ബുള്‍ഡോസര്‍ ഇടിച്ചുനിരത്തലിന് സ്‌റ്റേ ഇല്ല; ഹരജികള്‍ ആഗസ്റ്റ് 10ന് സുപ്രിം കോടതി പരിഗണിക്കും

സ്‌റ്റേ ഉത്തരവ് പുറപ്പടുവിച്ചാല്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നടപടി എടുക്കാന്‍ മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.

Update: 2022-07-13 09:46 GMT

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നത് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. സ്‌റ്റേ ഉത്തരവ് പുറപ്പടുവിച്ചാല്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നടപടി എടുക്കാന്‍ മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.അതേസമയം, പൊളിക്കല്‍ നടപടി ചോദ്യംചെയ്ത് ജംഇയത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജി ആഗസ്ത് പത്തിന് പരിഗണിക്കാന്‍ സുപ്രിം കോടതി മാറ്റി.

അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുമ്പോള്‍ നിയമവും ചട്ടവും പാലിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഏതെങ്കിലും അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എതിരെ നിയമപ്രകാരം നടപടി എടുക്കുന്നതില്‍നിന്ന് മുന്‍സിപ്പാലിറ്റികളെ വിലക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പ്രവാചകനിന്ദാ പരാമര്‍ശത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളുടെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ യുപി സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് ജംഇയത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രിം കോടതി സ്‌റ്റേ ആവശ്യം തള്ളിയത്.

ഉത്തര്‍പ്രദേശിന് പുറമെ മറ്റ് പല സംസ്ഥാനങ്ങളിലും ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുടെ കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിക്കുന്നതായി ഹര്‍ജിക്കാരായ ജംഇയത്തുല്‍ ഉലമ ഹിന്ദിന്റെ അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസുകളില്‍ പ്രതികളായവരുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും നിയമവ്യവസ്ഥയ്ക്ക് ഇത് എതിരാണെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ വാദിച്ചു.

എന്നാല്‍, അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എതിരെ എടുക്കുന്ന നടപടി തടസ്സപ്പെടുത്താന്‍ ജംഇയത്തുല്‍ ഉലമ ഹിന്ദ് പ്രോക്‌സി ഹര്‍ജികള്‍ ഫയല്‍ചെയ്യുകയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചു. കാണ്‍പുരില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ച രണ്ട് കെട്ടിടങ്ങളുടെയും ഉടമകള്‍ തങ്ങളുടെ നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അവകാശപ്പെട്ടു.

Tags:    

Similar News