തളര്‍വാതം പിടിപെട്ട ഭാര്യ, പറക്കമുറ്റാത്ത കുഞ്ഞ്, ഭയന്നുവിറച്ച് സാക്ഷികള്‍...; കരളലിയിക്കും, ഹിന്ദുത്വര്‍ തല്ലിക്കൊന്ന റക്ബര്‍ ഖാന്റെ കുടുബകാഴ്ചകള്‍
പ്രമാദമായ പെഹ് ലു ഖാന്‍ കൊലക്കേസില്‍ രാജസ്ഥാനിലെ ആല്‍വാര്‍ കോടതി ഏഴ് പ്രതികളെയും കുറ്റക്കാരല്ലെന്നു പറഞ്ഞ് വെറുതെവിടുകയായിരുന്നു. കേസിലെ സാക്ഷിയും പരാതിക്കാരനും പറയുന്നത് ഒരേ വാക്കുകളാണ്, പ്രതികളില്‍നിന്നുള്ള ഭീഷണി. കോടതിയില്‍ ഇക്കാര്യം പറഞ്ഞ് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞ മറുപടിയും ഞെട്ടിക്കുന്നതായിരുന്നു. കുറ്റാരോപിതരുടെ മുന്നില്‍പ്പെടാതെ കഴിയാനായിരുന്നുവത്രേ കോടതിയുടെ നിര്‍ദേശം.
ഛണ്ഡീഗഡ്: തളര്‍വാതം പിടികൂടിയ ഭാര്യ, കണ്‍നിറയെ കാണുന്നതിനു മുമ്പ് പിതാവിന്റെ ചേതനയറ്റ ശരീരം കാണേണ്ടി വന്ന പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍, നീതിതേടി അലയുന്ന പിതാവ്, ജീവന്‍ പോലും ഭീഷണി നേരിടുന്ന ദൃക്‌സാക്ഷി... അങ്ങനെ പോവുന്നു രാജസ്ഥാനിലെ ലാലാവാദി വില്ലേജില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന ക്ഷീരകര്‍ഷകന്‍ റക്ബര്‍ ഖാന്റെ കുടുംബത്തിന്റെ കരളലിയിക്കുന്ന കാഴ്ചകള്‍. ഹരിയാനയിലെ നൂഹ് ജില്ലയിലെ താപ്കന്‍ വില്ലേജിലെ പരിമിതമായ സൗകര്യമുള്ള വീട്ടില്‍ ദുഖം താങ്ങാനാവാതെ തളര്‍ന്നിരിക്കുകയാണ് റക്ബര്‍ ഖാന്റെ ഭാര്യ മന്‍സീറ. പ്രിയതമനെ വിഎച്ച്പി(വിശ്വഹിന്ദു പരിഷത്ത്) പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതിനെ തുടര്‍ന്നുള്ള മതാചാരപ്രകാരമുള്ള 'ഇദ്ദ'യെ തുടര്‍ന്ന് അഞ്ചുമാസത്തിനു ശേഷം ആദ്യമായാണ് യുവതി പുറത്തുനിന്നെത്തിയവരോട് സംസാരിക്കുന്നത്.
''ഭര്‍ത്താവ് മരണപ്പെട്ടാല്‍ മുസ് ലിം സ്ത്രീകള്‍ അനുഷ്ഠിക്കുന്ന പ്രധാന ചടങ്ങാണ് ഇദ്ദയിരിക്കല്‍. നാലു മാസവും 10 ദിവസവും പ്രാര്‍ഥനയില്‍ മുഴുകും. ഈസമയം പുറത്തിറങ്ങാറില്ല. 2018 ഡിസംബറില്‍ ഒരു ദിവസം അലിഗഡില്‍ പഠിക്കുന്ന തന്റെ കുട്ടികളെ കാണാന്‍ പോവുന്നതിനിടെ, ദേശീയപാതയില്‍ കനത്ത മൂടല്‍മഞ്ഞിലൂടെ കടന്നുപോകുമ്പോള്‍ വാഹനം കൂട്ടിയിടിച്ചു. അന്നാണ് തനിക്കു തളര്‍ച്ചയുണ്ടായതെന്നും പിങ്ക് നിറമുള്ള ചുവരിനു പിന്നിലെ കട്ടിലില്‍ കിടന്നുകൊണ്ട് റക്ബര്‍ ഖാന്റെ ഭാര്യ അസ്മീന 'ദി ക്വിന്റി'നോട് തന്റെ ദയനീയാവസ്ഥകള്‍ വിവരിച്ചു. മൂത്രം ഒഴിവാക്കാന്‍ ഒരു ബാഗ് ഘടിപ്പിച്ചിട്ടുണ്ട്. എല്ലാദിവസവും ഇത് മാറ്റിക്കൊണ്ടിരിക്കണം. മാതാവിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, ഓടിക്കിതച്ച് ചെയ്തുതീര്‍ക്കുകയാണ് മക്കള്‍. അസ്മീനയുടെ മുഖത്തിനു സമാന്തരമായി ഒരു എയര്‍കൂളര്‍ സ്ഥാപിച്ചിട്ടുണ്ട്. തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മക്കളോടാണ് അസ്മീന ആവശ്യപ്പെടുന്നത്. ''മന്‍സീറാ, എവിടെയാണ് നിന്റെ പിതാവ്. അവരോട് പറ. എവിടെയാണുള്ളതെന്ന്...'' ഇളയ മകള്‍ മന്‍സീറയ്ക്ക് അവളുടെ പിതാവിന്റെ അതേ കണ്ണുകളാണെന്നും അസ്മീന പറഞ്ഞു.
കോവല്‍ഗാവ് വില്ലേജിലെ ക്ഷീരകര്‍ഷകനായ റക്ബര്‍ ഖാനെ 2018 ജൂലൈ 20നാണ് വില്ലേജില്‍ വച്ച് ഗോരക്ഷകരെന്ന് വിശേഷിപ്പിച്ചെത്തിയ ഒരുകൂട്ടം ഹിന്ദുത്വര്‍ തല്ലിക്കൊന്നത്. പാല്‍ വില്‍പനയ്ക്കു വേണ്ടി രണ്ടു പശുക്കളെയും കൊണ്ടുവരികയായിരുന്നു റക്ബര്‍ ഖാന്‍. ഈസമയം പാഞ്ഞടുത്ത വിഎച്ച്പി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ മണിക്കൂറുകളോളം മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് റക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടു.
പെഹ് ലു ഖാന്‍ കേസിലെ അതേ ജഡ്ജി...!
ഗോസംരക്ഷണത്തിന്റെ പേരില്‍ ഹിന്ദുത്വര്‍ ആള്‍ക്കൂട്ടം ചമഞ്ഞ് തല്ലിക്കൊല്ലുന്നത് തുടര്‍ക്കഥയാവുമ്പോള്‍ തങ്ങള്‍ക്കു നീതി ലഭിക്കുമോയെന്ന ആശങ്ക റക്ബര്‍ ഖാന്റെ കുടുംബത്തിനുമുണ്ട്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 15നു ഹിന്ദുത്വര്‍ തല്ലിക്കൊന്ന പെഹ് ലു ഖാന്റെ കേസ് നടന്ന അതേ കോടതിയും ജഡ്ജിയുമാണ് നീതിപീഠത്തിലുള്ളത്. പ്രമാദമായ പെഹ് ലു ഖാന്‍ കൊലക്കേസില്‍ രാജസ്ഥാനിലെ ആല്‍വാര്‍ കോടതി ഏഴ് പ്രതികളെയും കുറ്റക്കാരല്ലെന്നു പറഞ്ഞ് വെറുതെവിടുകയായിരുന്നു. കേസിലെ സാക്ഷിയും പരാതിക്കാരനും പറയുന്നത് ഒരേ വാക്കുകളാണ്, പ്രതികളില്‍നിന്നുള്ള ഭീഷണി. കോടതിയില്‍ ഇക്കാര്യം പറഞ്ഞ് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞ മറുപടിയും ഞെട്ടിക്കുന്നതായിരുന്നു. കുറ്റാരോപിതരുടെ മുന്നില്‍പ്പെടാതെ കഴിയാനായിരുന്നുവത്രേ കോടതിയുടെ നിര്‍ദേശം.
തൊഴിലാളിയായ അസ് ലം സാധാരണയായി പലയിടത്തേക്കും യാത്ര ചെയ്യാറുണ്ട്. പക്ഷേ, കേസിനു ശേഷം അദ്ദേഹം എവിടേക്കും പോവാറില്ല, മറ്റൊന്നുമല്ല ഭയം തന്നെയാണ് കാരണം. ''മജിസ്‌ട്രേറ്റ് തന്നോട് പറഞ്ഞു, പ്രതികള്‍ താമസിക്കുന്ന രാംഗഡിലേക്ക് പോവരുതെന്ന്. അവരുടെ കൈയില്‍പെട്ടാല്‍ തല്ലുകയോ കൊല്ലുകയോ ചെയ്യുമെന്നാണ് പറയുന്നത്. യാതൊരു വിധ സംരക്ഷണവും കോടതി നല്‍കിയിട്ടില്ല. നിരവധി തവണ സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല''-അസ് ലം ദി ക്വിന്റിനോട് പറഞ്ഞു. ഇതുകാരണം സംഭവശേഷം ഒരിക്കല്‍പോലും പുറത്തുപോവാന്‍ കഴിഞ്ഞിട്ടില്ല. തൊഴിലെടുക്കാന്‍ പോലുമാവാതെ ബുദ്ധിമുട്ടുകയാണ്, കേസിലെ സാക്ഷിയായ യുവാവ്. എത്രകാലം ഇങ്ങനെ കഴിയാനാവുമെന്നാണ് ദയനീയമായി ചോദിക്കുന്നത്.
ദൃക്‌സാക്ഷികള്‍ക്ക് ഭീഷണി
തളര്‍വാതം പിടിപെട്ട് കട്ടിലില്‍ കഴിയുന്നതിനാല്‍, ഭാര്യ അസ്മീനയ്ക്കു തന്റെ ഭര്‍ത്താവിന്റെ ഘാതകര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടത്തിനിറങ്ങാന്‍ പോലും ശേഷിയില്ല. പകരം ഭര്‍ത്താവിന്റെ പിതാവാണ് കേസ് നടത്തുന്നതെന്ന് അസ്മീന പറഞ്ഞു. ''എനിക്ക് അനങ്ങാന്‍ കഴിയുമെങ്കില്‍, കേസ് നടപടികളെക്കുറിച്ച എല്ലാകാര്യങ്ങളും സൂക്ഷിക്കുമായിരുന്നു. പക്ഷേ എന്നെ നോക്കൂ. കേസ് എന്റെ പേരിലല്ല, അത് എന്റെ ഭര്‍തൃപിതാവിന്റെ പേരിലാണ്''. കേസ് നടപടികള്‍ക്കു വേണ്ടി ഭര്‍തൃപിതാവ് സുലൈമാനും ഭാര്യയും എല്ലാ ആഴ്ചയും രണ്ടുതവണ ആല്‍വാര്‍ കോടതിയിലെത്തണം. റക്ബര്‍ ഖാന്റെ ഭാര്യ കിടപ്പിലായതിനാല്‍ കേസ് നടപടികള്‍ അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു. 70 കാരനായ സുലൈമാന്‍ 60 കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്. പക്ഷേ, ഒരുതവണ പോലും കോടതിയില്‍ എത്താതിരുന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കിടക്കയില്‍ കഴിയുന്ന അസ്മീനയെ രണ്ടുതവണയാണു കണ്ടത്. ആഴ്ചയില്‍ രണ്ടുതവണ കോടതിയിലെത്താന്‍ സുലൈമാന്‍ ബസ് യാത്രയെയാണ് ആശ്രയിക്കുന്നത്. ഇതേ ഗ്രാമത്തില്‍ തന്നെയാണ്, കേസിലെ മുഖ്യസാക്ഷിയും റക്ബര്‍ ഖാന്റെ സുഹൃത്തുമായ അസ് ലം താമസിക്കുന്നത്. റക്ബര്‍ ഖാനെ ഗോരക്ഷകരെന്നു സ്വയം വിശേഷിപ്പിച്ച ഹിന്ദുത്വര്‍ പിടികൂടിയപ്പോള്‍ അസ് ലം കൂടെയുണ്ടായിരുന്നു.
പ്രതിയായ വിഎച്ച്പി പ്രവര്‍ത്തകനെ സാക്ഷിയാക്കി
റക്ബര്‍ ഖാനെ തല്ലിക്കൊന്ന കേസില്‍ നാലു പ്രതികളെയാണ് ആഗസ്തില്‍ അറസ്റ്റ് ചെയ്തത്. റക്ബര്‍ ഖാനെ ആക്രമിക്കുന്ന സമയം കൂടെയുണ്ടായിരുന്ന അസ് ലം പ്രോസിക്യൂഷന്‍ സാക്ഷിയായി നാലുപേരെയും തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിയായ വിഎച്ച്പി പ്രവര്‍ത്തകനെ സാക്ഷിയാക്കിയത് വിചിത്രമായി. വിഎച്ച്പി പ്രവര്‍ത്തകനായ നാവല്‍ കിഷോറിനെ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബവും അഭിഭാഷകനും കോടതിയെ സമീപിച്ചിട്ടുണ്ട്. ''റക്ബര്‍ ഖാനെ തല്ലുന്നത് ഞാന്‍ വയലില്‍നിന്ന് കാണ്ടിരുന്നു. പേരുവിളിച്ചാണ് തല്ലിയിരുന്നത്. അപ്പോള്‍ നാവല്‍ കിഷോറിന്റെ പേര് വിളിക്കുന്നത് കേട്ടു. അയാള്‍ അക്രമിയുടെ കൂട്ടത്തിലുണ്ടായിരുന്നു. അയാള്‍ സാക്ഷിയല്ലെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അസ് ലം പറഞ്ഞു. പ്രോസിക്യൂഷന്‍ നാവല്‍ കിഷോറിനെ സാക്ഷിപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നീതി ലഭിക്കുമെന്ന പ്രതീക്ഷ കൈവിടാതെ...
ഇത്രയൊക്കെയാണെങ്കിലും നിയമത്തിലും നീതിപീഠത്തിലും പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണ് റക്ബര്‍ ഖാന്റെ കുടുംബം. പിതാവ് സുലൈമാനും ഭാര്യ അസ്മീനയും സുഹൃത്ത് അസ് ലമും പ്രതീക്ഷ കൈവിട്ടിട്ടില്ല. പിതാവിനെ കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കാന്‍ ഒരേയൊരു ഫോട്ടോ മാത്രമാണ് റക്ബറിന്റെ മക്കളുടെയടുത്തുള്ളത്. അസ്മീനയ്ക്ക് എല്ലാ ദിവസവും ഭര്‍ത്താവിന്റെ അസാന്നിധ്യം നേരിട്ട് അനുഭവപ്പെടുകയാണ്. ''പെഹ്‌ലു ഖാന്റെ കേസിനെക്കുറിച്ച് കേട്ടപ്പോള്‍ എന്റെ ഹൃദയം നൊന്തു. അവര്‍ ഇവിടെയും അങ്ങനെ ചെയ്താല്‍ എന്തുചെയ്യും. പക്ഷേ, ഞങ്ങളുടെ അഭിഭാഷകരിലും പോലിസിലും എനിക്ക് വിശ്വാസമുണ്ട്... ഞങ്ങള്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യും...'' അസ് ലം പറഞ്ഞുനിര്‍ത്തി.

