'പെറ്റി സര്‍ക്കാര്‍' എന്ന് വിമര്‍ശനം: പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി; നിബന്ധനയില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

Update: 2021-08-06 06:46 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം. 'പെറ്റി സര്‍ക്കാര്‍' എന്ന് ഈ സര്‍ക്കാരിനെ ചരിത്രത്തില്‍ വിലയിരുത്തപ്പെടും എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.

ജനങ്ങളെ ദുരിതത്തിലാക്കുന്ന നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു. കെ ബാബു എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നുവെന്നും പോലിസ് പിഴ ഈടാക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.

കടകളിലെത്തുന്നവര്‍ രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. രേഖകളുടെ പ്രിന്റ് ഔട്ടോ അല്ലെങ്കില്‍ മൊബൈലിലോ കാണിക്കാം. കൊവിഡ് വന്നുപോയവര്‍ ഒരു മാസം മുമ്പാണ് രോഗം വന്നതെന്ന രേഖയും നല്‍കണം എന്നിങ്ങനെയാണ് കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍.

അതേസമയം, കടയില്‍ പോകാന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. വകഭേദം വന്ന ഡെല്‍റ്റ വൈറസാണ് രണ്ടാം തരംഗത്തില്‍ പടരുന്നതെന്നും രോഗികളുടെ എണ്ണം ഇരട്ടി ആകാന്‍ സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷിച്ച് വേണം ഇളവുകള്‍ നല്‍കേണ്ടതെന്നാണ് സുപ്രിംകോടതി പറഞ്ഞിട്ടുള്ളതെന്നും ഇത് മനസിലാക്കാതെയുള്ള ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും പ്രതിപക്ഷ എംഎല്‍എ കെ ബാബു പറഞ്ഞു. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അപ്രായോഗികമാണ്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണ്. നിയന്ത്രണം മറികടക്കുമ്പോള്‍ തടയാന്‍ ബാധ്യത പോലിസിന് ഉണ്ടെന്നുമായിരുന്നു ആരോഗ്യ മന്ത്രിയുടെ വാദം. സര്‍ക്കാര്‍ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ 'പെറ്റി സര്‍ക്കാര്‍' ആണ്. സംസ്ഥാനത്ത് ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ അമ്പത് ശതമാനത്തിലും താഴെയാണ്.

ബാക്കിയുള്ള 57.86 ശതമാനം പേര്‍ക്കും കടയില്‍ പോകണമെങ്കതില്‍ അഞ്ഞൂറ് രൂപ കൊടുത്ത് ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് എടുക്കണം. ഇതെന്തുതരം നിയന്ത്രണമാണെന്നും വി ഡി സതീശന്‍ ചോദിച്ചു. പ്രമുഖരായ വ്യക്തികള്‍ വരെ നിയന്ത്രണത്തെ വിമര്‍ശിക്കുന്നത് കാണാതെ പോകരുതെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. തുടര്‍ന്ന് പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Tags:    

Similar News