ഡെല്‍റ്റ അപകടകാരി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Update: 2021-07-04 06:52 GMT

ജനീവ: കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം അപകടകാരിയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് മഹാമാരിയുടെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ടെഡ്രോസ് അദാനോം പറഞ്ഞു. കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം വികസിക്കുകയും പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം കുറഞ്ഞത് 98 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പല രാജ്യങ്ങളിലും അത് പ്രബല വകഭേദമായി മാറുകയാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ ചൂണ്ടിക്കാട്ടി. വാക്‌സിന്‍ ലഭിക്കാത്ത രാജ്യങ്ങളിലെ ആശുപത്രി കിടക്കകള്‍ വീണ്ടും രോഗികളെ കൊണ്ട് നിറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വര്‍ധിക്കാനും മരണസംഖ്യ ഉയരാനും കാരണക്കാരനായ ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് പരിവര്‍ത്തനം സംഭവിച ഡെല്‍റ്റ പ്ലസ് വകഭേദമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഭീതി വിതക്കുന്നത്. ഡെല്‍റ്റ പ്ലസിന് ഡെല്‍റ്റയേക്കാള്‍ വേഗത്തില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക എന്നതാണ് അതിനെതിരെ പ്രയോഗിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്നും അവര്‍ വ്യക്തമാക്കുന്നു.

Tags: