അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചെങ്കില്‍ അത് തെറ്റ്: ശ്രീധരന്‍ പിള്ള; ചട്ടലംഘനം നടത്തിയെന്നത് ശരിവച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍; പ്രതികരിക്കാനില്ലെന്ന് കലക്ടര്‍ അനുപമ

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഭക്തന്റെ ഗതികേടാണെന്നും സുരേഷ് ഗോപി ഇന്നു രാവിലെ പ്രതികരിച്ചിരുന്നു. പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Update: 2019-04-07 06:19 GMT

തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചെങ്കില്‍ അതു തെറ്റാണെന്നും സുരേഷ് ഗോപി അങ്ങനെ ചെയ്‌തെന്നു കരുതുന്നില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. സുരേഷ് ഗോപി ചട്ടലംഘനം നടത്തിയിട്ടില്ലെന്നും കലക്ടറുടെ നോട്ടീസിന് മറുപടി നല്‍കുന്നതിനുള്ള നടപടികള്‍ ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പ്രസംഗത്തില്‍ ശബരിമല വിഷയം ഉന്നയിച്ചാല്‍ അത് തെറ്റാകില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം, പിണറായി വിജയനു ദാസ്യവേല ചെയ്യുകയാണ് കലക്ടറെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. പിണറായി വിജയന് ദാസ്യവേല ചെയ്യുകയാണ് കലക്ടര്‍ ടി വി അനുപമ. നവോത്ഥാന മതില്‍ പങ്കെടുത്ത ആളാണ് അവരെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.അയ്യന്‍ എന്നതിന്റെ അര്‍ഥം സഹോദരന്‍ എന്നാണെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസിന് പാര്‍ട്ടി വിശദീകരണം നല്‍കുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഭക്തന്റെ ഗതികേടാണെന്നും സുരേഷ് ഗോപി ഇന്നു രാവിലെ പ്രതികരിച്ചിരുന്നു. പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ബിജെപി നേതാവിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്ന് ടി വി അനുപമ അറിയിച്ചു. അതേ സമയം പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കലക്ടര്‍ തന്നെ ഇതിന്റെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു കാണിച്ചായിരുന്നു അത്. തൃശ്ശൂരിലെ എന്‍ഡിഎ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണു താന്‍ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Tags:    

Similar News