ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇര സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചു; രണ്ട് ബന്ധുക്കള്‍ മരിച്ചു; പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. ഇരുവരും തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. ഇതില്‍ തലയ്ക്ക് ക്ഷതമേറ്റ അഭിഭാഷകന്‍ മഹേന്ദ്രസിങ്ങിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

Update: 2019-07-28 15:45 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗര്‍ മുഖ്യപ്രതിയായ ഉന്നാവോ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ മരിച്ചു. അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. ഇരുവരും തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. ഇതില്‍ തലയ്ക്ക് ക്ഷതമേറ്റ അഭിഭാഷകന്‍ മഹേന്ദ്രസിങ്ങിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലി- ഫത്തേപൂര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം.


റായ്ബറേലി ജില്ലാ ജയിലിലുള്ള പെണ്‍കുട്ടിയുടെ അമ്മാവനെ സന്ദര്‍ശിച്ച് വരുന്നവഴി റായ്ബറേലിയില്‍വച്ച് കുടുംബം സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഒരു സ്ത്രീ സംഭവസ്ഥലത്തുതന്നെ മരിച്ചു. പെണ്‍കുട്ടിയുടെ അഭിഭാഷകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ബിജെപി എംഎല്‍എ ബലാല്‍സംഗക്കേസില്‍ കുടുങ്ങിയതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു.

അതേസമയം, അപകടത്തില്‍ യാതൊരു ഗൂഢാലോചനയും പ്രത്യക്ഷത്തില്‍ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ പോലിസ് മേധാവി സുനില്‍കുമാര്‍ സിങ് പ്രതികരിച്ചു. അപകടത്തിനിടയാക്കിയ ട്രക്കിന്റെ ഡ്രൈവര്‍ ആഷിഷ് പാല്‍, ട്രക്ക് ഉടമ ദേവേന്ദ്ര സിങ് എന്നിവരെ അറസ്റ്റുചെയ്തിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് റിപോര്‍ട്ടുകള്‍. 2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്.

എല്‍എല്‍എക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതിതേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ നടക്കുകയും കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. ഇതിനിടെ, പെണ്‍കുട്ടിയുടെ പിതാവ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Tags:    

Similar News