യുപി: 159 സ്ഥാനാർത്ഥികളുടെ പട്ടിക എസ്പി പുറത്തിറക്കി; അഖിലേഷ് യാദവ് കർഹാലിൽ
ജനുവരി 13ന് ബിജെപി വിട്ട് എസ്പിയിൽ ചേർന്ന ആയുഷ് മന്ത്രിയും എംഎൽഎയുമായ ധരം സിങ് സൈനിയെ സഹരൻപൂരിലെ നകൂർ മണ്ഡലത്തിൽ നിന്ന് മൽസരിപ്പിക്കും.
ലഖ്നോ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 159 സ്ഥാനാർത്ഥികളുടെ പട്ടിക സമാജ്‌വാദി പാർട്ടി (എസ്പി) തിങ്കളാഴ്ച പുറത്തിറക്കി. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കർഹാലിൽ നിന്ന് മൽസരിക്കും.
ജയിലിൽ കിടക്കുന്ന എംപി അസം ഖാനെ രാംപൂർ സീറ്റിൽ നിന്നും മകൻ അബ്ദുല്ല അസം ഖാനെ സുവാറിൽ നിന്നും പാർട്ടി മൽസരിപ്പിക്കും. നിലവിൽ അസം ഖാന്റെ ഭാര്യ തൻസീൻ ഫാത്തിമയാണ് രാംപൂർ കൈവശം വച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25 വയസ്സിൽ താഴെ പ്രായമുള്ള അബ്ദുള്ള എംഎൽഎയാവുകയും പിന്നീട് അയോഗ്യനാക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് സുവാർ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ അദ്ദേഹം മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
എസ്പി ശക്തികേന്ദ്രമായ മെയിൻപുരിയിലെ കർഹാൽ മണ്ഡലത്തിൽ നിന്ന് അഖിലേഷ് മൽസരിക്കുമ്പോൾ, അദ്ദേഹത്തിന്റെ അമ്മാവനും പ്രഗതിശീല് സമാജ് വാദി പാർട്ടി (ലോഹ്യ) നേതാവുമായ ശിവ്പാൽ യാദവ് ഇറ്റാവ ജില്ലയിലെ ജസ്വന്ത്നഗറിൽ നിന്ന് മൽസരിക്കും.
ജനുവരി 13ന് ബിജെപി വിട്ട് എസ്പിയിൽ ചേർന്ന ആയുഷ് മന്ത്രിയും എംഎൽഎയുമായ ധരം സിങ് സൈനിയെ സഹരൻപൂരിലെ നകൂർ മണ്ഡലത്തിൽ നിന്ന് മൽസരിപ്പിക്കും.
ബറേലി കന്റോൺമെന്റ് മണ്ഡലത്തിൽ കോൺഗ്രസിൽ നിന്ന് വന്ന സുപ്രിയ ആരോണിനെയാണ് എസ്പി മൽസരിപ്പിക്കുക. ജനുവരി 13 ന് പുറത്തിറക്കിയ പാർട്ടിയുടെ ആദ്യ പട്ടികയിൽ കോൺഗ്രസ് അവരുടെ പേര് പ്രഖ്യാപിച്ചിട്ടും ആരോൺ ശനിയാഴ്ച എസ്പിയിൽ ചേരുകയായിരുന്നു. ആരോണിനൊപ്പം അവരുടെ ഭർത്താവും ബറേലിയിൽ നിന്നുള്ള മുൻ എംപിയുമായ പ്രവീൺ സിങ് ആരോണും എസ്പിയിൽ ചേർന്നിരുന്നു.
ലഖിംപൂർ ഖേരിയിലെ നിഘസൻ മണ്ഡലത്തിൽ നിന്ന് മുൻ യുപി ബിഎസ്പി അധ്യക്ഷൻ ആർഎസ് കുശ്വാഹ മൽസരിക്കും. കഴിഞ്ഞ വർഷമാണ് അദ്ദേഹം ബിഎസ്പി വിട്ട് എസ്പിയിൽ ചേർന്നത്.
