ത്രിപുരയിൽ മുസ്‌ലിംകൾക്ക് നേരെ വ്യാപക അക്രമം; ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമവുമായി പോപുലർ ഫ്രണ്ട്
വിശ്വഹിന്ദു പരിഷത്ത് വടക്കന്‍ ത്രിപുരയിലെ പാനിസാഗറില്‍ നടത്തിയ പ്രകടനത്തിനിടെയാണ് വ്യാപക അക്രമണം നടന്നത്. മുസ്‌ലിംകളുടെ നിരവധി വീടുകള്‍ ആക്രമിച്ചു കൊള്ളയടിച്ച ഹിന്ദുത്വ അക്രമികൾ മുസ്‌ലിം പള്ളികളും കടകളും തീയിട്ടു നശിപ്പിക്കുകയും ചെയ്തു.
കോഴിക്കോട്: ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കും മുസ്‌ലിം ആരാധനാലയങ്ങൾക്കും എതിരെ ഹിന്ദുത്വ ഭീകരർ നടത്തുന്ന വ്യാപക ആക്രമണം ഭരണകൂടത്തിൻ്റെ ഒത്താശയോടെയാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. അക്രമത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 30 ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പ്രതിഷേധ സംഗമങ്ങളിൽ സംസ്ഥാന- ജില്ലാ നേതൃത്വങ്ങൾ പങ്കെടുക്കും.
അസമിന് പിന്നാലെ ത്രിപുരയേയും മറ്റൊരു ഹിന്ദുത്വ പരീക്ഷണശാലയായി ബിജെപി മാറ്റുകയാണ്. ത്രിപുരയിൽ ഇപ്പോൾ നടക്കുന്ന അക്രമം ഭരണകൂടം ആസൂത്രണം ചെയ്തതാണ്. യാതൊരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായി നടക്കുന്ന ആക്രമണത്തിൽ ത്രിപുര സർക്കാരിന്റെ നിസ്സംഗത അക്രമത്തിലെ ഭരണകൂട സഹകരണത്തിന്റെ തെളിവാണ്. അക്രമം നിയന്ത്രിക്കുന്നതിനും ത്രിപുരയിലെ മുസ്‌ലിംകളെ രക്ഷിക്കുന്നതിനും അടിയന്തരമായി കേന്ദ്രസേനകളെ വിന്യസിക്കണം. മുസ്‌ലിംകൾക്കെതിരായ അക്രമത്തിൽ ത്രിപുര സംസ്ഥാന സർക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശ്വഹിന്ദു പരിഷത്ത് വടക്കന്‍ ത്രിപുരയിലെ പാനിസാഗറില്‍ നടത്തിയ പ്രകടനത്തിനിടെയാണ് വ്യാപക അക്രമണം നടന്നത്. മുസ്‌ലിംകളുടെ നിരവധി വീടുകള്‍ ആക്രമിച്ചു കൊള്ളയടിച്ച ഹിന്ദുത്വ അക്രമികൾ മുസ്‌ലിം പള്ളികളും കടകളും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ത്രിപുരയുടെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ചയും ഹിന്ദുത്വ ഭീകരർ ഇത്തരത്തിൽ നിരവധി പള്ളികളും മുസ്‌ലിം വീടുകളും കടകളും തകർത്തിരുന്നു.
അഗർത്തല, കൈലാഷഹർ, ഉദയ്പൂർ, കൃഷ്ണ നഗർ, ധർമനഗർ തുടങ്ങി സ്ഥലങ്ങളിലാണ് പള്ളികൾക്കും വീടുകൾക്കും നേരെ ആക്രമണമുണ്ടായത്. മുസ്‌ലിം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അക്രമങ്ങൾ നടത്തുമ്പോൾ ഭരണകൂടം മൗനം തുടരുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരത്തിൽ അക്രമികളെ പ്രോൽസാഹിപ്പിക്കുന്ന സമീപനത്തിൽ നിന്നും ഭരണകൂടം പിന്തിരിയണമെന്നും എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.
