യുപി പോലിസിന്റെ പ്രതികാര നടപടി തുടരുന്നു; പ്രതിഷേധക്കാര്‍ക്ക് നിയമ സഹായവുമായി എത്തിയ മുസ്‌ലിം അഭിഭാഷകനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു

രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 24കാരനായ മുഹമ്മദ് ഫൈസലിനെയാണ് യുപി പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2019-12-26 06:21 GMT

ജയ്പൂര്‍: യുപിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കാനായി ഷംലിയിലേക്ക് പോയ മുസ്‌ലിം അഭിഭാഷകനെ യുപി പോലിസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 24കാരനായ മുഹമ്മദ് ഫൈസലിനെയാണ് യുപി പോലിസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന് പോപുലര്‍ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.

ഫൈസലിന് പോപുലര്‍ഫ്രണ്ടുമായി ബന്ധമുണ്ടെന്ന പോലിസ് വാദം അഭിഭാഷകന്റെ കുടുംബം നിഷേധിച്ചു. ഇദ്ദേഹത്തിനെതിരേ യുപി പോലിസ് കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലായവര്‍ക്ക് നിയമ സഹായം നല്‍കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഭിഭാഷകര്‍ യുപിയിലേക്ക് പ്രവഹിക്കുകയാണ്. നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍സിആര്‍ഒ) പ്രവര്‍ത്തകനാണ് ഫൈസല്‍. എന്‍സിഎച്ച്ആര്‍ഒയുടെ ആവശ്യ പ്രകാരം നിയമസഹായം നല്‍കാനാണ് ഇദ്ദേഹം യുപിയിലേക്ക് പോയത്. എന്നാല്‍, എന്നാല്‍ ഫൈസലിന്റെ സഹായം തേടിയ അറസ്റ്റിലായവരുടെ ബന്ധുക്കളോടൊപ്പം പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അന്‍സാര്‍ ഇന്‍ഡോരിയെ ഉദ്ധരിച്ച് ദി വയര്‍ റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫൈസല്‍ പ്രാക്ടീസ് നടത്തിവരുന്നുണ്ടെങ്കിലും ഇതുവരെ ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല. നിരപരാധികള്‍ക്കായി ശബ്ദമുയര്‍ത്താന്‍ കഴിയാത്തവിധം പോലിസ് ഇദ്ദേഹത്തിനെതിരേ

കേസെടുക്കുകയും കസ്റ്റഡിയില്‍ സൂക്ഷിക്കുകയുമാണ്. പോലിസ് അദ്ദേഹത്തെ പിഎഫ്‌ഐയുമായി ബന്ധിപ്പിക്കുന്നത് തികച്ചും അസംബന്ധമാണെന്ന് ഫൈസലിന്റെ പിതാവ് മുഹമ്മദ് ഹനീഫ് ദി വയറിനോട് പറഞ്ഞു.ഫൈസലിനെ മോചിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തങ്ങള്‍ ഡല്‍ഹിയിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് കൈരാന ബാര്‍ അസോസിയേഷനോട് അഭിഭാഷകര്‍ അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News