ഉമർ ഖാലിദിനെതിരേ ഡൽഹി പോലിസ് ഉയർത്തുന്ന ആരോപണങ്ങൾ ഇവയാണ്

ഉമർ ഖാലിദിനെതിരായ യഥാർത്ഥ എഫ്‌ഐആർ 'പ്രകോപനപരമായ പ്രസംഗങ്ങൾ' നടത്തിയെന്നായിരുന്നു. എന്നാൽ ഡൽഹി പോലിസ് സ്‌പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ 59 പിന്നീട് 'ഗൂഡാലോചന' എഫ്‌ഐആർ ആയി വികസിക്കുകയായിരുന്നു.

Update: 2020-09-14 12:25 GMT

ന്യൂഡൽഹി: 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ അരങ്ങേറിയ വംശീയാതിക്രമത്തിന് ഇരയായ സമുദായത്തിൽപ്പെട്ടവർ തന്നെയാണ് ഇപ്പോൾ അതേ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് സി‌എ‌എ വിരുദ്ധ പ്രക്ഷോഭകനും യുനൈറ്റഡ് എഗെയിൻസ്റ്റ് ഹേറ്റ് അംഗവുമായ ഉമർ ഖാലിദിന്റെ അറസ്റ്റ്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് (യു‌എ‌പി‌എ) ഉമറിനെ ഇന്നലെ അർധരാത്രിയിൽ ഡൽഹി സ്പെഷൽ പോലിസ് സെൽ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, കൊലപാതകം, കൊലപാതകശ്രമമടക്കം ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നിരവധി കുറ്റങ്ങൾ ചുമത്തിയാണ് അദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുന്നത്.

ഡൽഹി പോലീസ് സ്‌പെഷൽ സെൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ 59 പ്രകാരമാണ് ഉമറിനെ അറസ്റ്റ് ചെയ്തത്. നേരത്തേ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻമേലുള്ള കുറ്റപത്രം സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ 17 ആണെന്നിരിക്കേയാണ് സെപ്തംബർ 14 ന് രാത്രിയിൽ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മറ്റ് കുറ്റപത്രങ്ങളിൽ ഉമർ ഖാലിദിന്റെ പേര് പലതവണ ഉയർന്നു വന്നിട്ടുണ്ട്, ഇതിലെല്ലാം തന്നെ അദ്ദേഹത്തെ കലാപത്തിന്റെ സൂത്രധാരനായാണ് ഡൽഹി പോലിസ് ആരോപിക്കുന്നത്.

എഫ്‌ഐ‌ആർ 65 & 101: താഹിർ ഹുസൈൻ, ഖാലിദ് സൈഫി, ഉമർ ഖാലിദ് എന്നിവർ തമ്മിലുള്ള "ജനുവരി 8 നു നടന്ന യോഗം"

ദയാൽ‌പൂർ പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആർ 65 പ്രകാരമുള്ള കുറ്റപത്രം: "യുനൈറ്റഡ് എഗെയിൻസ്റ്റ് ഹേറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള ഖാലിദ് സെയ്ഫിയുമായി പ്രതി താഹിർ ഹുസൈൻ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഖാലിദ് സൈഫി വഴി താഹിർ ഹുസൈനും ഉമർ ഖാലിദുമായി ബന്ധമുണ്ടായിരുന്നു. 08.01.2020 ന് ശാഹീൻ ബാഗിൽ ഖാലിദ് സെയ്ഫി ഉമർ ഖാലിദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ യോഗത്തിൽ ഒരു വലിയ സ്ഫോടനം നടത്താൻ തീരുമാനിച്ചു, അതുവഴി കേന്ദ്രസർക്കാറിനെ സി‌എ‌എ, എൻ‌ആർ‌സി വിഷയത്തിൽ കുലുക്കാനും അന്താരാഷ്ട്ര രംഗത്ത് രാജ്യത്തെ അപകീർത്തിപ്പെടുത്താനും കഴിയും. ഈ കലാപങ്ങൾക്ക് പണവും മറ്റു സൗകര്യങ്ങളും നൽകാൻ പോപുലർ ഫ്രണ്ട് തയാറാകുമെന്നതിനാൽ ഫണ്ടിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്ന് യോഗത്തിൽ ഉമർ ഖാലിദ് ഉറപ്പ് നൽകിയിരുന്നു. 2020 ഫെബ്രുവരി മാസത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിനിടയിലോ അതിനു മുമ്പോ ഈ കലാപങ്ങൾ നടത്താനാണ് പദ്ധതിയിട്ടിരുന്നത്. "

ഖജൂരി ഖാസ് പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു എഫ്‌ഐ‌ആറിലും ജനുവരി 8 ലെ യോഗം പരാമർശിക്കപ്പെട്ടു. ഡൽഹി പോലിസ് ക്രൈംബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ 101 പ്രകാരമുള്ള കുറ്റപത്രത്തിൽ ഖാലിദ് സെയ്ഫിയും ഉമർ ഖാലിദും ചേർന്ന് 2020 ജനുവരി 8 ന് ശാഹീൻ ബാഗിൽ നടന്ന കൂടിക്കാഴ്ചയിൽ ഈ കലാപങ്ങൾ ആസൂത്രണം ചെയ്തതായി പ്രതി താഹിർ ഹുസൈൻ വെളിപ്പെടുത്തിയതായി പറയുന്നു.

എഫ്‌ഐ‌ആർ 101: താഹിർ ഹുസൈനെ ഉമർ ഖാലിദുമായി ബന്ധിപ്പിക്കുന്ന ഒരു ഫ്ലോ ചാർട്ട്

ക്രൈംബ്രാഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആർ 101 ന്റെ കുറ്റപത്രത്തിൽ ഒരു ഫ്ലോചാർട്ട് ഉണ്ട്, അതിൽ പേരുള്ള 21 പൗരത്വ പ്രക്ഷോഭകരിൽ ഉമർ ഖാലിദും അവരുടെയെല്ലാം ഫോൺ നമ്പറുകളും ഉൾപ്പെടുന്നു.

കുറ്റപത്രത്തിൽ ഇങ്ങനെ പറയുന്നു: "താഹിർ ഹുസൈൻ മറ്റ് സഹ ഗൂഡാലോചനക്കാരുമായി ബന്ധപ്പെടുന്നതും കാണിക്കുന്ന ഒരു ഫ്ലോ ചാർട്ട് തയ്യാറാക്കി ചുവടെ കാണിച്ചിരിക്കുന്നു. ഈ വ്യക്തികളെല്ലാം താഹിർ ഹുസൈനോടൊപ്പം വടക്കുകിഴക്കൻ ഡൽഹിയിൽ വ്യാപകമായി കലാപമുണ്ടാക്കാനും ആക്രമണം നടത്താനും ആഴത്തിലുള്ള ​ഗൂഡാലോചന നടത്തിയിട്ടുണ്ട്.

എഫ്‌ഐ‌ആർ 50: ജനുവരിയിൽ ഒരു സ്വകാര്യ യോ​ഗം നടത്തി പി‌എഫ്‌ഐയിൽ നിന്ന് ഉമർ ഖാലിദ് ഫണ്ടുകൾ ക്രമീകരിക്കുന്നു. ജാഫറാബാദ് പോലിസ് സ്റ്റേഷനിൽ സമർപ്പിച്ച എഫ്ഐആർ 50 പ്രകാരമുള്ള കുറ്റപത്രം ഇപ്രകാരമാണ്:

സി‌ആർ‌പി‌സിയിലെ സെക്ഷൻ 161, 164 പ്രകാരം ഒരു സംരക്ഷിത സാക്ഷി ( പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലാത്ത, വിചാരണയ്ക്ക് ഹാജരാകേണ്ട ആവശ്യമില്ലാത്ത, ജഡ്ജിനു മുന്നിൽ മാത്രമേ ഇത്തരം സാക്ഷികളെ ഹാജരാക്കേണ്ടതുള്ളു.) പോലിസിനോട് പറഞ്ഞു, 2020 ജനുവരി അവസാന വാരത്തിൽ ഉമർ ഖാലിദ് പ്രതിഷേധ സ്ഥലമായ സീലാംപൂരിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഓഫീസിൽ സ്വകാര്യ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും യോഗത്തിൽ സംരക്ഷിത സാക്ഷിയായ അവളുടെ കൂട്ടാളികൾ അവിടെ ഉണ്ടായിരുന്നു. പ്രസംഗങ്ങൾ മാത്രം പര്യാപ്തമല്ലെന്ന് ഉമർ ഖാലിദ് അവരോട് പറഞ്ഞു. ഇപ്പോൾ സർക്കാർ മുസ് ലിംകൾക്കെതിരേയാണ്, "ഖൂൻ ബഹന പടേഗ ഐസേ നഹി ചാലേഗ, ചക്ക ജാം ഹി അഖ്രി രാസ്ത ഹേയ്, ഹമേ സർക്കാർ കോ ഘുട്ട്നോ കെ ബൽ ലാന ഹി ഹോഗാ, സംഘിയോൻ കി സർക്കാർ ഐസ് നഹി മാനെഗി,"

കുറ്റപത്രങ്ങളിൽ സംരക്ഷിത സാക്ഷിയെ അവൾ എന്നാണ് സൂചിപ്പിക്കുന്നത്, എന്നാൽ എഫ്‌ഐ‌ആറിൽ രണ്ടിടത്ത് സംരക്ഷിത സാക്ഷിയെ ഒരു പുരുഷൻ എന്നാണ് വിളിക്കുന്നത്. സി‌എ‌എ വിരുദ്ധ പ്രവർത്തകനായ ഗുൽഫിഷ ഫാത്തിമയുടെ മൊഴി പ്രകാരം കുറ്റപത്രത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്: "സാമ്പത്തികമായും പ്രതിഷേധം സംഘടിപ്പിക്കാൻ ഉമർ ഖാലിദ് സഹായിച്ചിരുന്നു. പണത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും എനിക്ക് പിഎഫ്ഐയിൽ നിന്ന് പണം ലഭിക്കുമെന്നും അദ്ദേഹം പറയുമായിരുന്നു."

ഉമർ ഖാലിദിനെതിരായ യഥാർത്ഥ എഫ്‌ഐആർ: 'പ്രകോപനപരമായ പ്രസംഗങ്ങൾ'

ഉമർ ഖാലിദിനെതിരായ യഥാർത്ഥ എഫ്‌ഐആർ 'പ്രകോപനപരമായ പ്രസംഗങ്ങൾ' നടത്തിയെന്നായിരുന്നു. എന്നാൽ ഡൽഹി പോലിസ് സ്‌പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ 59 പിന്നീട് 'ഗൂഡാലോചന' എഫ്‌ഐആർ ആയി വികസിക്കുകയായിരുന്നു. മാർച്ച് 6നായിരുന്നു ഉമർ ഖാലിദിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആ എഫ്‌ഐ‌ആർ ഇങ്ങനെ പറയുന്നു: "ഖാലിദ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശന വേളയിൽ തെരുവിലിറങ്ങി റോഡുകൾ തടയണമെന്നും പൗരന്മാരോട് അഭ്യർത്ഥിച്ചു."

ഈ എഫ്‌ഐ‌ആറിന് കീഴിലുള്ള കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ലാത്തതിനാൽ, ഈ രണ്ട് പ്രസംഗങ്ങൾ എന്താണെന്ന് വ്യക്തമല്ല. മഹാരാഷ്ട്രയിലെ അമരാവതിയിൽ ഉമർ ഖാലിദ് നടത്തിയ ഒരു പ്രസംഗം ബിജെപി ഐടി സെൽ മേധാവി അമിത് മാൽവിയ ഫെബ്രുവരി 17 ന് പങ്കുവച്ചിരുന്നു. മാർച്ച് 11 ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് പാർലമെന്റിൽ ആവർത്തിച്ചു. പ്രതിഷേധിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് ഖാലിദ് അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചു. എന്നിരുന്നാലും, ബിജെപി പ്രചരിപ്പിച്ച വീഡിയോവിൽ ഖാലിദിന്റെ പ്രസംഗത്തിന്റെ അവസാന 40 സെക്കൻഡ് മാത്രമേ അടങ്ങിയിട്ടുള്ളൂ. ഡൽഹി പോലിസും അമിത് ഷായും പരാമർശിക്കുന്ന പ്രസംഗം ഫെബ്രുവരി 20 ന് അമരാവതിയിൽ നടത്തിയ പ്രസംഗമാണ്.