രീനില്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കും. സ്‌ക്രീനിന്റെ പകുതി ഭാഗത്തായി ചോദ്യവും മറുഭാഗത്തായി ഉത്തരവും ദൃശ്യമാകുന്ന വിധത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതുമൂലം വേഗത്തില്‍ ഇവയുടെ മൂല്യനിര്‍ണയം നടത്തുവാന്‍ കഴിയുമെന്ന് ചെയര്‍മാന്‍ അഡ്വ.എം കെ സക്കീര്‍ പറഞ്ഞു.

ഒന്നിലധികം ആളുകളെ കൊണ്ട് ഒരേ പേപ്പര്‍ മൂല്യനിര്‍ണയം നടത്തി കൃത്യത ഉറപ്പാക്കി വളരെ വേഗം ഫലപ്രഖ്യാപനം നടത്തുവാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകള്‍ക്ക് ഇപ്പോള്‍ കൂടുതലും ഒബ്ജക്ടീവ് പരീക്ഷകളാണ് നടത്തുന്നത്. ഉദ്യോഗാര്‍ഥികളുടെ കാര്യശേഷി പരിശോധിക്കുന്നതിന് വിവരണാത്മക പരീക്ഷകള്‍ കൂടുതല്‍ സഹായകരമായതിനാല്‍ ബിരുദം യോഗ്യതയായുള്ള പരീക്ഷകളെല്ലാം വിവരണാത്മക രീതിയില്‍ നടത്തുന്നതിന് ഈ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ കഴിയും. പ്ലാനിങ് ബോര്‍ഡിലെ ചീഫിന്റെ സെലക്ഷനുള്ള പരീക്ഷയാണ് ആദ്യമായി ഈ സംവിധാനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷിച്ച് വിജയിച്ച ഈ സംവിധാനമാണ് കേരളത്തിലും നടപ്പാക്കുന്നത്. ഇതോടൊപ്പം ഓണ്‍ലൈന്‍ പരീക്ഷാവ്യാപനവും പിഎസ്‌സിയുടെ ലക്ഷ്യമാണ്.

പിഎസ്‌സിയുടെ സ്വന്തം കേന്ദ്രങ്ങളില്‍ ഇപ്പോള്‍ 1700ഓളം പേര്‍ക്ക് ഒരു സമയം ഓണ്‍ലൈന്‍ പരീക്ഷയെഴുതാന്‍ സംവിധാനമുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പിഎസ്‌സിയുടെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളത്. സമീപഭാവിയില്‍ തന്നെ 10000 പേര്‍ക്ക് ഒരു സമയം പരീക്ഷയെഴുതാന്‍ കഴിയുന്ന രീതിയില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.


Tags:    

Similar News