ക്ഷേത്രസുരക്ഷയുടെ പേരുപറഞ്ഞ് മുസ്‌ലിം കുടുംബങ്ങളെ യുപി സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നു; ബലമായി സമ്മതപത്രം ഒപ്പിട്ടുവാങ്ങി

'ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ സുരക്ഷ കണക്കിലെടുത്ത് പോലിസ് സേനയെ വിന്യസിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പാലിക്കുന്നതിന്, ഞങ്ങള്‍ ഞങ്ങളുടെ ഭൂമി നല്‍കുകയും ഈ രേഖയില്‍ ഒപ്പിടുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് എതിര്‍പ്പുകളൊന്നുമില്ല. ഞങ്ങളുടെ സമ്മതം അറിയിക്കുകയാണ്, അതിനായി ഞങ്ങള്‍ ഈ പ്രമാണത്തില്‍ ചുവടെ ഒപ്പിടുന്നു- എന്നാണ് ഹിന്ദിയിലെ കത്തില്‍ പറയുന്നത്.

Update: 2021-06-03 04:59 GMT

ലഖ്‌നോ: ക്ഷേത്രത്തിന്റെ സുരക്ഷയുടെ പേരുപറഞ്ഞ് മുസ്‌ലിം കുടുംബങ്ങളെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് മഠക്ഷേത്രത്തിന്റെ തെക്കുകിഴക്കുഭാഗത്ത് താമസിക്കുന്ന 11 ഓളം മുസ്‌ലിം കുടുംബങ്ങളോടാണ് വീടൊഴിഞ്ഞുപോവാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത്. തങ്ങളുടെ വീടുകള്‍ ഒഴിഞ്ഞുകൊടുക്കുന്നതായി വ്യക്തമാക്കിക്കൊണ്ടുള്ള സമ്മതപത്രം കുടുംബങ്ങളില്‍നിന്ന് ജില്ലാ ഭരണകൂടം ബലംപ്രയോഗിച്ച് ഒപ്പിട്ടുവാങ്ങി. ക്ഷേത്രത്തിന്റെ സുരക്ഷ കണക്കിലെടുത്ത് വസ്തുവകകള്‍ വൃത്തിയാക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നത്.

'ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ സുരക്ഷ കണക്കിലെടുത്ത് പോലിസ് സേനയെ വിന്യസിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പാലിക്കുന്നതിന്, ഞങ്ങള്‍ ഞങ്ങളുടെ ഭൂമി നല്‍കുകയും ഈ രേഖയില്‍ ഒപ്പിടുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് എതിര്‍പ്പുകളൊന്നുമില്ല. ഞങ്ങളുടെ സമ്മതം അറിയിക്കുകയാണ്, അതിനായി ഞങ്ങള്‍ ഈ പ്രമാണത്തില്‍ ചുവടെ ഒപ്പിടുന്നു- എന്നാണ് ഹിന്ദിയിലെ കത്തില്‍ പറയുന്നത്. വില്ലേജ് ഓള്‍ഡ് ഗോരഖ്പൂര്‍ തപ്പ, ടൗണ്‍ പരാഗ്‌ന ഹവേലി, തഹസില്‍ സര്‍ദാര്‍, ഗോരഖ്പൂര്‍ ജില്ല എന്നാണ് കത്തിന് താഴെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


 52 ഏക്കര്‍ വിസ്തൃതിയിലാണ് ഗോരഖ്‌നാഥ് മഠം സ്ഥിതിചെയ്യുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ക്ഷേത്രത്തിന്റെ തലവന്‍. ജില്ലാ ഭരണകൂടം മെയ് 28ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ 11 സ്ഥല ഉടമകളുടെ പേരും ഒപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണകൂടത്തിന്റെയും അവരുടെ ഭൂമി നല്‍കാന്‍ തയ്യാറുള്ള മറ്റ് ആളുകളുടെയും സമ്മര്‍ദത്തിലാണ് ഞങ്ങള്‍ കത്തില്‍ ഒപ്പിട്ടത്. സര്‍ക്കുലറില്‍ ഒപ്പിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായതാണ്- സമ്മതപത്രത്തില്‍ ഒപ്പിട്ട ജാവേദ് അക്തറിനെ ഉദ്ധരിച്ച് ദി കൊഗ്‌നേറ്റ് റിപോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ റെയില്‍വേയില്‍നിന്ന് വിരമിച്ച എന്‍ജിനീയറാണ് അക്തര്‍. അതേ വീട്ടില്‍തന്നെയാണ് ഇത്രയും കാലം ജീവിച്ചത്. ഈ സ്ഥലം പിതാവിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

പിതാവ് പോയതിനുശേഷം അക്തറിന് കൈമാറി. ഇപ്പോള്‍ അദ്ദേഹം കുടുംബത്തോടൊപ്പം വീട്ടില്‍ താമസിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ അവസാന രണ്ട് തലമുറകള്‍ ഈ സ്ഥലത്താണ് ജീവിതം ചെലവഴിച്ചത്. ഭരണകൂടം ക്ഷേത്രത്തിന്റെ സുരക്ഷയുടെ പേരുപറഞ്ഞ് ഞങ്ങളുടെ സ്വത്ത് അപഹരിക്കാനുള്ള കാരണമാക്കി മാറ്റി. നൂറിലധികം വര്‍ഷങ്ങളായി ഞങ്ങള്‍ ഇവിടെ താമസിക്കുന്നു. നമ്മുടെ നിലനില്‍പ്പും വീടും ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് എങ്ങനെ ഭീഷണിയാവും ? ക്രമസമാധാന പാലനത്തിനായി രണ്ട് പോലിസ് സ്റ്റേഷനുകളും ഈ പ്രദേശത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രത്തിന്റെ അതിര്‍ത്തിയില്‍നിന്ന് 30 മീറ്റര്‍ അകലെയാണ് മുസ്‌ലിം വീടുകള്‍ സ്ഥിതിചെയ്യുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളും ഈ പ്രദേശത്ത് സമാധാനപരമായാണ് ജീവിച്ചുപോരുന്നത്. അധികാരത്തിലൂടെ നിയമവിരുദ്ധമായി ഞങ്ങളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഭരണകൂടം ശ്രമിച്ചാല്‍ നിയമപരമായി നേരിടും. ഞങ്ങളുടെ പൂര്‍വികന്‍മാരുടെ പ്രദേശം ഉപേക്ഷിച്ച് പോവില്ലെന്നും അക്തര്‍ വ്യക്തമാക്കി. ഗോരഖ്‌നാഥിലെ മറ്റൊരു താമസക്കാരനായ മുഷീര്‍ അഹ്മദും ജില്ലാ ഭരണകൂടത്തിന്റെ കുടിയൊഴിപ്പിക്കല്‍ നടപടി സ്ഥിരീകരിച്ചു.

സ്ഥലം ഒഴിഞ്ഞുകൊടുക്കാന്‍ ഭരണകൂടം സമ്മര്‍ദം ചെലുത്തുന്ന ആദ്യസംഭവമല്ലിത്. കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് ഗോരഖ്‌നാഥ് ക്ഷേത്രത്തിന് സമീപമുള്ള നൂറിലധികം കടകള്‍ പൊളിക്കാന്‍ യോഗി ആദിത്യനാഥ് ഉത്തരവിട്ടത്. റോഡ് വീതികൂട്ടുന്നതിനായി നൂറിലധികം കടകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുകയും ചെയ്തു. 70 വര്‍ഷമായി കടകള്‍ തങ്ങളുടെ കൈവശമുള്ളതാണെന്ന് കടയുടമകള്‍ അവകാശപ്പെട്ടെങ്കിലും അനുകൂലമായ സമീപനം അധികാരികളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോള്‍ സമ്മതപത്രത്തില്‍ ഒപ്പിടുന്നതിലേക്ക് കാര്യങ്ങള്‍ മാറിയെന്ന് മാത്രം. മുസ്‌ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനായി ഇതുവരെ ആരെയും ഉപദ്രവിക്കുകയോ ബലപ്രയോഗം നടത്തുകയോ ചെയ്തതായി റിപോര്‍ട്ടുകളൊന്നുമുണ്ടായിട്ടില്ല.

Tags: