ശിവസേനവിമത- ബിജെപി സഖ്യത്തിന് വിജയം; രാഹുല്‍ നര്‍വേകര്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍

Update: 2022-07-03 07:15 GMT

മുംബൈ: ആഴ്ചകള്‍ നീണ്ട രാഷ്ട്രീയനാടകങ്ങള്‍ അരങ്ങേറിയ മഹാരാഷ്ട്രയില്‍ ഇന്ന് നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ശിവസേനവിമത- ബിജെപി സഖ്യത്തിന് വിജയം. ബിജെപി നിയമസഭാംഗമായ രാഹുല്‍ നര്‍വേകര്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്നിനാണ് തിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തന് 164 വോട്ടുകള്‍ ലഭിച്ചു.

ശിവസേന ഉദ്ദവ് താക്കറെ പക്ഷത്തുനിന്നുള്ള രാജന്‍ സാല്‍വിയെയാണ് അദ്ദേഹം തറപറ്റിച്ചത്. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വോട്ട് ചെയ്യാനെത്തിയിരുന്നു.

സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് മാറിനിന്നു. ആകെ രണ്ട് എംഎല്‍എമാരാണ് എസ്പിക്കുള്ളത്, അബു അസാമിയും റയീസ് ഷെയ്ക്കും. എഐഎംഐഎം എംഎല്‍എയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

ശിവസേന എംഎല്‍എമാര്‍ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. നടപടി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. വിപ്പ് ലംഘിച്ചവരുടെ പേരുകളും എഴുതിയെടുത്തു.

രാജന്‍ സാല്‍വിക്ക് 107 വോട്ടാണ് ലഭിച്ചത്.

കോണ്‍ഗ്രസിലെ നാനാ പതോളിന്റെ രാജിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ സ്പീക്കര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. മഹാരാഷ്ട്രയില്‍ നിയമസഭാ സമ്മേളനം ഇന്നാരംഭിക്കുന്ന സാഹചര്യത്തിലാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നാളെയാണ് വിശ്വാസവോട്ട് തേടുന്നത്. നിയമസഭാ സമ്മേളത്തില്‍ ആദ്യദിനം തന്നെ ശിവസേനയും ബിജെപിയും മുഖാമുഖം മല്‍സരിക്കുകയാണ്.

288 അംഗങ്ങളുളള സഭയില്‍ ചെറുപാര്‍ട്ടികളും സ്വതന്ത്രരുമായ പത്ത് പേരും 106 ബിജെപി എംഎല്‍എമാരും ശിവസേനവിമതരുമാണ് ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണയ്ക്കുന്നത്.

ശിവസേനക്ക് 55 സീറ്റുണ്ട്. എന്‍സിപി 53, കോണ്‍ഗ്രസ് 44, ബിജെപി 106, ബഹുജന്‍ വികാസ് അഘാഡിക്ക് 3, സമാജ് വാദി പാര്‍ട്ടി 2, എഐഎംഐഎം 2, പ്രഹാര്‍ ജനശക്തി 1, സിപിഎം 1, പിഡബ്ല്യുപി 1, സ്വാഭിമാനി പക്ഷ 1, രാഷ്ട്രീയ സമാജ് പക്ഷ 1, ജനസുരാജ്യ ശക്തി പാര്‍ട്ടി 1, ക്രാന്തിരാരി ഷെത്കാരി പാര്‍ട്ടി 1.

ശിവസേന എംഎല്‍എയുടെ മരണത്തോടെ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 2 എന്‍സിപി എംഎല്‍എമാര്‍ക്ക് കൊവിഡാണ്. രണ്ട് പേര്‍ ജയിലിലാണ്.

Tags:    

Similar News