അണ്‍ലോക്ക് 5: നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടി

വ്യക്തികളുടെയും ചരക്കുകളുടെയും അന്തര്‍-സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവുമില്ല. ഇതിന് പ്രത്യേക പാസും ആവശ്യമില്ല.

Update: 2020-10-27 12:52 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അണ്‍ലോക്ക് 5 മാനദണ്ഡങ്ങള്‍ നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.സെപ്തംബര്‍ 30 ന് പുറപ്പെടുവിച്ച അണ്‍ലോക്ക് മാനദണ്ഡങ്ങളാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്. നിലവിലെ ഉത്തരവ് അനുസരിച്ച് നവംബര്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കും. ഇത്തരം മേഖലകളില്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ തീരുമാനമെടുക്കും. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് സംസ്ഥാനങ്ങള്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.

മെട്രോ റെയില്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ആരാധനാലയങ്ങള്‍, യോഗ, പരിശീലന സ്ഥാപനങ്ങള്‍, ജിം, സിനിമാ തിയേറ്ററുകള്‍, പാര്‍ക്ക് എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സമൂഹിക അകലവും കര്‍ശ സുരക്ഷയും പാലിക്കണമെന്ന് കേന്ദ്ര ആഭ്യമന്തരമന്ത്രാലയം വ്യക്തമാക്കി. സ്‌കൂളുകള്‍ തുറക്കുന്നത് ഉള്‍പ്പെടെ ഹൈ റിസ്‌ക് വിഭാഗങ്ങളില്‍പ്പെട്ട വിഷയങ്ങളില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നേരത്തെ അനുമതി നല്‍കിയിരുന്നു.

സെപ്തംബറില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, അന്താരാഷ്ട്ര വിമാനയാത്ര, കായികതാരങ്ങളുടെ പരിശീലനത്തിന് ഉപയോഗിക്കുന്ന നീന്തല്‍ക്കുളങ്ങള്‍, ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള എക്‌സിബിഷന്‍ ഹാളുകള്‍ എന്നിവ തുറക്കാന്‍ അനുമതിയുണ്ട്. 50 ശതമാനം ഇരിപ്പിട ശേഷിയില്‍ സിനിമാ / തിയറ്ററുകള്‍ / മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവയ്ക്കും അനുമതിയുണ്ട്. വ്യക്തികളുടെയും ചരക്കുകളുടെയും അന്തര്‍-സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവുമില്ല. ഇതിന് പ്രത്യേക പാസും ആവശ്യമില്ല. എന്നാല്‍, 65 വയസ്സിന് മുകളിലുള്ളവര്‍, രോഗികള്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും ഉത്തരവില്‍ പറയുന്നു.

Tags:    

Similar News