ധര്‍മടത്ത് മല്‍സരിക്കാനില്ല; കെ സുധാകരന്‍ പിന്‍മാറി

ഡിസിസി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ ഒഴിവാക്കിത്തരണമെന്ന് നേതൃത്വത്തെ അറിയിച്ചതായും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Update: 2021-03-18 08:39 GMT

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ നിന്നു മല്‍സരിക്കണമെന്ന കെപിസിസിയുടെ നിര്‍ദേശം കെ സുധാകരന്‍ എംപി നിരസിച്ചു. ധര്‍മടത്ത് മല്‍സരിക്കാനില്ലെന്നും ഡിസിസി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ ഒഴിവാക്കിത്തരണമെന്ന് നേതൃത്വത്തെ അറിയിച്ചതായും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനു മുമ്പ് പ്രായോഗികമായി പലതും ചെയ്യേണ്ടതുണ്ട്. അതിന് ഒട്ടും സമയം കിട്ടിയിട്ടില്ല. താന്‍ മല്‍സരിക്കുന്നത് മറ്റു മണ്ഡലങ്ങളെ ബാധിക്കുമെന്നാണ് ഡിസിസി നേതൃത്വത്തിന്റെ അഭിപ്രായം. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനെത്തണം. അവസാന നിമിഷത്തെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്യില്ല. ഇതിനാല്‍ തന്നെ ഒഴിവാക്കിത്തരണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും സുധാകരന്‍ പറഞ്ഞു.

    നേരത്തേ ധര്‍മടത്ത് കെ സുധാകരന്‍ മല്‍സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം സ്വാഗതം ചെയ്യുമെന്ന് എഐസിസി സെക്രട്ടറി കെ സി വേണുഗോപാലും അറിയിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ തീരുമാനമെടുക്കാന്‍ ഒരു മണിക്കൂര്‍ വേണമെന്നു പറഞ്ഞ് സുധാകരന്‍ പ്രതീക്ഷ നല്‍കിയിരുന്നു. ഇതിനിടെ ധര്‍മ്മടത്ത് നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ വീട്ടിലെത്തിയത് അഭ്യൂഹം ശക്തമാക്കി. ഇതിനിടെ ഡിസിസി നേതൃത്വം ചര്‍ച്ച നടത്തുകയും മല്‍സരിക്കേണ്ടെന്ന് അറിയിക്കുകയുമായിരുന്നു. മല്‍സരിക്കുകയാണെങ്കില്‍ സുധാകരന്‍ മണ്ഡലത്തില്‍ തളച്ചിടപ്പെടുമെന്നും ഡിസിസി അറിയിച്ചു. ഇതോടെയാണ് കെ സുധാകരന്‍ പിന്‍മാറാന്‍ തീരുമാനിച്ചത്. അതേസമയം, തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.

    നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ധര്‍മടത്ത് പിണറായി വിജയനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥിനെ മല്‍സരിപ്പിക്കണമെന്നാണ് ഡിസിസിയും കെ സുധാകരനും ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കെതിരേ ശക്തനായ സ്ഥാനാര്‍ഥിയില്ലാത്തത് തെറ്റായി വ്യാഖാനിക്കപ്പെടുമെന്നാണ് കെപിസിസിയുടെ നിലപാട്. സ്വതന്ത്രയായി മല്‍സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നെങ്കിലും തീരുമാനം പിന്നീട് മാറ്റുകയായിരുന്നു.

will not contest in Dharmadam; K Sudhakaran withdrew


Tags:    

Similar News