യുപിയില്‍ കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ഗ്രാമീണര്‍ നദിയിലൊഴുക്കുന്നു

ഒരു ഡസനോളം മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി

Update: 2021-05-08 05:21 GMT

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഗ്രാമീണ മേഖലകളില്‍ കൊവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങള്‍ ചിതയൊരുക്കാതെ നദിയിലൊഴുക്കുന്നു. കാണ്‍പൂര്‍, ഹാമിര്‍പൂര്‍ ജില്ലകളില്‍ നിന്ന് യമുനാ നദിയില്‍ ഒരു ഡസനോളം മൃതദേഹങ്ങള്‍ ഒറ്റദിവസം തന്നെ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഈ മൃതദേഹങ്ങളെല്ലാം രണ്ട് ജില്ലകളിലെ ഗ്രാമങ്ങളില്‍ അടുത്തിടെ മരണമടഞ്ഞ കൊവിഡ് ബാധിതരുടേതാണെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണസംഖ്യ ദിനംപ്രതി വര്‍ധിച്ചതോടെ എല്ലാവര്‍ക്കുമായി അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഗ്രാമീണര്‍ക്ക് വഴിയില്ലാത്തതിനാണ്

    പുഴയിലൊഴുക്കുന്നത്. മൃതദേഹങ്ങളില്‍ ഒന്ന് പകുതി പൊള്ളലേറ്റതായി കണ്ടെത്തി. മറ്റുള്ളവ പൊതിഞ്ഞ് സംസ്‌കരിക്കുന്നതിന് പകരം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കാണ്‍പൂര്‍, ഹാമിര്‍പൂര്‍ ജില്ലകളിലെ യമുനാ തീരവാസികള്‍ നദിയെ ശുഭസൂചകമായാണ് കണക്കാക്കുന്നത്. പരമ്പരാഗതമായി മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ നദിയില്‍ നടത്താറുണ്ട്.

    എ്‌നാല്‍, ഒന്നോ രണ്ടോ മൃതദേഹങ്ങളാണ് പ്രദേശത്ത് സാധാരണയായി ഉണ്ടാവാറുള്ളത്. ഇപ്പോള്‍ കണ്ടെത്തിയതില്‍ ചില മൃതദേഹങ്ങള്‍ പാതി കത്തിയ നിലയിലാണെന്നത് പൂര്‍ണമായ തോതില്‍ ചിതയൊരുക്കാനാവാത്തതിനാലാണെന്നാണ് നിഗമനം. കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ ഇത്രയധികം മൃതദേഹങ്ങള്‍ കണ്ടെത്തിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിന്റെ ഗ്രാമീണമേഖലകളില്‍ നിരവധി പേര്‍ മരണപ്പെടുന്നുവെന്നതിന്റെ സൂചനയാണിതെന്ന് ക്ലാരിയോണ്‍.നെറ്റ് റിപോര്‍ട്ട് ചെയ്തു. യമുനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഹമീര്‍പൂരിലെ അഡീഷനല്‍ പോലിസ് സൂപ്രണ്ട് അനുപ് കുമാര്‍ സിങ് സ്ഥിരീകരിച്ചു. കാണ്‍പൂര്‍ ഭാഗത്ത് നിന്ന് യമുനയില്‍ പൊങ്ങിക്കിടന്ന രണ്ട് മൃതദേഹങ്ങള്‍ ട്രാക്ടറില്‍ കണ്ടെടുത്തതായി സംഭവസ്ഥലത്തെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Unable to Perform Last Rites, Villagers in UP Consigning Their Dead to Yamuna