യുപിയില്‍ രണ്ടു ദലിതു സ്ത്രീകളെ കാറിടിപ്പിച്ചുകൊന്നു

മരിച്ചവരുടെ ബന്ധുവായ 22കാരി യുവതിയെ അക്രമി അപമാനിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോവാനായിരുന്നു യുവാവിന്റെ ശ്രമം. ഇതു യുവതി ചെറുത്തു. ഇതോടെ പ്രകോപിതനായ അക്രമി കാര്‍ യുവതികളുടെ ബന്ധുക്കളുടെ മേല്‍ അതിവേഗതയില്‍ ഓടിച്ചു കയറ്റുകയായിരുന്നു

Update: 2019-06-25 10:01 GMT

ബുലന്ദ്ശഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ രണ്ടു ദലിതു സ്ത്രീകളെ കാറിടിപ്പിച്ചു കൊന്നു. മരിച്ചവരുടെ കൂടെയുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കു ഗുരുതര പരിക്കേറ്റു. 30കാരനായ സവര്‍ണനായ യുവാവാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

മരിച്ചവരുടെ ബന്ധുവായ 22കാരി യുവതിയെ അക്രമി അപമാനിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോവാനായിരുന്നു യുവാവിന്റെ ശ്രമം. ഇതു യുവതി ചെറുത്തു. ഇതോടെ പ്രകോപിതനായ അക്രമി കാര്‍ യുവതികളുടെ ബന്ധുക്കളുടെ മേല്‍ അതിവേഗതയില്‍ ഓടിച്ചു കയറ്റുകയായിരുന്നു. രണ്ടു സ്ത്രീകള്‍ സ്ഥലത്തു തന്നെ മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു.

സംഭവത്തില്‍ വാഹനാപകടത്തിനു കേസെടുത്തതായി ബുലന്ദ്ശഹര്‍ സീനിയര്‍ പോലിസ് ഓഫിസര്‍ അതുല്‍ ശ്രീവാസ്തവ പറഞ്ഞു. എന്നാല്‍ അപമാനശ്രമം തടഞ്ഞതാണ് ആക്രമണത്തിനു കാരണമെന്നു മരിച്ചവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതു അന്വേഷണ പരിധിയില്‍ വരുമെന്നും ശ്രീവാസ്തവ പറഞ്ഞു. അതേസമയം സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‌തെന്നു സീനിയര്‍ പോലിസ് സൂപ്രണ്ട് എന്‍ കോലാഞ്ചി പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അമിത വേഗതയില്‍ സ്ത്രീകള്‍ക്കു നേരെ കാറോടിച്ചു കയറ്റുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും കോലാഞ്ചി വ്യക്തമാക്കി. 

Tags: