വട്ടവട പഞ്ചായത്ത് കേരളത്തില്‍ തന്നെയല്ലേ; ജാതിക്കോമരങ്ങള്‍ ഇവിടെ ഇപ്പോഴുമുണ്ട്

ഇടതുപക്ഷമാണ് ഇവിടെ കാലങ്ങളായി ഭരിക്കുന്നതെങ്കിലും ജാതിവാഴ്ച്ചയുടെ അവശേഷിപ്പുകള്‍ക്കു മുന്നില്‍ അവരും നിശബ്ദരാണ്.

Update: 2020-09-04 11:05 GMT

ഇടുക്കി: തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിയമം മൂലം നിരോധിച്ചിട്ട് അര നൂറ്റാണ്ടിലേറെ പിന്നിട്ടെങ്കിലും കേരളത്തിലെ ഒരു പഞ്ചായത്തില്‍ ഇപ്പോഴും ജാതിഭ്രാന്തിന്റെ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നു. ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലെ ദലിത് (ചക്ലിയന്‍) കുടുംബങ്ങളാണ് 21ാം നൂറ്റാണ്ടിലും ജാതിക്കോമരങ്ങളുടെ അഹങ്കാരത്തിനു മുന്നില്‍ കീഴടങ്ങി ജീവിക്കുന്നത്. ഇടതുപക്ഷമാണ് ഇവിടെ കാലങ്ങളായി ഭരിക്കുന്നതെങ്കിലും ജാതിവാഴ്ച്ചയുടെ അവശേഷിപ്പുകള്‍ക്കു മുന്നില്‍ അവരും നിശബ്ദരാണ്.

വട്ടവടയില്‍ താമസിക്കുന്ന ചക്ലിയ കുടുംബങ്ങളില്‍ നിന്നുള്ളവരുടെ മുടിവെട്ടാന്‍ പ്രദേശത്തെ ഒരു ബാര്‍ബര്‍മാരും തയ്യാറാകുന്നില്ല. അവരെ ജാതിയുടെ പേരില്‍ വിലക്കുന്നതാണ് കാരണം. വട്ടവടയിലെ ചക്ലിയ സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് മുടിവെട്ടണമെങ്കില്‍ 12 കീലോമീറ്റര്‍ അകലെയുള്ള എല്ലപ്പേട്ടിയിലേക്കോ, 42 കിലോമീറ്റര്‍ അകലെയുള്ള മുന്നാറിലേക്കോ പോകണം. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇതിനു കഴിയാത്തവര്‍ പരസ്പരം മുടിവെട്ടുകയാണ് ചെയ്യുന്നത്. 13 വാര്‍ഡുകളുള്ള വട്ടവട പഞ്ചായത്തിലെ 8 വാര്‍ഡുകളിലായി മന്നാഡിയാര്‍, ചെട്ടിയാര്‍, മറാവര്‍ എന്നിവരുള്‍പ്പെടെയുള്ള 2000ത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ചക്ലിയന്‍ സമുദായത്തില്‍ നിന്നുള്ളവരെ ബാര്‍ബര്‍ ഷോപ്പുകളില്‍ കയറ്റരുതെന്നാണ് ഇവരുടെ ഉത്തരവ്. ബാര്‍ബര്‍മാര്‍ അത് അനുസരിക്കുകയും ചെയ്യുന്നു. ചക്ലിയന്‍ സമുദായത്തില്‍ നിന്നുള്ളവരെ തങ്ങളുടെ വീടുകളിലേക്കും മറ്റു ജാതിക്കാര്‍ പ്രവേശിപ്പിക്കാറില്ല.

തൊട്ടുകൂടായ്മ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മറ്റു ജാതിക്കാരുമായി പഞ്ചായത്ത് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല എന്നാണ് സിപിഎം നേതൃത്വം പറയുന്നത്. 1985 വരെ ചക്ലിയന്‍മാര്‍ക്ക് ഇവിടുത്തെ ചായക്കടകളില്‍ ചിരട്ടയിലാണ് ചായ നല്‍കിയിരുന്നത്. അത് നിര്‍ത്തലാക്കിയ ശേഷം ചക്ലിയന്‍മാര്‍ക്കു മാത്രമായി പ്രത്യേക ഗ്ലാസ് മാറ്റിവെക്കുന്ന പതിവ് ആരംഭിച്ചു. ഇപ്പോള്‍ പാര്‍ട്ടിയുടെ ഇടപെടല്‍ കാരണം അത് ഒഴിവാക്കിയിട്ടുണ്ടെന്നാണ് സിപിഎം അവകാശപ്പെടുന്നത്.

ചക്ലിയന്‍ സമുദായാംഗങ്ങളുടെ മുടിവെട്ടാന്‍ തയ്യാറാകാതിരുന്ന രണ്ട് ബാര്‍ബര്‍ ഷോപ്പുകളുടെ ലൈസന്‍സ് റദ്ദ് ചെയ്തതായും അവ അടപ്പിച്ചതായും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ജാതി പരിഗണിക്കാതെ എല്ലാവരുടെയും മുടിവെട്ടാന്‍ തയ്യാറാകുന്നവര്‍ക്ക് മാത്രം ഇനി ലൈസന്‍സ് നല്‍കിയാല്‍ മതിയെന്നാണ് പഞ്ചായത്തിന്റെ തീരുമാനം. 

Tags:    

Similar News