വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: മരണം 125

Update: 2024-07-30 16:29 GMT

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ സംഖ്യ 125 ആയി. ചാലിയാര്‍ പുഴയിലൂടെ ഒലിച്ചുവന്ന മൃതദേഹങ്ങള്‍ ഉള്‍പ്പെടെയാണിത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇനിയും 250ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഇന്ന് പുലര്‍ച്ചെ നാലിന് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോവുകയുംചെയ്തു. നിരവധിപേരാണ് ദുരന്തമേഖലയില്‍ കുടുങ്ങിയത്. പരിക്കേറ്റ നൂറിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

    അതിനിടെ, ചൂരല്‍മലയില്‍ താല്‍ക്കാലിക പാലത്തിന്റെ നിര്‍മിച്ചു. സൈന്യവും കേരള ഫയര്‍ ഫോഴ്‌സും സംയുക്തമായാണ് പാലം നിര്‍മിച്ചത്. രക്ഷാപ്രവര്‍ത്തനം രാത്രിയും തുടര്‍ന്നു. വൈകീട്ടോടെ സൈന്യവും എന്‍ഡിആര്‍എഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. ദുരന്ത ഭൂമിയില്‍ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയില്‍ കണ്ടെത്തി. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്തിത്തുടങ്ങി. താല്‍കാലിക പാലം നിര്‍മിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ഗുണം ചെയ്തു.

    കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (ഡിഎസ് സി) സെന്ററില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങളാണ് വയനാട്ടിലേക്കെത്തിയത്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ട്.

Tags: