''പോലിസ് ആട്ടിയോടിച്ചു; ഹൈദരാബാദ് മോഡല്‍ ശിക്ഷ നടപ്പാക്കണം''; ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവ്

അവരെ തൂക്കിലേറ്റുകയോ വെടിവച്ചു കൊല്ലുകയോ ചെയ്യണം. അല്ലെങ്കില്‍ 10 വര്‍ഷം കഴിഞ്ഞാല്‍ പണത്തിന്റെ ബലത്തില്‍ അവര്‍ ജാമ്യത്തിലിറങ്ങും.

Update: 2019-12-07 14:32 GMT

ലക്‌നോ: കൂട്ടബലാല്‍സംഗത്തിനിരയായ മകള്‍ക്ക് നീതി ഉറപ്പാക്കാന്‍ പോലിസ് ഒന്നും ചെയ്തില്ലെന്നും പോലിസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ തങ്ങളെ ആട്ടിയോടിച്ചെന്നും ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയവര്‍ക്ക് ഹൈദരാബാദ് മാതൃകയില്‍ ശിക്ഷ നടപ്പാക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. അവരെ തൂക്കിലേറ്റുകയോ വെടിവച്ചു കൊല്ലുകയോ ചെയ്യണം. അല്ലെങ്കില്‍ 10 വര്‍ഷം കഴിഞ്ഞാല്‍ പണത്തിന്റെ ബലത്തില്‍ അവര്‍ ജാമ്യത്തിലിറങ്ങും. നീതി പെട്ടെന്നായിരുന്നു, ഇതാണ് ശരിയായ നീക്കം. എന്റെ മകളുടെ കാര്യത്തിലും വേഗത്തിലുള്ള നീതി ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യം ചെയ്യുകയും ജാമ്യം നേടുകയും വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന ശിവം ത്രിവേദി(ബലാല്‍സംഗക്കേസ് പ്രതി)യെ പോലുള്ള രാക്ഷസന്മാരില്‍ ഭയം സൃഷ്ടിക്കുമെന്ന ശക്തമായ സന്ദേശമാണ് ഇത് നല്‍കുകയെന്നും പിതാവ് പറഞ്ഞു. ''രാവിലെ 7 മണിക്ക്, എന്റെ മകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള അപ്‌ഡേഷന്‍ ലഭിക്കാന്‍ ഞാന്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. രണ്ട് മണിക്കൂറിന് ശേഷം, ഹൈദരാബാദിലെ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികള്‍ കൊല്ലപ്പെട്ട വാര്‍ത്ത അറിഞ്ഞു. ഏറ്റുമുട്ടല്‍ സ്ഥിരീകരിച്ചതോടെ ഞങ്ങള്‍ സന്തോഷിച്ചു. ഞങ്ങള്‍ ആഘോഷിച്ചു, കാരണം അവര്‍ ഓടിപ്പോയിരുന്നെങ്കില്‍, നമ്മുടെ സഹോദരിമാരും പെണ്‍മക്കളും എത്രമാത്രം സുരക്ഷിതരല്ലാതാവുമായിരുന്നു എന്ന് എനിക്ക് ഊഹിക്കാനാവും. തല്‍ക്ഷണം നീതി നടപ്പാക്കുമെന്ന് കുറ്റവാളികള്‍ക്ക് മനസ്സിലാക്കുന്നതില്‍ ഇത് ഒരു നല്ല മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    തന്നെ ആക്രമിച്ച അഞ്ചുപേരുടെയും പേരുകള്‍ പെണ്‍കുട്ടി പോലിസിനോട് വ്യക്തമാക്കിയതായാണു റിപോര്‍ട്ടുകള്‍. ''പുലര്‍ച്ചെ നാലോടെയാണ് വീടിനടുത്തുള്ള റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് റായ്ബറേലിക്കുള്ള ട്രെയിനില്‍ കയറാനായി പോവുകയായിരുന്നു ഞാന്‍. ഈസമയം അഞ്ചുപേര്‍ അവിടെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ആദ്യം അവരെന്നെ വളഞ്ഞു. കാലില്‍ മര്‍ദ്ദിച്ചു. കഴുത്തില്‍ കത്തികൊണ്ട് കുത്തി. അതിനുശേഷം ദേഹത്ത് പെട്രോളൊഴിച്ചു. എന്റെ ദേഹത്ത് തീ കൊളുത്തിയെന്നുമാണ് ഇന്നലെ രാത്രി ഡല്‍ഹിയിലെ സഫ്ദര്‍ ജങ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടി ആശുപത്രിക്കിടക്കയില്‍ വച്ച് നല്‍കിയ മൊഴി. 23കാരിയുടെ മൃതദേഹം നാളെ രാവിലെ 10ഓടെ വീട്ടിലെത്തിച്ച ശേഷം സംസ്‌കരിക്കും. വ്യാഴാഴ്ച രാവിലെയാണ് ബലാല്‍സംഗക്കേസ് വിചാരണ നടക്കുകയായിരുന്ന കോടതിയിലേക്ക് പോവുന്നതിനിടെ പെണ്‍കുട്ടിക്കെതിരേ ആക്രമണമുണ്ടായത്. യുവതിയുടെ ഗ്രാമത്തിന് പുറത്ത് വച്ച് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തിയതോടെ അലറിക്കരഞ്ഞ യുവതി ഒരു കിലോമീറ്ററോളും ഓടിയതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. ആശുപത്രിയിലേക്ക് പോവുമ്പോള്‍ ഇവര്‍ക്ക് സ്വബോധമുണ്ടായിരുന്നുവെന്നും തന്നെ ആക്രമിച്ച അഞ്ച് പേരെക്കുറിച്ചും യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയതായുമാണ് റിപോര്‍ട്ട്. സംഭവത്തില്‍ നേരത്തേ, യുവതിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ശിവം ത്രിവേദി, ശുഭം ത്രിവേദി ഉള്‍പ്പെടെയുള്ള അഞ്ചുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാല്‍സംഗക്കേസില്‍ ഏതാനും ദിവസം മുമ്പാണ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയത്.




Tags:    

Similar News