വിഴിഞ്ഞം സമരം, പോലിസ് സ്‌റ്റേഷന്‍ ആക്രമണം; ഇതുവരെ 168 കേസുകള്‍, 1,000 പേരെ തിരിച്ചറിഞ്ഞു

Update: 2022-12-02 05:08 GMT

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണങ്ങളുടെ പേരില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 168 ഓളം കേസുകള്‍. പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചവരുള്‍പ്പെടെ ആയിരം പേരെ തിരിച്ചറിഞ്ഞതായാണ് പോലിസ് വ്യക്തമാക്കുന്നത്. പ്രതികളെ തിരിച്ചറിയുന്നതിന് വിലാസം ഉള്‍പ്പെടെയുള്ള പട്ടിക തയ്യാറാക്കിയിരിക്കുകയാണ് പോലിസ്. അറസ്റ്റിലേക്ക് കടക്കുന്നതിനുള്ള സുരക്ഷാ മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, സ്ത്രീകളെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനം. ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്.

ഡിസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ക്രൈം കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേകസംഘവുമുണ്ട്. ഒരു വ്യക്തി തന്നെ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. പോലിസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ഉന്നതതലത്തില്‍ നിന്ന് അനുമതി ലഭിച്ചാല്‍ അറസ്റ്റുമായി മുന്നോട്ടുപോവും. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ ഓരോ ദിവസവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. എസ്പിമാര്‍, ഡിവൈഎസ്പിമാര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്‌ഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിലുള്ളത്. വിഴിഞ്ഞത്ത് പോലിസ് പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി.

പോലിസ് ടെന്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. വിഴിഞ്ഞത്ത് കൂടുതല്‍ പോലിസിനെ വിന്യസിക്കും. പേരൂര്‍ക്കട എസ്എപി ക്യാംപിലെ പോലിസുകാരെ സജ്ജമാക്കി നിര്‍ത്തി. പ്രതിപ്പട്ടികയിലുള്ളവരുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കും. വിഴിഞ്ഞം ആക്രമണത്തില്‍ വൈദികര്‍ക്കും പങ്കുണ്ടെന്ന് പോലിസ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ സമരക്കാര്‍ ലംഘിച്ചെന്നും പദ്ധതി പ്രദേശത്തേക്കെത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ തടഞ്ഞെന്നും പോലിസ് റിപോര്‍ട്ടില്‍ പറയുന്നു.

വൈദികര്‍ പള്ളി മണിയടിച്ച് കൂടുതല്‍ ആളുകളെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു. തുടര്‍ന്ന് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേര്‍ സംഭവസ്ഥലത്തെത്തിയെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഫാ.യൂജിന്‍ പെരേരയടക്കമുള്ള വൈദികരുടെ നേതൃത്വത്തില്‍ 500 ഓളം പേര്‍ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചുകയറി. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നത് തടയണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ കയറിയത്.

തുറമുഖ ഓഫിസിലെ സിസിടിവി കാമറകളടക്കം ഇവര്‍ അടിച്ചുതകര്‍ത്തുവെന്നും ഇതിലൂടെ 2.20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. പൊതുനിരത്തിലുണ്ടായിരുന്ന 20 സ്വകാര്യവാഹനങ്ങളും നശിപ്പിക്കപ്പെട്ടു. 64 പോലിസുകാര്‍ക്ക് പരിക്കേറ്റു. വിഴിഞ്ഞം പോലിസ് സ്‌റ്റേഷന്‍ ആക്രമണത്തിന് മുമ്പ് സമീപത്തെ കടകളിലെ സിസിടിവി കാമറകള്‍ നശിപ്പിച്ചതായും റിപോര്‍ട്ടുണ്ട്. വിഴിഞ്ഞം പോലിസ് സ്‌റ്റേഷന്‍ ആക്രമണമടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉടനുണ്ടാവുമെന്ന് ഡിജിപി അനില്‍ കാന്ത് ഇന്നലെ പറഞ്ഞിരുന്നു.

Tags: