തെരുവില്‍ ഉറങ്ങുന്നവരുടെ ദേഹത്തേക്ക് ബിജെപി നേതാവിന്റെ മകന്‍ മദ്യപിച്ച് വാഹനമോടിച്ച് കയറ്റി; രണ്ടു പേര്‍ മരിച്ചു

Update: 2018-09-01 08:12 GMT


ജയ്പൂര്‍: ജയ്പൂരില്‍ അതിവേഗത്തിലെത്തിയ സ്‌പോര്‍ട്‌സ് കാര്‍ തെരുവിലുറങ്ങുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ഇടിച്ചു കയറ്റി. പരിക്കേറ്റ നാലുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേര്‍ പിന്നീട് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മദ്യപിച്ച് വാഹനമോടിച്ച പ്രാദേശിക ബിജെപി നേതാവിന്റെ മകനെ പോലിസ് അറസ്റ്റ് ചെയ്തു.

റോഡരികിലെ നടപ്പാതയില്‍ ഉറങ്ങുകയായിരുന്ന ആളുകളുടെ ദേഹത്തേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഭരത് ഭൂഷണ്‍ മീണ(35) എന്നയാളാണ് വാഹനമോടിച്ചിരുന്നത്. ഇയാളുടെ രക്തപരിശോധനയില്‍ അനുവദനീയമായതിലും ഒമ്പത് ഇരട്ടി മദ്യത്തിന്റെ അംശം കണ്ടെത്തി.

ഭാരതിനോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു. ഗാന്ധി നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഫ്‌ളൈ ഓവറിന് കീഴില്‍ നടപ്പാതയുടെ അരികിലാണ് ആദ്യം വാഹനം ഇടിച്ചത്. തുടര്‍ന്ന് വാഹനത്തിന്റെ വേഗത കൂട്ടിയപ്പോള്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

ബിജെപി കിസാന്‍ മോര്‍ച്ച നേതാവ് ബദ്്‌രി നാരായണ്‍ മീണയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് അപകടത്തിനിടയാക്കിയ വാഹനം. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയുടെ ഗൗരവ് യാത്രയുടെ പോസ്റ്റര്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിച്ചിട്ടുണ്ടായിരുന്നു.
Tags:    

Similar News