കേരളത്തിൽ നടന്ന കാംപസ് ഫ്രണ്ട് രാജ്ഭവൻ മാർച്ചിനെതിരേ കേസെടുത്ത് യുപി പോലിസ്

സംഭവം നടന്നത് കേരളത്തിലായതിനാൽ യുപി പോലിസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സാമുദായിക സ്പർധയ്ക്ക് ശ്രമിച്ചെന്ന പേരിൽ സൈബർ പോലിസ് കേസെടുത്തിരിക്കുന്നത്.

Update: 2021-10-30 07:21 GMT

തിരുവനന്തപുരം: കാംപസ് ഫ്രണ്ടിനെ വേട്ടയാടുന്ന യോ​ഗി ആദിത്യ സർക്കാർ നിലപാട് തുടരുന്നു. ഹാഥ്റസ് കള്ളക്കേസ് ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ കാംപസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫ് അടക്കമുള്ളവരുടെ മോചനം ആവശ്യപ്പെട്ട് തിരുവനന്തപുരം രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിനെതിരേയാണ് ഇപ്പോൾ യുപി പോലിസ് കേസെടുത്തിരിക്കുന്നത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ച സർ​ഗാത്മക പ്രതിഷേധത്തിനെതിരെയാണ് കേസ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലാവുകയും ലഖ്‌നോവിൽ നിന്നുള്ള രണ്ട് പേർ പോലിസിന് പരാതി നൽകുകയുമായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം. ലഖ്‌നോ സൈബർ പോലിസാണ് കേസെടുത്തത്.

സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കേസിൽ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 25 നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 505(2) വകുപ്പടക്കം ചുമത്തിയാണ് കേസ്.

കാംപസ് ഫ്രണ്ടിന്റെ മാർച്ചിനെതിരേ ആർഎസ്എസ് അനുകൂല മാധ്യമങ്ങൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. സംഭവം നടന്നത് കേരളത്തിലായതിനാൽ യുപി പോലിസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സാമുദായിക സ്പർധയ്ക്ക് ശ്രമിച്ചെന്ന പേരിൽ സൈബർ പോലിസ് കേസെടുത്തിരിക്കുന്നത്.