ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നിലവില്‍ മാര്‍ക്കുകളുടെ പുനപരിശോധന നടപടികളാണ് പുരോഗമിക്കുന്നത്.
മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ബോര്‍ഡ് പരീക്ഷകള്‍ പരിഗണിച്ച് ഈ വര്‍ഷം ഫലപ്രഖ്യാപനം സാധാരണയെക്കാള്‍ നേരത്തെയാക്കാനാണ് സാധ്യത. ഫലപ്രഖ്യാപനത്തിനുള്ള കൃത്യമായ തിയ്യതി ബോര്‍ഡ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ മേയ് 13നായിരുന്നു പുറത്തുവിട്ടത്.
ഫലം പ്രസിദ്ധീകരിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, results.cbse.nic.in എന്നിവ വഴി പരിശോധിക്കാം. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനന തിയ്യതി, സെക്യൂരിറ്റി പിന്‍ എന്നിവ നല്‍കിയാല്‍ ഫലം ലഭ്യമാകും. അതോടൊപ്പം ഡിജിലോക്കര്‍, ഉമാങ് എന്നീ ആപ്പുകള്‍ വഴിയും സ്‌കോര്‍കാര്‍ഡ് പരിശോധിക്കാനും പിഡിഎഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കും.