പ്രധാനമന്ത്രിയുടെ റാലിക്ക് സമീപം ബിജെപി പ്രവര്‍ത്തകര്‍ പോലിസുകാരെ തല്ലിച്ചതച്ചു

Update: 2018-07-17 07:40 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ പന്ത്രണ്ടോളം യൂനിഫോമിലുള്ള പോലിസുകാരെ ബിജെപി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേദിക്കരികിലേക്ക് വാഹനം കടത്തി വിടാത്തതാണ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്.

പ്രസംഗ വേദിക്ക് കുറച്ചകലെ പ്രവര്‍ത്തകര്‍ വന്ന ബസ് പോലിസ് തടഞ്ഞിരുന്നു. ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമെന്നതിനാല്‍ ബസ് അവിടെ നിര്‍ത്തി പരിപാടി നടക്കുന്ന സ്ഥലത്തേക്ക് നടന്നു പോവാന്‍ പോലിസ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ചെരിപ്പ്, വടി തുടങ്ങിയവ ഉപയോഗിച്ച് പോലിസുകാരെ അക്രമിച്ചത്. ഒരു പോലിസുകാരനെ മുടി പിടിച്ച് വലിച്ച് താഴെയിട്ട് ചവിട്ടുകയും ചെയ്തു.

നിരവധി വൊളന്റിയര്‍മാരെയും സംഘം വടികൊണ്ടും മറ്റും ആക്രമിച്ചു. ഏഴ് പോലിസുകാരെ ഖാരക്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍, പോലിസിന് ട്രാഫിക് ശരിയായ രീതിയില്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം ന്യായീകരിച്ചു.
Tags: