സുബൈർ വധം: മൂന്ന് പ്രതികൾ, നാല് വാൾ, രണ്ട് കാർ; ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്

സുബൈറിൻ്റെ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് പേർക്ക് ബിജെപി-ആർഎസ്എസ് ഭാരവാഹിത്വം ഇല്ലെന്നും, സുഹൃത്തായ സഞ്ജിത്തിൻ്റെ കൊലപാതകത്തിന് പകരം വീട്ടിയതാണെന്നുമാണ് അന്വേഷണ ഘട്ടത്തിൽ എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സാഹചര്യ തെളിവുകൾ പോലിസിന്റെ വാദങ്ങൾക്ക് വിപരീതമാണെന്നതാണ് യാഥാർത്ഥ്യം.

Update: 2022-04-25 18:19 GMT

അഭിലാഷ് പി

പാലക്കാട് എലപ്പുള്ളിയിൽ പോപുലർഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വിഷു ദിനത്തിൽ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയിട്ട് പത്ത് ദിവസം പിന്നിട്ടിരിക്കുന്നു. സുബൈർ വധത്തിന് പിന്നാലെ തൊട്ടടുത്ത ദിവസം പാലക്കാട് മേലാമുറിയിൽ ശ്രീനിവാസൻ എന്ന ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇരു കൊലപാതകങ്ങൾക്കും പിന്നാലെ അന്വേഷണ ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പറഞ്ഞത് കൊലപാതക കേസുകളിൽ കർശനമായ നടപടികൾ ഉണ്ടാവുമെന്നായിരുന്നു. എന്നാൽ സംഭവിക്കുന്നത് ഏകപക്ഷീയമായ പോലിസ് നടപടികളാണെന്ന റിപോർട്ടുകളാണ് പുറത്തുവരുന്നത്.

സുബൈർ വധത്തിൽ കൃത്യത്തിൽ പങ്കെടുത്തുവെന്ന് പറയപ്പെടുന്ന മൂന്ന് പേരെയാണ് പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തത്. സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഗൂഢാലോചനയിലേക്ക് പോലിസിന് എത്താനായില്ല. തിരിച്ചറിയൽ പരേഡിന് ശേഷമേ കസ്റ്റഡി അപേക്ഷ നൽകൂ. ഇവരെ കസ്റ്റഡിയിൽ വാങ്ങിയശേഷം രണ്ടാംഘട്ട തെളിവെടുപ്പടക്കമുള്ള നടപടികൾ പൂർത്തിയാക്കി മാത്രമേ ​ഗൂഡാലോചന കേസിലേക്ക് കടക്കാൻ സാധിക്കൂ എന്നാണ് പോലിസ് ഭാഷ്യം.

വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാവൂ എന്ന് പോലിസ് പറയുമ്പോഴും നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. മൂന്ന് തവണ ശ്രമിച്ചതിന് ശേഷമാണ് സുബൈറിനെ വധിക്കാൻ പ്രതികൾക്ക് കഴിഞ്ഞതെന്നാണ് പോലിസ് തന്നെ ആദ്യഘട്ടത്തിൽ വെളിപ്പെടുത്തിയത്. ഏപ്രിൽ 1, 8 തിയതികളിൽ വധിക്കാൻ ശ്രമിച്ചെങ്കിലും പോലിസ് സാന്നിധ്യത്തിന്റെ പേരിൽ ശ്രമത്തിൽ നിന്ന് പിന്തിരിയുകയായിരുന്നെന്ന് പ്രതികൾ മൊഴിനൽകിയതായ റിപോർട്ടുകൾ പോലിസിനെ ഉദ്ധരിച്ച് നിരവധി ദൃശ്യ-അച്ചടി മാധ്യമങ്ങൾ തന്നെ റിപോർട്ട് ചെയ്തിട്ടുണ്ട്.

സുബൈറിൻ്റെ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് പേർക്ക് ബിജെപി-ആർഎസ്എസ് ഭാരവാഹിത്വം ഇല്ലെന്നും, സുഹൃത്തായ സഞ്ജിത്തിൻ്റെ കൊലപാതകത്തിന് പകരം വീട്ടിയതാണെന്നുമാണ് അന്വേഷണ ഘട്ടത്തിൽ എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സാഹചര്യ തെളിവുകൾ പോലിസിന്റെ വാദങ്ങൾക്ക് വിപരീതമാണെന്നതാണ് യാഥാർത്ഥ്യം. നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ പേരിലുള്ള വാഹനമാണ് എതിരെ വന്ന സുബൈറിൻ്റെ വാഹനത്തെ ഇടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിൻ്റെ വാഹനം അതുവഴി വരുന്നുണ്ട് എന്നൊരു വിവരം കിട്ടാതെ എങ്ങനെയാണ് സുബൈറിനെ കൊലപ്പെടുത്താനുള്ള ആയുധങ്ങളുമായി കൊലയാളികൾ എതിരെ വന്നതെന്ന ചോദ്യം അന്വേഷണത്തിൽ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

നാലിലധികം ആളുകൾ കൃത്യത്തിൽ പങ്കെടുത്തെന്ന കേസിലെ പ്രധാന ദൃക്സാക്ഷിയായ സുബൈറിൻ്റെ പിതാവിൻ്റെ മൊഴി നിലനിൽക്കുന്നുണ്ട്. സുബൈറിനെ ഇടിച്ചിട്ട വാഹനത്തിൽ രണ്ട് പേരാണ് ഉണ്ടായതെന്നും കേസിലെ മൂന്നാം പ്രതി മറ്റൊരു കാറുമായി എത്തിയാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നാണ് പോലിസിന് നൽകിയ മൊഴി. കൊലപാതകം നടത്തിയ ക്രിമിനലുകൾ രണ്ടാമത് രക്ഷപ്പെട്ട കാർ കഞ്ചിക്കോട് ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു എന്ന് പോലിസ് തന്നെ പറയുന്നു. ആ വാഹനം ഏതാണ്, അത് തരപ്പെടുത്തിയതും, ഓടിച്ചതുമായ ആളുകൾ ആരൊക്കെയെന്ന കാര്യവും പോലിസ് അന്വേഷണ പരിധിയിൽ ഇതുവരെ എത്തിയിട്ടില്ല.

സുബൈറിൻ്റെ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ പോലിസ് തെളിവെടുപ്പിലൂടെ കണ്ടെത്തിയത് നാല് വാളുകൾ ആണ്. കൊലയിൽ നേരിട്ട് പങ്കെടുത്തുവെന്ന് പോലിസ് പറയുന്ന രണ്ടുപേരെ രക്ഷപ്പെടുത്താൻ കാറുമായെത്തിയ മൂന്നാമനും കൊലപാതകത്തിൽ പങ്കെടുത്തുവെന്ന് കരുതിയാലും മൂന്നുപേർ എങ്ങിനെയാണ് നാല് വാളുകൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയതെന്ന ചോദ്യവും ബാക്കിയാണ്. സുബൈറിന്റെ ശരീരത്തിൽ വാളുകൾ അല്ലാതെ മഴുപോലുള്ള ആയുധങ്ങൾ ഉപയോ​ഗിച്ച് വെട്ടിയാലുണ്ടാകുന്ന ആഴമുള്ള മുറിവുകൾ ഉണ്ടായിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

സുബൈറിൻ്റെ വാഹനം ഇടിച്ചിട്ട സഞ്ജിത്തിൻ്റെ കാർ, സഞ്ജിത്തിന്റെ കൊലപാതക ശേഷം എവിടെയായിരുന്നു എന്നറിയില്ല എന്നാണ് കുടുംബം ഒന്നടങ്കം വ്യത്യസ്ത മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. കൊലയ്ക്ക് ഉപയോഗപ്പെടുത്തിയ ആയുധങ്ങൾ പ്രതികൾ സഞ്ജിത്തിൻ്റെ വീട്ടിൽ നിന്നും എടുത്തു എന്നാണ് എഡിജിപി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ വീട്ടുകാരുടെ അറിവില്ലാതെ ഈ ആയുധങ്ങൾ എങ്ങനെ പ്രതികളിൽ എത്തിയെന്ന കാര്യവും അന്വേഷണ വിധേയമാക്കിയിട്ടില്ല എന്നാണ് വിവരം.

മൂന്നുമാസം ഗൂഢാലോചന നടത്തിയെന്നും, മുമ്പ് രണ്ടുതവണ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും എഡിജിപി തന്നെ വെളിപ്പെടുത്തിയ സുബൈറിൻ്റെ കൊലപാതകത്തിൽ വെറും മൂന്നുപേർ മാത്രമാണ് ഇപ്പോഴും പ്രതികൾ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ സുബൈറിൻ്റെ കൊലപാതകത്തിന് രണ്ടുദിവസം മുമ്പ് പാലക്കാട് വന്നിരുന്നെന്നും, ഗൂഢാലോചനയിൽ സുരേന്ദ്രൻ്റെ പങ്കെന്താണ് എന്ന് അന്വേഷണമെന്നും സിപിഎം ജില്ലാ സെക്രട്ടറി തന്നെ ആവശ്യപ്പെട്ടിട്ടും അങ്ങനൊരു അന്വേഷണവും നടക്കാത്തത് സംശയാസ്പദമാണ്.