ഇന്ത്യയിലെ ഒമ്പത് അതിസമ്പന്നരുടെ ആസ്തി രാജ്യത്തിന്റെ 50 ശതമാനം ആസ്തിക്ക് തുല്ല്യം

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ സാധാരണക്കാര്‍ പാടുപെടുമ്പോഴാണ് അതിസമ്പന്നര്‍ രാജ്യത്തിന്റെ 50 ശതമാനം ആസ്തി കൈവശംവയ്ക്കുന്നത്‌

Update: 2019-01-21 09:17 GMT

ന്യൂഡല്‍ഹി: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ സാധാരണക്കാര്‍ പാടുപെടുമ്പോള്‍ ഇന്ത്യയിലെ അതിസമ്പന്നരായ ഒമ്പതു പേര്‍ രാജ്യത്തെ സമ്പത്തിന്റെ സിംഹഭാഗവും കൈവശംവയ്ക്കുന്നതായി അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാം ഇന്റര്‍നാഷണലിന്റെ വാര്‍ഷിക റിപോര്‍ട്ട്. രാജ്യത്തെ 50 ശതമാനം ആസ്തിയും അതിസമ്പന്നാരായ ഒമ്പത് പേരുടെ കൈവശമാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബൈമാനിയ പറഞ്ഞു.

രാജ്യത്തെ 77 ശതമാനം സമ്പത്ത് പത്ത് ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണ്.

രാജ്യത്തെ 60 ശതമാനം വരുന്ന ജനങ്ങള്‍ക്ക് ലഭ്യമാകുന്നത് 4.8 ശതമാനം മാത്രമാണെന്നും ഓക്‌സ്ഫാം രേഖകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ 13.6 കോടിവരുന്ന പരമ ദരിദ്രരായ പത്ത് ശതമാനം ഇന്ത്യക്കാര്‍ 2004 മുതല്‍ കടബാധ്യതയില്‍ മുങ്ങിത്താഴുകയാണെന്നും പഠനം പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 18 പുതുകോടീശ്വരന്‍മാര്‍ ഉണ്ടായി. ഇതോടെ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണം 119 ആയി ഉയര്‍ന്നു. 28 ലക്ഷം കോടി രൂപയാണ് ഇവരുടെ ആകെ സമ്പത്ത്. രാജ്യത്തെ ഒരു ശതമാനം വരുന്ന അതി സമ്പന്നര്‍ക്ക് ഒരു വര്‍ഷം കൊണ്ട് ഉണ്ടായത് 36 ശതമാനം വളര്‍ച്ചയാണ്. എന്നാല്‍ കേവലം മൂന്ന് ശതമാനം മാത്രം വളര്‍ച്ചയാണ് രാജ്യത്തെ പകുതിയോളം വരുന്ന ദരിദ്ര വിഭാഗത്തിന്റെ ആസ്തിയിലുണ്ടായത്.രാജ്യത്തെ സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതാവസ്ഥ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ തന്നെ തകിടംമറിക്കുന്നതാണെന്നും റിപ്പോര്‍ട്ട് ഓക്‌സ്ഫാം ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര പണം നിക്ഷേപിക്കാത്തതും, അതി സമ്പന്നരും, വന്‍കിട കമ്പനികളും കൃത്യമായി നികുതിയടക്കാത്തതുമാണ് രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്കു കാരണമെന്നും വാര്‍ഷിക റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ അസമത്വത്തിന് ഇരകളാവുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ മികച്ച ആരോഗ്യവും വിദ്യാഭ്യാസവും ഇന്നും ആഢംബരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വേള്‍ഡ് എക്കണോമിക്ക് ഫോറം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ലോകത്തെ സമ്പന്നരുടേയും ശക്തരുടേയും വാര്‍ഷിക കൂടിച്ചേരലിന് വേദിയാവുന്ന ദാവൂസില്‍ സംഗമിക്കുന്ന രാഷ്ട്രീയ വ്യവസായിക നേതാക്കള്‍ സമ്പന്ന-ദരിദ്ര വിഭജനം വര്‍ധിക്കുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഓക്‌സ്ഫാം ആവശ്യപ്പെട്ടു. വര്‍ധിച്ചുവരുന്ന അസമത്വം ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെ പിന്നാക്കംവലിക്കുമെന്നും സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്നും ലോകവ്യാപകമായി ജനങ്ങള്‍ തെരുവിലിറങ്ങാന്‍ ഇടയാക്കുമെന്നും ഓക്‌സ്ഫാം ചൂണ്ടിക്കാട്ടുന്നു.

Tags: