ജഹാന്‍ഗിര്‍പുരിയില്‍ ആ ദിവസം എന്തുസംഭവിച്ചു? ദൃക്‌സാക്ഷികള്‍ സംസാരിക്കുന്നു
ജഹാന്‍ഗിര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുസ് ലിം പള്ളിക്കുമുന്നില്‍ ഹിന്ദുത്വര്‍ പോലിസിന്റെ ഒത്താശയോടെ നടത്തിയ പ്രകോപനം വലിയ സംഘര്‍ഷത്തിന് കാരണമായി. ഇതുമായി ബന്ധപ്പെട്ട അറസ്റ്റിലായവരില്‍ ഭൂരിഭാഗവും മുസ് ലിംകളാണ്. അതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരും. സംഭവത്തെക്കുറിച്ച് നിരവധി ആഖ്യാനങ്ങളാണ് ഉള്ളത്. ഇതേ കുറിച്ച് ചില പ്രദേശവാസികള്‍ സംസാരിക്കുന്നു.
വൈകുന്നേരം ആറ് മണിയോടെ ഘോഷയാത്രയ്ക്കിടെ ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ പള്ളിക്ക് സമീപം തടിച്ചുകൂടി. നോമ്പ് തുറക്കാനും നമസ്‌കരിക്കാനും നിരവധി പേര്‍ ഈ സമയത്ത് പള്ളിയിലെത്തിയിരുന്നു. പകല്‍സമയത്തും ഇതുപോലുള്ള പരിപാടികള്‍ നടന്നിരുന്നു. ഇഫ്താസമയത്ത് ഇതൊഴിവാക്കാന്‍ പലരും ഉപദേശിച്ചെങ്കിലും ഹിന്ദുത്വര്‍ ചെവികൊണ്ടില്ല. പ്രകടനക്കാരില്‍ മിക്കവരുടെയും കയ്യില്‍ വാളും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു.
നിങ്ങളേക്കാല്‍ പ്രധാനം ഞങ്ങളാണെന്ന സന്ദേശം കൈമാറുകയായിരുന്നു പ്രകടനക്കാരുടെ ഉദ്ദേശ്യം എന്ന് വ്യക്തം. ഞങ്ങള്‍ എന്തുചെയ്താലും നിങ്ങളത് സഹിക്കണം എന്നും പറയാനുള്ള ശ്രമം.
മുല്ലകളെ കൊല്ലും, ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജയ് ശ്രീറാം വിളിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ഇതൊക്കെ ചെയ്യുന്നത് പള്ളികള്‍ക്കു മുന്നില്‍നിന്നാണ്.
മുദ്രാവാക്യങ്ങള്‍ക്കുപുറമെ അവര്‍ കല്ലുകളും പള്ളിക്കുനേരെ വലിച്ചെറിഞ്ഞു. ചിലര്‍ പള്ളിയിലേക്ക് കയറി കാവിപ്പതാക ഉയര്‍ത്താന്‍ ശ്രമിച്ചു.
'പ്രകടനക്കാരില്‍ കുറച്ചുപേര്‍ പള്ളിയുടെ പ്രധാന ഗേറ്റ് കടന്ന് പള്ളിയിലും അതിന്റെ മുകള്‍ ഭാഗത്തും കാവി പതാക ഉയര്‍ത്താന്‍ ശ്രമിച്ചു. ഞങ്ങള്‍ അവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞും ലാത്തി ഉപയോഗിച്ചും തിരിച്ചടിച്ചു''- ജഹാന്‍ഗീര്‍പുരിയിലെ ഒരാള്‍ പറഞ്ഞു. അവര്‍ ആയുധങ്ങളും വീശിയെങ്കിലും ആര്‍ക്കും പരിക്കുപറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പേര് രേഖപ്പെടുത്താന്‍ അദ്ദേഹം ഭയപ്പെട്ടിരുന്നു.
പള്ളിയില്‍ കാവിപ്പതാക ഉയര്‍ത്തുന്നത് എന്തിനാണ്? അത് പ്രകോപനപരമല്ലേ അദ്ദേഹം ചോദിച്ചു.
കാവിപ്പതാകയുമായി എത്തിയവരെ തിരിച്ചയക്കാന്‍ പള്ളിയിലെത്തിയ വിശ്വാസികള്‍ ശ്രമിച്ചെങ്കിലും കല്ലേറ് വര്‍ധിച്ചതിനാല്‍ കഴിഞ്ഞില്ല. ഈ സമയത്ത് അവിടെ പോലിസുമുണ്ടായിരുന്നു. - 'പള്ളികളില്‍ പതാക ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ല, അതുകൊണ്ടാണ് മസ്ജിദിനുള്ളിലെ വിശ്വാസികള്‍ പ്രതികരിച്ചത്,'- സബീര്‍ എന്നയാള്‍ പറഞ്ഞു.
ആളുകള്‍ ഒന്നിച്ചുകൂടി അക്രമികളെ പുറത്താക്കാന്‍ ശ്രമിച്ചു.
സംഘര്‍ഷത്തിനു ശേഷം പ്രശ്‌നങ്ങളൊതുക്കാന്‍ പോലിസ് ശ്രമിച്ചു. സംഭവം ഉണ്ടായി രണ്ട് മൂന്ന് മണിക്കൂറിനുശേഷം പോലിസ് 14 പേരെ അറസ്റ്റ് ചെയ്തു.
23 പേരെ അറസ്റ്റ് ചെയ്‌തെന്ന റിപോര്‍ട്ടുമുണ്ട്. അതില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. അറസ്റ്റിലായവരില്‍ 16 പേര്‍ മുസ് ലിംകളാണ്, 7 പേര്‍ ഹിന്ദുക്കളുമാണ്.
ഈ സമയത്തൊന്നും പോലിസ് ഇടപെടാന്‍ ശ്രമിച്ചില്ല. പള്ളിയ്ക്കുമുന്നില്‍ ആവശ്യത്തിന് പോലിസ് ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.
പോലിസ് അക്രമികള്‍ക്ക് സുരക്ഷയൊരുക്കിയെന്നും പറയുന്നു.
പോലിസ് അക്രമികളെ രക്ഷപ്പെടുത്താന്‍ കഴിയുന്നതൊക്കെ ചെയ്തു. പള്ളിക്കുള്ളിലേക്ക് വരുന്നത് തടഞ്ഞവര്‍ അറസ്റ്റിലായി.
മുസ് ലിം ആയതുകൊണ്ടാണ് തങ്ങള്‍ക്കെതിരേ ആക്രമണം നടന്നതെന്ന് പരിക്കേറ്റവര്‍ പറയുന്നു.
ഇത്ര കാലവും ഈ പ്രദേശം സമാധാനത്തോടെയാണ് കഴിഞ്ഞത്.
ഇതുപോലുള്ള മുദ്രാവാക്യങ്ങളുമായി ഒരു മുസ് ലിമും ഇതുവരെ ക്ഷേത്രപരിസരത്തേക്ക് പോയിട്ടില്ലെന്ന് പറയുന്നു മൗലാന മസ്താന്‍.
(സുരക്ഷാകാരണങ്ങളാല്‍ പേരുകള്‍ മാറ്റിയിരിക്കുന്നു)

