ലഖിംപൂർ ഖേരി: കർഷകരുടെ മൃതദേഹവുമായി ഉപരോധം; ചന്ദ്രശേഖർ കസ്റ്റഡിയിൽ, അഖിലേഷിനെ തടഞ്ഞു
സ്ഥലത്തേക്ക് എത്തുമെന്ന് കരുതിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു. ഭൂപേഷ് ബാഗലിന്റെ വിമാനത്തിന് ലഖ്നോവിൽ ഇറങ്ങാൻ അനുമതി നൽകിയില്ല.
ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധമിരമ്പുന്നു. കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് മൃതദേഹവുമായി കർഷകർ റോഡ് ഉപരോധിക്കുകയാണ്. ഡൽഹി യുപി ഭവന്റെ മുന്നിലേക്ക് കർഷക സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചു. 11 മണിക്കാണ് പ്രതിഷേധ മാർച്ച് നടക്കുക. പ്രദേശത്ത് വൻ പോലിസ് സന്നാഹമുണ്ട്.
അതിനിടെ കർഷകർക്ക് കൂടുതൽ നേതാക്കൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനായി ലഖിംപൂർ ഖേരിയിലേക്ക് പോയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ലഖ്നോവിൽ പ്രിയങ്കയെ യുപി പോലിസ് തടഞ്ഞിരുന്നു. തുടർന്ന് നടന്ന് ലഖിംപൂർ ഖേരിയിലേക്ക് നടന്ന് പോകാനായിരുന്നു പ്രിയങ്കയുടെ നീക്കം. പിന്നാലെയാണ് പ്രിയങ്ക അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രിയങ്കയെ സീതാപൂർ പോലിസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
സ്ഥലത്തേക്ക് എത്തുമെന്ന് കരുതിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു. ഭൂപേഷ് ബാഗലിന്റെ വിമാനത്തിന് ലഖ്നോവിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും ബിഎസ്പി നേതാക്കളെയും വീടിന് പുറത്തിറങ്ങാൻ പോലിസ് അനുവദിക്കുന്നില്ല. സ്ഥിതി മെച്ചപ്പെടാതെ നേതാക്കളെ ലഖിംപുർ ഖേരിയിൽ എത്താൻ അനുവദിക്കില്ലന്നാണ് യുപി പോലിസ് നിലപാട്.
ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാര്‍ക്കെതിരേ നടന്ന പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി നാല് കര്‍ഷകർ ഉൾപ്പെടെ 9 പേരെയാണ് കൊലപ്പെടുത്തിയത്. സംഘർഷത്തിൽ പരിക്കേറ്റ പ്രാദേശിക മാധ്യമപ്രവർത്തകൻ രാം കശ്യപ് ഇന്ന് ആശുപത്രിയിലും മരിച്ചു. ഇതോടെയാണ് മരിച്ചവരുടെ എണ്ണം 9 ആയത്.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്കും 14 പേർക്കുമെതിരേ കേസെടുത്തു. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നിർഭാഗ്യകരമായെന്നും കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.
