സിഎഎ വിരുദ്ധ പ്രസംഗം: ഡോ. കഫീല്‍ ഖാനെതിരേ എന്‍എസ്എ ചുമത്തി

Update: 2020-02-14 06:40 GMT

ലഖ്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രസംഗിച്ചതിനു ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെതിരേ ഉത്തര്‍പ്രദേശ് പോലിസ് ദേശ സുരക്ഷാ നിയമം(എന്‍എസ്എ) ചുമത്തി കേസെടുത്തു. കഴിഞ്ഞ വര്‍ഷം അവസാനം അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനാണു എന്‍എസ്എ ചുമത്തിയത്. നേരത്തേ, സമാനമായ കേസില്‍ പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് പോലിസ് കഫീല്‍ഖാനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ(മതസ്പര്‍ധ വളര്‍ത്തല്‍) കുറ്റം ചുമത്തി ജയിലിലടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ 10ന് അലിഗഢ് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നെങ്കിലും നാലുദിവസമായിട്ടും മോചിപ്പിച്ചിരുന്നില്ല. ഇതിനിടെയാണ് വീണ്ടും എന്‍എസ്എ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രകോപന പരമായ പ്രസംഗം നടത്തിയെന്നും ഹിന്ദു, സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ക്കെതിരേ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്നുമായിരുന്നു കഫീല്‍ഖാനെതിരേ എഫ്‌ഐആറില്‍ ആരോപിച്ചിരുന്നത്.

    2017ല്‍ ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 60 കുട്ടികള്‍ കൂട്ടത്തോടെ മരണപ്പെട്ട വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് സ്വന്തം നിലയ്ക്കു കഫീല്‍ഖാന്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചു രക്ഷാ പ്രവര്‍ത്തം നടത്തിയിരുന്നെങ്കിലും ഇദ്ദേഹത്തെ പല കാരണങ്ങള്‍ പറഞ്ഞ് യോഗി ആദിത്യനാഥ് ഭരണകൂടം വേട്ടയാടുകയായിരുന്നു. സംഭവത്തിനു പിന്നാലെ സസ്‌പെന്‍ഷനിലായ ഡോ. കഫീല്‍ ഖാന്‍ ഒമ്പതുമാസം ജയില്‍വാസവും അനുഭവിച്ചിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം കോടതി കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു.





Tags:    

Similar News