ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം, നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ ഭാഷാ പഠനത്തില്‍ മാറ്റത്തിനൊരുങ്ങി സിബിഎസ്ഇ. 2026-27 അധ്യായന വര്‍ഷം മുതല്‍ ആറാം ക്ലാസ് മുതല്‍ മൂന്നു ഭാഷാ പഠനം കര്‍ശനമാക്കും. ഇത് പ്രകാരം 2031ഓടെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ മൂന്നു ഭാഷകളിലും മൂല്യനിര്‍ണ്ണയം നടത്തും. ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷകളും സ്‌കൂളുകള്‍ക്ക് നല്‍കാം. എന്നാല്‍ ഇവയ്‌ക്കൊപ്പം രണ്ട് ഇന്ത്യന്‍ ഭാഷകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
നിലവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ രണ്ടു ഭാഷകളിലാണ് പരീക്ഷ എഴുതുന്നത്. എന്നാല്‍ 2031ഓടെ ഇത് മൂന്നു ഭാഷകളിലായി മാറും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ബംഗാളി തുടങ്ങിയ പ്രാദേശിക ഭാഷകള്‍ക്കായി സിബിഎസ്ഇ പുതിയ പാഠപുസ്തകങ്ങളും പഠന സാമഗ്രികളും തയ്യാറാക്കും. ഈ നീക്കത്തെ സാംസ്‌കാരികമായി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, പ്രായോഗികമായ ചില ബുദ്ധിമുട്ടുകള്‍ അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നു ഭാഷകള്‍ പഠിക്കുന്നത് കുട്ടികളുടെ പഠനഭാരം വര്‍ദ്ധിപ്പിക്കുമെന്നും കണക്ക്, സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ക്കായി ലഭിക്കുന്ന സമയം കുറയ്ക്കുമെന്നും ഗാസിയാബാദ് സെന്റ് തോമസ് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ കുര്യാക്കോസ് വി കെ പറഞ്ഞു.
സംസ്‌കൃതം പോലുള്ള ഭാഷകള്‍ പഠിക്കുന്നത് കൊണ്ട് പ്രായോഗിക ഗുണമില്ലെന്ന് പല മാതാപിതാക്കളും വിശ്വസിക്കുന്നത് സ്‌കൂള്‍ അധികൃതരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതേസമയം, ഇതൊരു വലിയ ഭാരമല്ലെന്ന് ജെ എം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഭാവന കുല്‍ശ്രേഷ്ഠ അഭിപ്രായപ്പെട്ടു. നിലവില്‍ ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ കുട്ടികള്‍ മൂന്നു ഭാഷകള്‍ പഠിക്കുന്നുണ്ട്. അത് ഒന്‍പത്, പത്ത് ക്ലാസുകളിലേക്ക് കൂടി നീട്ടുക മാത്രമാണ് ചെയ്യുന്നത്. വിദേശ ഭാഷകളോടുള്ള അമിത താല്‍പര്യം കുറയ്ക്കാനും പ്രാദേശിക ഭാഷകളിലൂടെ ദേശീയ ഐക്യം വളര്‍ത്താനും ഇത് സഹായിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
