മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാവുകയാണ്. മഹാരാഷ്ട്ര മന്ത്രിസഭയിലെ ഏക്‌നാഥ് ഷിന്‍ഡെയാണ് വിമതവിഭാഗത്തെ നയിക്കുന്നത്. അദ്ദേഹം അവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗുജറാത്തിലെ സൂറത്തിലെ ഒരു ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ആദ്യ റിപോര്‍ട്ടനുസരിച്ച് 10 പേരായിരുന്നു കൂടെയുണ്ടായിരുന്നത്. ഇപ്പോള്‍ 21 എംഎല്‍എമാരാണ് ഷിന്‍ഡെക്കൊപ്പമുള്ളത്.
മഹാരാഷ്ട്ര മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിയാണ് താനെയില്‍നിന്നുള്ള ഏക്‌നാഥ് ഷിന്‍ഡെ.
മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റാണ് ഉള്ളത്. അതില്‍ ബിജെപിക്ക് 106ഉം ശിവസേനക്ക് 56ഉം എന്‍സിപിക്ക് 52ഉം കോണ്‍ഗ്രസ്സിന് 44ഉം മറ്റുളളവര്‍ക്ക് 27ഉം സീറ്റുണ്ട്.
ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. അതായത് ആകെ അംഗങ്ങള്‍ 287.
ഉദ്ദവ് താക്കറെക്ക് അവിശ്വാസത്തെ അതിജീവിക്കാന്‍ 144 പേരുടെ പിന്തുണ വേണം.
മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികളാണ് ഉള്ളത്. എല്ലാവരും കൂടി 152 പേരുടെ പിന്തുണ.
സേനയ്ക്ക് 55 എംഎല്‍എമാര്‍. അതില്‍ 21 എംഎല്‍എമാരും ഒരു സ്വതന്ത്രനും സൂറത്തിലെ ഹോട്ടലില്‍ വിമതര്‍ക്കൊപ്പമുണ്ട്. ഇവര്‍ രാജിവച്ചാല്‍ ശിവസേനയുടെ പിന്തുണ 34 ആയി കുറയും.
അതിനര്‍ത്ഥം സര്‍ക്കാര്‍ പിന്തുണ 131 ആയി മാറുമെന്നാണ്. അതായത് 22 എംഎല്‍എമാര്‍ രാജിവച്ചാല്‍ ഭൂരിപക്ഷത്തിനുവേണ്ട എണ്ണം 133 ആയി മാറും.
ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്. മറ്റുള്ളവരുടെ പിന്തുണകൂടിയായാല്‍ 135 വരുമെന്നാണ് അവര്‍ പറയുന്നത്.
അതേസമയം 21 പേര്‍ കൂറുമാറിയാല്‍ അവര്‍ കൂറുമാറ്റ നിരോധനത്തിന്റെ പിടിയില്‍ വീഴും. ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരും.
എംഎല്‍എമാര്‍ രാജിവച്ച് പോകുമോ, അതോ കൂറുമാറുമോ? കണ്ടറിയണം.
