മലയാളം എളുപ്പത്തില്‍ പഠിക്കാം; ഓണ്‍ലൈന്‍ കോഴ്‌സുമായി മലയാളം മിഷന്‍

മലയാളഭാഷയുടെ അടിസ്ഥാനപാഠങ്ങള്‍ ശാസ്ത്രീയമായ തയാറാക്കി പൂര്‍ണമായും ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കുന്ന ആദ്യ കോഴ്‌സിന്റെ പ്രാരംഭഘട്ടം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു.

Update: 2019-01-07 13:58 GMT

തിരുവനന്തപുരം: നിങ്ങള്‍ക്ക് മലയാളം അറിയില്ലേ, ഇതാ ഒരു സന്തോഷവാര്‍ത്ത. മലയാളം തീരെയറിയാത്ത പഠിതാവിനുപോലും സ്വയം പഠിക്കാവുന്ന രീതിയില്‍ ഓപണ്‍ ഓണ്‍ലൈന്‍ കോഴ്‌സുമായി മലയാളം മിഷന്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍. മലയാളഭാഷയുടെ അടിസ്ഥാനപാഠങ്ങള്‍ ശാസ്ത്രീയമായ തയാറാക്കി പൂര്‍ണമായും ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കുന്ന ആദ്യ കോഴ്‌സിന്റെ പ്രാരംഭഘട്ടം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു.

മലയാളം മിഷന്‍- മലയാളം ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിന്റെ ആദ്യഘട്ടമാണ് ഭാഷയുടെ വളര്‍ച്ചയിലെ നിര്‍ണായക നാഴികക്കല്ലിട്ടിരിക്കുന്നത്. ഈ കോഴ്‌സ് തികച്ചും സൗജന്യമാണ്. മലയാളഭാഷയിലെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കുന്ന ഏക ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകൂടിയാണ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ തയാറാക്കിയ മലയാളം മിഷന്റെ കോഴ്‌സ്.

വിവിധ ജീവിതസാഹചര്യങ്ങളില്‍ കഴിയുന്ന, വിവിധ പ്രായത്തിലെ പഠിതാക്കളെ എങ്ങനെ മലയാളഭാഷ പഠിപ്പിക്കാം എന്ന പ്രശ്‌നത്തിന് പരിഹാരമായാണ് ഇത്തരം ഒരു പദ്ധതിയിലേക്ക് എത്തിച്ചേര്‍ന്നത്. മലയാളം മിഷന്റെ പ്രതിമാസ വാര്‍ത്താപത്രികയായ ഭൂമിമലയാളം വാര്‍ത്താപത്രികയുടെ ആദ്യ ലക്കം സാംസ്‌കാരികകാര്യ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് പ്രകാശനം ചെയ്തു.

മലയാളം മിഷന്‍ ഗുജറാത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ബി ഷാജഹാന്‍ വാര്‍ത്താപത്രികയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. തിരുവനന്തപരം പ്രസ് ക്ലബ് ടി എന്‍ ഗോപകുമാര്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫ.സുജ സൂസന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

കേരള സര്‍ക്കാര്‍ -സാംസ്‌കാരിക വകുപ്പിനുകീഴില്‍ കേരളത്തിനു പുറത്തെ ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും മലയാളഭാഷാ പഠനപ്രവര്‍ത്തന പ്രചാരണം നിര്‍വഹിക്കുന്ന സ്ഥാപനമാണ് മലയാളം മിഷന്‍. മലയാളം പഠനകേന്ദ്രങ്ങള്‍ മുഖാന്തരം നടത്തുന്ന പ്രതിവാര ക്ലാസുകളിലൂടെ നിര്‍ദിഷ്ഠ പാഠ്യപദ്ധതി പ്രകാരമാണ് മലയാളം മിഷന്‍ കോഴ്‌സുകള്‍ നടത്തുന്നത്. മലയാളം മിഷന്‍ നിലവില്‍ പിന്തുടരുന്ന ഭാഷാപഠന പാഠ്യപദ്ധതിയില്‍ നാല് കോഴ്‌സുകളാണുള്ളത്.

കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നിങ്ങനെ മലയാളം ആദ്യപാഠം മുതല്‍ പത്താംതരം വരെയുള്ള നിലവാരത്തിലെ കോഴ്‌സുകളാണ് പഠനകേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ളത്. ആറ് മുതല്‍ 60 വയസുവരെയുള്ള 25,000ല്‍ ഏറെ പഠിതാക്കള്‍ മലയാളം മിഷനുകീഴില്‍ മലയാളഭാഷ പഠിക്കുന്നുണ്ട്. മലയാളം മാതൃഭാഷയല്ലാത്ത വിദ്യാര്‍ഥികളും മലയാളം മിഷന്റെ നിലവിലെ പാഠ്യപദ്ധതിക്കുകീഴില്‍ മലയാളഭാഷ പഠിക്കുന്നുണ്ട്. മലയാളി സംഘടനകളുടെ സ്വയംസന്നദ്ധ പ്രവര്‍ത്തനമാണ് മിഷന്റെ അടിത്തറ.


Tags: