ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും സുരക്ഷയില്ലാത്ത സംസ്ഥാനങ്ങളില്‍ യുപി ഒന്നാംസ്ഥാനത്ത്

Update: 2019-07-19 10:03 GMT

ലഖ്‌നോ: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും സുരക്ഷയില്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഒന്നാംസ്ഥാനത്ത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട പട്ടികയിലാണ് യുപിയിലെ ദലിത്, ന്യൂനപക്ഷ വേട്ടയുടെ കണക്കുകളുള്ളത്. തമിഴ്‌നാട്ടില്‍നിന്നുള്ള മുസ്‌ലിം ലീഗ് എംപി കെ നവാസ്‌കനിയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രാലയമാണ് പാര്‍ലമെന്റില്‍ റിപോര്‍ട്ട് സമര്‍പിച്ചത്.

സംസ്ഥാനത്ത് ക്രമസമാധാനപാലനം ഭംഗിയായാണ് നടക്കുന്നതെന്ന ആദിത്യനാഥിന്റെയും യുപി പോലിസിന്റെയും വാദങ്ങള്‍ പൂര്‍ണമായും തള്ളുന്നതാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട പട്ടിക.


ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ രാജ്യത്ത് ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നു പട്ടിക വ്യക്തമാക്കുന്നു. 2016 മുതല്‍ 2019 ജൂണ്‍ 15 വരെയുള്ള കണക്കാണ് കമ്മീഷന്‍ പുറത്തുവിട്ടത്. ആള്‍ക്കൂട്ട ആക്രമണമടക്കം ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ മൂന്നു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ 43 ശതമാനവും (2008 കേസുകളില്‍ 869 എണ്ണം) ഉത്തര്‍പ്രദേശിലാണ്. ദലിതുകള്‍ക്കു നേരെ മാത്രം നടന്ന ആക്രമണങ്ങളില്‍ 41 ശതമാനം വര്‍ധനയാണ് സംസ്ഥാനത്തുണ്ടായത്. 2016-17 കാലത്ത് 221 കേസുകളുണ്ടായിരുന്നത് 2018-19 കാലത്ത് 311 എണ്ണമായാണ് വര്‍ധിച്ചത്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അടുത്ത കാലത്തായി കുറഞ്ഞു വരുന്നുവെന്നും കമ്മീഷന്‍ പട്ടികയില്‍ പറയുന്നു. 

Tags:    

Similar News