ഉന്നാവോ ബലാല്‍സംഗക്കേസ്: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗലിന്റെ ആയുധലൈസന്‍സ് റദ്ദാക്കി
ഒറ്റബാരല്‍ തോക്ക്, റൈഫിള്‍, റിവോള്‍വര്‍ എന്നിവ കൈവശംവയ്ക്കുന്നതിന് കുല്‍ദീപിനുണ്ടായിരുന്ന ലൈസന്‍സാണ് റദ്ദാക്കിയത്. ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വെള്ളിയാഴ്ച ഉന്നാവോ ജില്ലാ മജിസ്‌ട്രേറ്റാണ് കുല്‍ദീപിന്റെ ആയുധലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവിട്ടത്.
ലഖ്‌നോ: ഉന്നാവോ ബലാല്‍സംഗക്കേസിലെ മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗലിന്റെ ആയുധലൈസന്‍സ് റദ്ദാക്കി. ഒറ്റബാരല്‍ തോക്ക്, റൈഫിള്‍, റിവോള്‍വര്‍ എന്നിവ കൈവശംവയ്ക്കുന്നതിന് കുല്‍ദീപിനുണ്ടായിരുന്ന ലൈസന്‍സാണ് റദ്ദാക്കിയത്. ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വെള്ളിയാഴ്ച ഉന്നാവോ ജില്ലാ മജിസ്‌ട്രേറ്റാണ് കുല്‍ദീപിന്റെ ആയുധലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവിട്ടത്. എംഎല്‍എയുടെ ആയുധലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച റായ്ബറേലിയില്‍ ട്രക്ക് കാറിലിടിച്ച് ഉന്നാവോ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികില്‍സയിലാണ്. വാഹനാപകടത്തില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തില്‍ കുല്‍ദീപിനെതിരേ കൊലക്കുറ്റം ചുമത്തി പോലിസ് കേസെടുക്കുകയും അന്വേഷണം സിബിഐയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. കേസില്‍ ഇടപെട്ട സുപ്രിംകോടതി പെണ്‍കുട്ടിക്കും കുടുംബത്തിനും കര്‍ശനസുരക്ഷയൊരുക്കാനും അന്വേഷണം വേഗത്തിലാക്കാനും സിബിഐക്ക് നിര്‍ദേശവും നല്‍കി. എംഎല്‍എയുടെയും കൂട്ടാളികളുടെയും ഭാഗത്തുനിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയും കുടുംബവും ചീഫ് ജസ്റ്റിസിന് കത്തയച്ച സാഹചര്യത്തിലായിരുന്നു സുപ്രിംകോടതിയുടെ ഇടപെടല്‍.
