അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ആരൊക്കെ വാതില്‍ തുറക്കും?

Update: 2021-09-03 10:21 GMT

കാബൂള്‍: വിപ്ലവങ്ങളിലൂടെയുള്ള ഭരണമാറ്റം എല്ലായ്‌പ്പോഴും അഭയാര്‍ത്ഥികളെ സൃഷ്ടിക്കും. അധിനിവേശ സേനകളുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെട്ടതെങ്കില്‍ വലിയൊരു സംഘത്തെ പ്രദേശത്തുപേക്ഷിച്ചായിരിക്കും അവര്‍ നാടുവിടുന്നത്. അഫ്ഗാന്‍ കടന്നുപോകുന്ന സാഹചര്യം അതാണ്.

ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷംപേരെങ്കിലും അഫ്ഗാനില്‍ നിന്ന് പല കാരണങ്ങളാല്‍ പലായനം നടത്തുമെന്നാണ് യുഎന്‍ കണക്കാക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് എല്ലാ രാജ്യങ്ങളോടും അതിര്‍ത്തികള്‍ തുറന്നിടാന്‍ യുഎന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അധിനിവേശ സൈന്യവുമായി സഹകരിച്ചവര്‍, അവരുടെ ദ്വിഭാഷികള്‍, ഏജന്റുമാര്‍, കരാറുകാര്‍ തുടങ്ങി നിലിവില്‍ വരുന്ന ഭരണാധികാരികളുമായി ഏതെങ്കിലും തരത്തില്‍ ശത്രുത ഉണ്ടാകുന്നവര്‍ അങ്ങനെ പല തരക്കാരാണ് നാടുവിടേണ്ടിവരിക. കാരണമെന്തായാലും അത് സൃഷ്ടിക്കുക വലിയൊരു മാനവിക പ്രതിസന്ധിയാണ്.

താലിബാന്‍ ഭരണമാറ്റത്തോടെയല്ല അഫ്ഗാനിലെ അഭയാര്‍ത്ഥി പ്രതിസന്ധി ആരംഭിക്കുന്നത്. ഇപ്പോള്‍ത്തന്നെ 2.2 ദശലക്ഷം പേര്‍ അഭയാര്‍ത്ഥികളായി വിവിധ അയല്‍ രാജ്യങ്ങളില്‍ കഴിയുന്നുണ്ട്. മറ്റൊരു 3-5 ദശലക്ഷം പേര്‍ അഫ്ഗാനില്‍ തന്നെ മറ്റിടങ്ങളിലേക്ക് ആഭ്യന്തര അഭയാര്‍ത്ഥികളായി കുടിയേറിയിട്ടുണ്ട്.

അഫ്ഗാന്റെ വിധിയില്‍ ഏറ്റവും അപകടകരമായ രീതിയില്‍ ഇടപെട്ട യുഎസ് അവരുടെ ഒഴിപ്പിക്കന്‍ ആഗസ്ത് 31ഓടെ നിര്‍ത്തിവച്ചിരിക്കുകയാണ്. വിദേശ സൈന്യം ഒഴിഞ്ഞുപോകുന്നതിന് താലിബാനുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായിരുന്നു അത്.

കഴിഞ്ഞ ദിവസം യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് 1,24,000 പേരെയാണ് യുഎസ് ഒഴിപ്പിച്ചത്. ആഗസ്ത് 14ന് താലിബാന്‍ അഫ്ഗാന്‍ പിടിച്ച ദിവസത്തിനുശേഷമായിരുന്നു അത്. 

അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചശേഷം അമേരിക്ക 24,000 അഫ്ഗാന്‍കാരെ ഒഴിപ്പിച്ചുവെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ്  നെഡ് പ്രൈസ് പറഞ്ഞിരുന്നു. ആഗസ്ത് 17 മുതല്‍ ആഗസ്ത് 31 അര്‍ധരാത്രി വരെയുള്ള സമയത്ത് 31,107 പേരെയാണ് ഒഴിപ്പിച്ചത്. അതില്‍ 14 ശതമാനം അമേരിക്കന്‍ പൗരന്മാരാണ്, 4,446 പേര്‍. 9 ശതമാനം വരുന്ന 2,758 പേര്‍ സ്ഥിരതാമസക്കാരാണ്. 77 ശതമാനം വരുന്ന 23,876 പേര്‍ അഫ്ഗാന്‍കാരാണ്.

ആഗസ്ത് 31നകം 50,000 മുതല്‍ 65,000 പേരെ ഒഴിപ്പിക്കുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ പറഞ്ഞിരുന്നത്. ഒഴിപ്പിച്ചുകൊണ്ടുപോരുന്നതിന് സ്‌പെഷ്യല്‍ എമിഗ്രേഷന്‍ വിസ എന്ന പേരില്‍ പ്രത്യേക വിസ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

2020 വരെയുള്ള കണക്കനുസരിച്ച് പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ പേരും അഭയം തേടിയെത്തിയത്. 2020ല്‍ 1.5 ദശലക്ഷം പേര്‍ പാകിസ്താനിലേക്കും 7,80,000 പേര്‍ ഇറാനിലേക്കും പോയതായി യുഎന്‍ പറയുന്നു.

ജര്‍മനിയാണ് മൂന്നാം സ്ഥാനത്ത്, 1,80,000 പേര്‍. തുര്‍ക്കിയില്‍ 1,30,000 പേര്‍.

അമേരിക്ക പ്രധാനമായും അവരെ അധിനിവേശ മിഷനില്‍ സഹായിച്ചവരെയും അവരുടെ കുടുംബത്തെയുമാണ് കൊണ്ടുപോകുന്നത്. സാധാരണ മട്ടിലുള്ള അഭയാര്‍ത്ഥിപ്രവാഹമല്ല അത്. അവര്‍ക്കുവേണ്ടി ബൈഡന്‍ 5 ദശലക്ഷം ഡോളര്‍ അനുവദിച്ചിട്ടുണ്ട്. 

യുകെ 20,000 അഫ്ഗാന്‍കാരെ അനുവദിക്കും. അതില്‍ സ്ത്രീകള്‍, കുട്ടികള്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കായിരിക്കും പരിഗണന.

കാനഡ 20,000 അഫ്ഗാന്‍കാരെ ഉള്‍ക്കൊള്ളും. 

ഇന്ത്യ പുതിയ ഒരു വിസ ഡിസൈന്‍ ചെയ്തിട്ടുണ്ട്- ഇ വിസ എന്ന പേരില്‍. ആറ് മാസത്തേക്കാണ് അതിന്റെ കാലാവധി. അതില്‍ മതന്യൂനപക്ഷങ്ങള്‍ക്കായിരിക്കും പരിഗണന ലഭിക്കുകയെന്നാണ് വിലയിരുത്തല്‍. വിവിധ ഗോത്ര വിഭാഗങ്ങള്‍ക്കിടയിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെത്തുടര്‍ന്ന് അഭയാര്‍ത്ഥികളാക്കപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടാന്‍ സാധ്യത കുറവാണ്. കുറച്ചു പേരെ ഇതിനകം ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്.  

ഇറാന്‍ അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന മൂന്ന് പ്രവിശ്യകളില്‍ പ്രത്യേക അഭയാര്‍ത്ഥി ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്.

തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിടുമെന്നാണ് കഴിഞ്ഞ ദിവസം പാകിസ്താന്റെ ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതെങ്കിലും അതിര്‍ത്തി ഇതുവരെ അടച്ചിട്ടില്ല.

തുര്‍ക്കി അഫ്ഗാനിലെ ഭരണസംവിധാനം സുസ്ഥിരമാക്കാന്‍ സഹായിക്കുമെന്ന് പ്രഖ്യാപിച്ചു. തുര്‍ക്കിയെ അഭയാര്‍ത്ഥി ശേഖരണിയാക്കി മാറ്റേണ്ടെന്നും യൂറോപ്യന്‍ രാജ്യങ്ങളോട് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തുര്‍ക്കി, ഇറാനുമായുള്ള അതിര്‍ത്തിയില്‍ വേലി കെട്ടിക്കൊണ്ടിരിക്കുകയാണ്. മൂന്ന് വേലി കടന്നുവേണം അഭയാര്‍ത്ഥികള്‍ തുര്‍ക്കിയില്‍ പ്രവേശിക്കാന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച രാജ്യമാണ് തുര്‍ക്കി. പല അഭയാര്‍ത്ഥി പ്രവാഹങ്ങള്‍ക്കും കാരണമാവാറുള്ള യൂറോപ്യന്‍ രാജ്യങ്ങളും യുഎസ്സും അഭയാര്‍ത്ഥികളെ സ്വീകരിക്കാറില്ല. അതിന്റെ ബാധ്യത പലപ്പോഴും തുര്‍ക്കിയാണ് ഏറ്റെടുക്കുക പതിവ്.

യൂറോപ്യന്‍ യൂനിയന്‍ മൊത്തത്തിലും അഭയാര്‍ത്ഥി പ്രവാഹത്തോട് ധനാത്മക സമീപനമുള്ളവരല്ല, നാറ്റൊ സൈന്യത്തിന്റെ ഭാഗമായിരുന്നു അവരെങ്കിലും. 

കുറച്ചുപേരെ ഏറ്റെടുക്കുമെന്ന് ജര്‍മനി പ്രഖ്യാപിച്ചിട്ടുണ്ട്. എണ്ണം വ്യക്തമാക്കിയിട്ടില്ല. 2015ല്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അതിര്‍ത്തി തുറന്നതിനെച്ചൊല്ലി ചാന്‍സ്‌ലര്‍ അഞ്ജല മെര്‍ക്കലിന് കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു.

ഫ്രാന്‍സ് അഭയാര്‍ത്ഥിപ്രവാഹത്തെ പ്രോല്‍സാഹിപ്പിക്കില്ല. അഭയാര്‍ത്ഥികളെ തടയുന്ന സമീപനമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണിന്. യൂറോപ്പിന് ഇതൊന്നും പരിഹരിക്കാനാവില്ലെന്നാണ് നിലപാട്.

ആസ്ത്രിയ, സ്വറ്റ്‌സര്‍ലാന്‍ഡ് എന്നിവര്‍ അതിര്‍ത്തികള്‍ തുറക്കുകയേയില്ല.

പകരം യൂറോപ്യന്‍ യൂനിയന്‍ 600 ദശലക്ഷം ഡോളര്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്ത് മുഖം രക്ഷിക്കും.

അതായത് പാകിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, തജാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പണം ലഭിക്കും. കുറച്ച് പണം ഇറാനും നല്‍കും. 

ആല്‍ബേനിയ, ഖത്തര്‍, കോസ്റ്ററിക്ക, മെക്‌സിക്കൊ, ചിലി, ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങള്‍ കുറച്ചുപേരെ സ്വീകരിക്കും.

ഭീകരര്‍ അഭയാര്‍ത്ഥികളെന്ന പേരില്‍ തങ്ങളുടെ രാജ്യത്തേക്ക് വരേണ്ടതില്ലെന്നാണ് റഷ്യയുടെ നിലപാട്. യുദ്ധമുണ്ടാക്കിയ യുഎസ്സിനെപ്പോലുള്ളവര്‍ക്ക് അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ബാധ്യതയുണ്ടെന്നും റഷ്യ പറയുന്നു.

ചുരുക്കത്തില്‍ യുദ്ധമുണ്ടാക്കിയവരില്‍ ഭൂരിപക്ഷത്തിനും അഭയാര്‍ത്ഥികളെ വേണ്ട! 




Tags: