യുപിയിലെ മത പരിവര്‍ത്തന നിരോധന നിയമം ഭരണഘടനാവിരുദ്ധമെന്ന് മുന്‍ ജഡ്ജിമാര്‍
ന്യൂഡല്‍ഹി: 'ലൗ ജിഹാദ്' കേസുകള്‍ തടയുകയെന്ന പ്രചാരണത്തോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മത പരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ്-2020 ഭരണഘടനാ വിരുദ്ധമാണെന്ന് മുന്‍ ജഡ്ജിമാരുടെ വിമര്‍ശനം. ഇത് മൗലികാവകാശങ്ങള്‍ക്കെതിരായ വിചിത്രമായ നിയമങ്ങളിലൊന്നാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനു വേണ്ടി സൃഷ്ടിച്ചതാണ് 'ലൗ ജിഹാദ്' എന്ന പദമെന്നും നാലു മുന്‍ ജഡ്ജിമാര്‍ വ്യക്തമാക്കി. യുപിയില്‍ കൊണ്ടുവന്ന പുതിയ ഓര്‍ഡിനന്‍സ് പ്രകാരം മതം മാറുകയും വിവാഹം ചെയ്യുകയും ചെയ്യുന്നതിനു രണ്ട് മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങണം. ബലപ്രയോഗം, അനാവശ്യ സ്വാധീനം, ബലാല്‍ക്കാരം, ആകര്‍ഷണം, വഞ്ചന തുടങ്ങിയ വഴികളിലൂടെ വിവാഹം കഴിക്കാന്‍ വേണ്ടി മത പരിവര്‍ത്തനം നടത്തുന്നത് നിരോധിക്കുമെന്നാണ് നിയമത്തില്‍ പറയുന്നതെങ്കിലും ഇതരമതസ്ഥര്‍ പ്രത്യേകിച്ച് മുസ് ലിം യുവാക്കളും ഹിന്ദു യുവതികളുമായുള്ള പ്രണയവിവാഹം തടയുകയാണ് ലക്ഷ്യമിടുന്നത്.
പുതിയ നിയമം ഖാപ് പഞ്ചായത്തിന്റെ തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമായും സ്ത്രീകളെ കീഴ്‌പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നും ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജിയും ദേശീയ നിയമ കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ ജസ്റ്റിസ് എ പി ഷാ പറഞ്ഞു. ഇത് മതം തിരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നു അദ്ദേഹം പറഞ്ഞു. ഓര്‍ഡിനന്‍സ് വലിയ പൊതു പ്രശ്‌നങ്ങള്‍ക്കു പ്രാപ്തിയുണ്ട്. നിയമവാഴ്ചയും ഭരണഘടനയും നിയന്ത്രിക്കുന്ന ഒരു രാജ്യത്ത് ഒരു സര്‍ക്കാര്‍ ഇത്തരമൊരു നിയമം പാസാക്കിയെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഏത് ക്രിമിനല്‍ കേസിലും (പരിവര്‍ത്തനം) നിയമവിരുദ്ധമെന്ന് കരുതപ്പെടുന്നുവെങ്കില്‍, തെളിവുകള്‍ കണ്ടെത്തേണ്ടത് സാധാരണയായി പ്രോസിക്യൂഷനാണ്. എന്നാല്‍ പുതിയ ഓര്‍ഡിനന്‍സില്‍, എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധമാണെന്നാണു കരുതുന്നത്. തെളിവുകളുടെ ഭാരം ഇനിമുതല്‍ മതപരിവര്‍ത്തനം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ മേലാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമായതിനാല്‍ പോലിസിന് ആരെയും അറസ്റ്റ് ചെയ്യാനാവും. ഓര്‍ഡിനന്‍സ് ഉടനടി നിര്‍ത്തലാക്കണണം. ഒരുകാരണവശാലും ഈ ചട്ടം നടപ്പാക്കാന്‍ അനുവദിക്കരുത്. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് അവസാനിപ്പിക്കണം. ഇത് നീതിന്യായ വ്യവസ്ഥയ്ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിചിത്രമായ നിയമനിര്‍മാണങ്ങളിലൊന്നാണ് ഇതെന്നു സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ പറഞ്ഞു. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നില്ലെങ്കിലും സ്വമേധയാ മതപരിവര്‍ത്തനം നടത്തുന്നതിന് എതിരാണ് നിയമമെന്ന് അദ്ദേഹം പറഞ്ഞു. തെളിവുകളുടെ ഭാരം കുറ്റാരോപിതര്‍ക്കുമേല്‍ വരും. നിയമത്തില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ 'ആകര്‍ഷണം' എന്നതിന്റെ നിര്‍വചനം വളരെ അവ്യക്തവും വിശാലവുമാണ്.
നിയമത്തില്‍ വിഭാവനം ചെയ്തിട്ടുള്ള നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിനായി എങ്ങനെ വിവാഹം നടത്താന്‍ കഴിയും. അത്തരം വിവാഹങ്ങളില്‍ നിന്ന് ജനിക്കുന്ന കുട്ടികള്‍ പോലും അതിന്റെ ഭാരം വഹിക്കേണ്ടിവരും. വിവാഹത്തിനുശേഷമുള്ള മതപരിവര്‍ത്തനം അസാധുവാക്കുകയാണ്. അതിനാല്‍ ഒരു സ്ത്രീ സ്വയം മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍, വിവാഹം അസാധുവാകുകയും സന്തോഷത്തോടെ വിവാഹിതരായ ദമ്പതികളുടെ മക്കള്‍ ഉടന്‍ തന്നെ നിയമവിരുദ്ധമാവുകയും ചെയ്യും. മതംമാറിയവര്‍ ജില്ലാ മജിസ്‌ട്രേറ്റിന് ഒരു ഡിക്ലറേഷന്‍ അയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചും ജസ്റ്റിസ് ലോകൂര്‍ ആശങ്ക ഉന്നയിച്ചു. മതപരിവര്‍ത്തനത്തിനുശേഷം ഒരു നോട്ടീസിന്റെ ഉദ്ദേശ്യം എന്താണ്?. ഒരു കുറ്റകൃത്യം ചെയ്താല്‍ നോട്ടീസ് ഇറക്കാറില്ല. മതപരിവര്‍ത്തനം ഒരു കുറ്റകൃത്യമാണ്. ഇത് പൊതു ജനങ്ങള്‍ക്കായി സ്ഥാപിക്കണോയെന്നും അദ്ദേഹം ചോദിക്കുന്നു.
സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്തയും നിയമത്തെ 'തികച്ചും ഭരണഘടനാ വിരുദ്ധമാണ്' എന്ന് വിശേഷിപ്പിച്ചു. പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ കൊണ്ടുവരുന്നത് വിവാഹത്തിനുള്ള പരിവര്‍ത്തനത്തെ ക്രിമിനല്‍വല്‍ക്കരിക്കുകയാണ്. മതപരിവര്‍ത്തനം ഉള്‍പ്പെടുന്ന വിവാഹങ്ങളെ കുറ്റകൃത്യമാക്കുകയാണ് ഏക ഉദ്ദേശ്യം. നിയമത്തിലെ 'ആകര്‍ഷണ'ത്തിന്റെ നിര്‍വചനം അവ്യക്തമാണെന്ന് ജഡ്ജിമാര്‍ പറഞ്ഞത് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഏതൊരു മനുഷ്യന്റെയും വ്യക്തിപരമായ വിശ്വാസങ്ങളെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണുള്ളത്?. നമ്മുടെ ഭരണഘടന ഓരോ വ്യക്തിക്കും നീതി ഉറപ്പ് നല്‍കുന്നു. മാത്രമല്ല, സ്വന്തം വിശ്വാസത്തിനുള്ള അവകാശവും ഉറപ്പുനല്‍കുന്നു. ഈ വിശ്വാസം എന്നതില്‍ മതവിശ്വാസമാവാം. നിങ്ങള്‍ക്ക് നിരീശ്വരവാദിയാകാം. ആരെങ്കിലും ആവാം. എന്നാല്‍ ഇത് വിശ്വസിക്കാനുള്ള നിങ്ങളുടെ അവകാശമാണ്, ഞങ്ങളുടെ വിശ്വാസങ്ങളില്‍ മാറ്റം വരുത്താന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്ന് ഭരണഘടന ഉറപ്പുനല്‍കുന്നുതായും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ പുതിയ നിയമപ്രകാരം കേസുകള്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തതിനാല്‍ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികള്‍ ഉടന്‍ കേള്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചോദ്യത്തിന് നിയമം ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിയമം പ്രഖ്യാപിച്ചതുപോലെ തന്നെ, അത് നിയമപരമാണെന്ന് പറയപ്പെടുന്നുവെങ്കില്‍, ഞാന്‍ അറിഞ്ഞ കേസുകളെല്ലാം നിയമം പ്രാബല്യത്തില്‍ വരുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന വിവാഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുറാദാബാദില്‍ നിന്നുള്ള കേസ് അദ്ദേഹം ഉദ്ധരിച്ചു. ഒരു മുസ് ലിം പുരുഷനുമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ യുവതിയെ പോലിസ് സ്‌റ്റേഷനുള്ളില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. എന്നാല്‍ അവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചില്ല. ഹിന്ദുത്വവാദികള്‍ യുവതിയെ ഒരു അഭയകേന്ദ്രത്തിലേക്ക് അയയ്ക്കുകയും ഭര്‍ത്താവിനെയും സഹോദരനെയും ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു.
ഭരണഘടനാ സാധുതയുടെ പരിശോധനയില്‍ ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ലെന്നും ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്നും കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഓരോ പൗരനും ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യവും മതം, ജാതി, ലിംഗം എന്നിവയുടെ ലംഘനമാണിത്. വിവാഹം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനും പങ്കാളിയെ തിരഞ്ഞെടുക്കാനുമുള്ള ഒരു വ്യക്തിയുടെ അവകാശം അവന്റെ/അവളുടെ പരമമായ അവകാശമാണ്. വ്യക്തിയുടെ മാതാപിതാക്കള്‍ക്കോ സംസ്ഥാനങ്ങള്‍ക്കോ ഇതില്‍ ഇടപെടാന്‍ എന്തെങ്കിലും അവകാശമില്ല. കുടുംബം, വിവാഹം, പ്രത്യുല്‍പാദനം, ലൈംഗിക ആഭിമുഖ്യം എന്നിവയെല്ലാം വ്യക്തിയുടെ അന്തസ്സിന്റെ അവിഭാജ്യ ഘടകമായതിനാല്‍ പുട്ടസ്വാമി കേസില്‍ സുപ്രിം കോടതി വ്യാഖ്യാനിച്ച സ്വകാര്യതയ്ക്കുള്ള അവകാശം അവരവില്‍ നിക്ഷിപ്തമാണെന്നു അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു.
UP's Anti-Conversion Law "Unconstitutional", Say 4 Former Judges

