സൗദിയില്‍ വിമാനത്താവളത്തിനു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം, ഒരു മരണം

Update: 2019-06-24 06:32 GMT

അബഹ: സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂഥി ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം. സൗദിയിലെ ജിസാന്‍, അബഹ വിമാനത്താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയെന്ന് ഹൂഥി ചാനലായ അല്‍മാസിറ ടിവി റിപോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ആക്രമണം സ്ഥിരീകരിച്ച് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് പുറത്തുവിട്ടത്. ആക്രമണം നടന്നതായി അറബ് സഖ്യസേനാ വക്താവ് കേണല്‍ അല്‍ മാലിക്കിയും സ്ഥിരീകരിച്ചു.

വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലാണ് ഡ്രോണ്‍ വീണത്. മരിച്ചത് സിറിയന്‍ പൗരനാണെന്നാണ് പ്രഥമിക വിവരം. ഒരു മാസം മുമ്പ് ഹൂഥി വിമതര്‍ ഇതേ വിമാനത്താവളത്തിന് നേരെ നടത്തിയ റോക്കറ്റാക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. സൈനിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഹൂഥികളുടെ മിസൈലുകളും ഡ്രോണുകളും എത്തുന്നത്. ഇറാന്‍ സഹായത്തോടെയാണ് ഹൂഥികള്‍ ആക്രമണം നടത്തുന്നതെന്നാണ് സൗദി ആരോപിക്കുന്നത്. എന്നാലിത് ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. റോയല്‍ സൗദി എയര്‍ ഡിഫന്‍സ് സേനയും വ്യോമസേനയും ചേര്‍ന്നാണ് ഹൂഥികളുടെ വ്യോമാക്രമണങ്ങളെ നേരിടുന്നത്.

Similar News